video-recording

തിരുവനന്തപുരം: ജയിലിൽ വച്ച് പ്രതികളെ ചോദ്യം ചെയ്യുന്നത് വീഡിയോയിൽ പകർത്തണമെന്ന് ജയിൽ ഡിജിപിയുടെ ഉത്തരവ്. ഇങ്ങനെ പകർത്തുന്ന വീഡിയോ 18 മാസം സൂക്ഷിക്കണം. പൊലീസിനും കേന്ദ്റ ഏജൻസികൾക്കും ഉത്തരവ് ബാധകമാണ്. വീഡിയോ പകർത്താൻ സൗകര്യമില്ലാതെ വരുന്ന എജൻസികളെ ചോദ്യം ചെയ്യാൻ അനുവദിക്കില്ല. ഇക്കാര്യം ജയിൽ സൂപ്രണ്ടുമാർ ഉറപ്പു വരുത്തണമെന്ന് ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.

അതിനിടെ, കേന്ദ്ര ഏജൻസികളെ വിമർശിച്ചുള്ള ശബ്ദരേഖ ചോർന്ന സംഭവത്തിൽ പൊലീസിനെ വെട്ടിലാക്കി സ്വപ്ന ക്രൈംബ്രാഞ്ചിനും എൻഫോഴ്സ്മെന്റിനും മൊഴിനൽകി. ഇഡിയുടെ കസ്റ്റഡിയിലിരിക്കെ, അകമ്പടിയിലുണ്ടായിരുന്ന വനിതാ പൊലീസുദ്യോഗസ്ഥ പറഞ്ഞതനുസരിച്ച് ഒരു പൊലീസുദ്യോഗസ്ഥനുമായി സംസാരിച്ച ശബ്ദരേഖയാണ് പുറത്ത് വന്നതെന്നാണ് സ്വപ്നയുടെ മൊഴി.

ആഭ്യന്തരവകുപ്പിനെ വെട്ടിലാക്കുന്നതാണ് ശബ്ദരേഖ ചോർച്ചയിൽ സ്വപ്നയുടെ മൊഴി. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പു സാക്ഷിയാക്കാനായി കേന്ദ്ര ഏജൻസികൾ നിർബന്ധിക്കുന്നുവെന്നായിരുന്നു സ്വപ്നയുടെ ശബ്ദരേഖ. കൊച്ചി സെൻട്റൽ

സ്​റ്റേഷനിലെ അഞ്ചു വനിതാ പൊലീസുദ്യോഗസ്ഥരാണ് സ്വപ്നക്ക് അകമ്പടി പോയത്. ഇവരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. കോടതിയുടെ അനുമതിയോടെ ജയിലെത്തി മൊഴിയെടുത്ത ഇ.ഡിയോടും സമാനമായ മൊഴിയാണ് സ്വപ്ന നൽകിയത്.സ്വപ്നയ്ക്ക് അകമ്പടിപോയ പൊലീസുകാരുടെയും, വിളിച്ചതായി സംശയിക്കുന്ന സ്‌പെഷ്യൽ ബ്റാഞ്ച് ഉദ്യോഗസ്ഥന്റെയും ഫോൺ രേഖകൾ പരിശോധിക്കുന്നുണ്ട്.