
തിരുവനന്തപുരം: കൊവിഡ് കാരണം മാസങ്ങളായി വീട്ടിലിരിക്കുന്ന അദ്ധ്യാപകർ വീണ്ടും സ്കൂളുകളിലെത്തുന്നു. 50 ശതമാനം അദ്ധ്യാപകർ എത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പിൻെറ ഉത്തരവ്. ഇത് ഇന്നലെ പ്രാബല്യത്തിലായെങ്കിലും സ്‌കൂളുകളിൽ അദ്ധ്യാപകർ നന്നേ കുറവായിരുന്നു.
ഉത്തരവിൻെറ പകർപ്പ് പല സ്കൂളുകളിലും എത്തിയിട്ടില്ലെന്നാണ് അറിയുന്നത്. തിരഞ്ഞെടുപ്പും വോട്ടെണ്ണലുമായതിനാൽ അതിൻെറ ജോലിയിലായ അദ്ധ്യാപകരുമുണ്ട്.
എസ്.എസ്.എൽ.സി, പ്ളടു പരീക്ഷകൾ മാർച്ചിൽ തുടങ്ങുകയും ജനുവരി ഒന്നു മുതൽ പ്രാക്ടിക്കൽ ക്ളാസുകൾ ആരംഭിക്കുകയും ചെയ്യുന്നതിനാൽ ഇനി സ്കൂളുകളിൽ പകുതി അദ്ധ്യാപകർ ദിവസവും ഉണ്ടാകും. ഒന്നിടവിട്ടാണ് അദ്ധ്യാപകർ എത്തുക. ഓൺലൈൻ ക്ലാസുകളുടെ സംശയങ്ങൾ കുട്ടികൾക്ക് അദ്ധ്യാപകരോട് ചോദിച്ച് മനസിലാക്കാം.
എയ്ഡഡ് സ്കൂളുകളിലടക്കം ഇന്നലെ വിരലിൽ എണ്ണാവുന്ന അദ്ധ്യാപകരെ എത്തിയുള്ളൂ. അദ്ധ്യാപകർ എത്താത്ത സ്‌കൂളുകളുമുണ്ടായിരുന്നു.
ഹയർ സെക്കൻഡറിയിൽ വ്യത്യസ്ത കോംബിനേഷനുകളിലായി 50ൽപ്പരം വിഷയങ്ങളാണ് ഓൺലൈനിൽ പഠിപ്പിക്കുന്നത്. എന്നാൽ പല പാഠങ്ങളും തീർക്കാനാകുന്നില്ല എന്നാണ് അദ്ധ്യാപകർ പറയുന്നത്. സയൻസ് പ്രാക്ടിക്കലിനെപ്പറ്റി കുട്ടികൾക്ക് ഒരു ധാരണയും ഇല്ലെന്നും ആക്ഷേപമുണ്ട്. ചില വിഷയങ്ങളിൽ ഓൺലൈൻ ക്ളാസുകൾ തുടങ്ങിയിട്ടില്ലെന്നും അദ്ധ്യാപകരും കുട്ടികളും ചൂണ്ടിക്കാട്ടുന്നു. ഹയർ സെക്കൻഡറിയും എസ്.സി.ഇ.ആർ.ടിയും തമ്മിൽ ഏകോപനമില്ലാത്തതാണ് കാരണമെന്ന് എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി എസ്. മനോജ് പറയുന്നു.