
തിരുവനന്തപുരം : കോർപ്പറേഷനിലെ നൂറു വാർഡുകളിലെ ഫലം പുറത്തുവന്നപ്പോൾ അപ്രതീക്ഷിത വിജയം നേടി മുന്നണികളെ അമ്പരപ്പിച്ചത് മൂന്നുപേരാണ്. രാഷ്ട്രീയ കക്ഷികൾക്ക് ബദലായി തീരദേശ വാർഡുകളിൽ ജനം വിധിയെഴുതിയപ്പോൾ വിജയക്കൊടി പാറിച്ച മൂന്നു പേരും മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുള്ളവരാണ്. കോട്ടപ്പുറം, ഹാർബർ, പൂന്തുറ വാർഡുകളിലാണ് സ്വതന്ത്രൻമാർ അട്ടിമറിവിജയം നേടിയത്. മൂന്നു പേരും 40 വയസുകാരാണ്. 932 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോട്ടപ്പുറത്ത് ജെ.പനിയടിമ എൽ.ഡി.എഫിന്റെ വാർഡ് പിടിച്ചെടുത്തത്. ആട്ടോറിക്ഷയായിരുന്നു ചിഹ്നം. ഏഴ് വർഷം മുമ്പ് യുവജനതാദളിൽ പ്രവർത്തിച്ചത് ഒഴിച്ചാൽ മറ്റ് രാഷ്ട്രീയ പ്രവർത്തനമില്ല. സാമൂഹ്യപ്രവർത്തനങ്ങളിലൂടെ പ്രദേശത്ത് നിറഞ്ഞുനിന്ന 40കാരനായ പനിയടിമ ജനങ്ങളുടെ നിർബന്ധത്തിന് വഴങ്ങിയാണ് മത്സരരംഗത്ത് ഒരുകൈ പരീക്ഷക്കാനെത്തിയത്. പ്രായമായവരുടെയും കുട്ടികളുടെയും ഉൾപ്പെടെ ഏതാവശ്യത്തിനും സഹായവുമായി പനിയടിമ രംഗത്തുണ്ട്. ഷൈനിയാണ് ഭാര്യ.അഭിനയ എസ്.പി,അഭിജിത്ത്.പി എന്നിവർ മക്കളുമാണ്.
ദീർഘകാലം കോൺഗ്രസ് പ്രവർത്തകനായിരുന്നു നിസാമുദ്ദീൻ. എം പാർട്ടി സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഹാർബർ വാർഡിൽ സ്ഥാനാർത്ഥിയായത്. പ്രാദേശികമായി പിന്തുണയുണ്ടെന്നും വിജയം ഉറപ്പാണെന്നും നേതൃത്വത്തെ അറിയച്ചെങ്കിലും സീറ്റ് ലഭിച്ചില്ല. ഫലം വന്നപ്പോൾ 1028 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഓട്ടോ ചിഹ്നത്തിൽ മത്സരിച്ച നിസാമുദീൻ യു.ഡി.എഫ് സീറ്റ് പിടിച്ചെടുത്ത് കരുത്ത് തെളിയിച്ചു. മത്സ്യബന്ധനം നടത്തി മുന്നോട്ടുപോകുന്ന 40കാരനായ നിസാമാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഏതാവശ്യത്തിനും ഓഫീസുകളിലെത്തി ആവശ്യങ്ങൾ നിറവേറ്റുന്നത്. ഭാര്യ ഹനീസ ബീവി. മക്കൾ ഫാത്തിമുത്ത് സുഹറ, മുഹമ്മദ് അബൂബക്കർ.
പൂന്തുറ വാർഡിൽ ജനാധിപത്യ കേരള കോൺഗ്രസ് പ്രവർത്തകയായിരുന്ന മേരി ജിപ്‌സി മത്സരംഗത്ത് ഇറങ്ങിയതും സീറ്റ് ലഭിക്കാത്തിനെ തുടർന്നാണ്.പൂന്തുറ സീറ്റ് ആവശ്യപ്പെട്ടെങ്കിലും ജനാധിപത്യ കേരള കോൺഗ്രസിന് ഇടതുമുന്നണി നൽകിയില്ല.ഇതോടെ നാട്ടുകാരുടെ പിന്തുണയോടെ 40 കാരിയായ മേരിജിപ്‌സി അങ്കം കുറിച്ചു. ജനവികാരം വോട്ടായി മാറിയപ്പോൾ മേരി അദ്ഭുതം കാട്ടി. മത്സ്യത്തൊഴിലാളി കുടുംബത്തിൽ വളർന്ന് പഠനം നേടിയ മേരി 20 വർഷമായി നഴ്സറി സ്കൂൾ അദ്ധ്യാപികയാണ്. കുട ചിഹ്നത്തിൽ 74 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. രണ്ട് മക്കൾ.