sivagiri

ശിവഗിരി: ഗുരുദേവ കല്പനകൾക്ക് കാലാതീതമായ പ്രസക്തി നിലനിൽകുന്ന ഈ കാലഘട്ടത്തിൽ ഓൺലൈൻ വെർച്വൽ തീർത്ഥാടനത്തിന് ശിവഗിരിമഠം തയ്യാറെടുക്കുകയാണ്. ഭക്തർക്ക് നിയന്ത്റണമുളള സാഹചര്യത്തിൽ തീർത്ഥാടനത്തിനായി ഗുരുദേവൻ നിർദ്ദേശിച്ച അഷ്ടലക്ഷ്യങ്ങൾ മുൻനിർത്തിയുളള വിഷയങ്ങൾ ആഗോളതലത്തിൽ സംവദിക്കാൻ ശിവഗിരി മഠത്തിന്റെ ഓൺലൈൻ മാദ്ധ്യമമായ ശിവഗിരി ടി.വി ഒരുങ്ങിക്കഴിഞ്ഞു. പതിവിൽ നിന്ന് വ്യത്യസ്തമായി എട്ട് ദിവസം നീളുന്ന പ്രഭാഷണ പരമ്പരകളാണ് വെർച്വൽ തീർത്ഥാടനത്തിന്റെ മുഖ്യ ആകർഷണം. പൂജാദി കാര്യങ്ങളും തത്സമയം സംപ്രേഷണം ചെയ്യും. രാജ്യാന്തരതലത്തിൽ പ്രശസ്തരായ പ്രഗത്ഭരാണ് പ്രഭാഷകരാകുന്നത്. അഷ്ടലക്ഷ്യങ്ങളിൽ ഓരോ വിഷയത്തിലും മികവ് തെളിയിച്ച ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള പ്രഗത്ഭർ മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ്, മറാഠി, ഗുജറാത്തി ഭാഷകളിലും പ്രഭാഷണങ്ങൾ അവതരിപ്പിക്കും. ഡിസംബർ 25 വെളളിയാഴ്ച ആരംഭിച്ച് ജനുവരി ഒന്ന് വെളളിയാഴ്ച അവസാനിക്കുന്ന രീതിയിലാണ് 88-ാമത് തീർത്ഥാടനം സംഘടിപ്പിക്കുന്നതെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമിസാന്ദ്രാനന്ദ അറിയിച്ചു.