
തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെ തിരുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കയച്ച കത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. എല്ലാ അധികാപരിധിയും സുപ്രീംകോടതി വിധികൾ പോലും ലംഘിച്ചാണ് ലൈഫ് മിഷന്റെ രേഖകൾ ഇ.ഡി ആവശ്യപ്പെട്ടതെന്നും ഒക്ടോബർ 30ന് നൽകിയ സമൻസിൽ പിറ്റേന്ന് രാവിലെ 10 മണിക്ക് മുഴുവൻ രേഖകളും ഹാജരാക്കാൻ പറഞ്ഞെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള സർക്കാരിന്റെ പ്രധാന പദ്ധതികളായ കെ-ഫോൺ, ഇലക്ട്രിക് വെഹിക്കിൾ എന്നിവയുടെയും മുഴുവൻ രേഖകളും ഇ.ഡി ആവശ്യപ്പട്ടു.
സ്വർണ്ണക്കടത്തിലെ എൻ.ഐ.എ കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. പിന്നീട് വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ കരാറുകാരൻ പ്രതികൾക്ക് കമ്മിഷൻ കൊടുത്തെന്ന ആരോപണത്തിലേക്ക് അന്വേഷണം വഴിതിരിഞ്ഞു. 140 വീടുകളും ഒരു വനിതാശിശു ആശുപത്രിയും യു.എ.ഇ റെഡ്ക്രസന്റ് സ്വന്തം ഫണ്ടുപയോഗിച്ച് അവർ നിശ്ചയിക്കുന്ന കരാറുകാരൻ മുഖേന നടപ്പാക്കുന്നതാണ് വടക്കാഞ്ചേരിയിലേത്. ലൈഫ് മിഷനിലൂടെ പാവപ്പെട്ട 2.5 ലക്ഷം പേർക്ക് ഇതിനകം വീട് നൽകിയിട്ടുണ്ട്. പ്രാദേശിക സ്ഥാപനങ്ങളുടെ പങ്കാളിത്തമുള്ള പദ്ധതിയിൽ ഒരു വീടിന് നാലു ലക്ഷം രൂപയാണ് നൽകുന്നത്. ഗുണഭോക്താവിൽ നിന്ന് ഒരു വിഹിതവും ഈടാക്കുന്നില്ല.
പദ്ധതിക്കെതിരെ ഒരു കോൺഗ്രസ് എം.എൽ.എ സെപ്റ്റംബർ 20ന് നൽകിയ പരാതി പ്രകാരം സി.ബി.ഐ സെപ്റ്റംബർ 24ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നടപടിക്രമങ്ങൾ പാലിക്കാതെയും പ്രാഥമിക പരിശോധന നടത്താതെയും ധൃതിപിടിച്ചായിരുന്നു ഇത്. ലൈഫ് മിഷനിലെ അറിയപ്പെടാത്ത ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുത്തെങ്കിലും അന്വേഷണത്തിന് സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയില്ല.
വീടുകൾ പണിയുന്നതിന്റെ നിബന്ധനകൾ അറിയിക്കുക മാത്രമാണ് ലൈഫ് മിഷൻ ചെയ്തത്. അതല്ലാതെ പദ്ധതിയിൽ ലൈഫ് മിഷന് നേരിട്ട് പങ്കില്ല.ലൈഫ് മിഷൻ സി.ഇ.ഒ ഫയൽ ചെയ്ത കേസിൽ എഫ്.ഐ.ആറിൽ ലൈഫ് മിഷനെ ചേർത്തതിന് വിദേശ കറൻസി നിയന്ത്രണ നിയമ പ്രകാരമോ കോടതിക്ക് മുമ്പിൽ വന്ന വസ്തുതകൾ പ്രകാരമോ ന്യായീകരണമില്ലെന്ന് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സി.ബി.ഐ അന്വേഷണം രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു.
കേരളത്തിന്റെ വികസന പദ്ധതികൾക്ക് പിന്തുണ നൽകുന്ന കിഫ്ബിയെക്കുറിച്ചം കാടടച്ചുള്ള അന്വേഷണത്തിന് ഇ.ഡി മുതിർന്നു. മസാല ബോണ്ടിന് അനുമതി നൽകിയതിന്റെ വിശദാംശം തേടി റിസർവ് ബാങ്കിന് കത്തെഴുതി.ഒരു പ്രതിയുടെ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം സ്വർണക്കടത്തിൽ നിന്ന് ലഭിച്ചതാണെന്നായിരുന്നു ആദ്യം ഇ.ഡി കോടതിയിൽ പറഞ്ഞത്. പിന്നീട് അതിൽ നിന്ന് മാറി കരാറുകാരനിൽ നിന്ന് കിട്ടിയ കമ്മിഷനാണെന്ന് റിപ്പോർട്ട് നൽകിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.