cpm

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ ഇടത് മുന്നേറ്റത്തിന് പിന്നാലെ സി.പി.എമ്മും സി.പി.ഐയും ഇടതുമുന്നണിയും ഇന്ന് നേതൃയോഗങ്ങൾ ചേരും. തിരഞ്ഞെടുപ്പ് അവലോകനമാണ് മൂന്ന് യോഗങ്ങളുടെയും മുഖ്യ അജൻഡ. തുടർഭരണ സാദ്ധ്യത സജീവമാക്കുന്ന വിധിയെഴുത്താണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന വിലയിരുത്തലിലാണ് മുന്നണി നേതൃത്വം. സർക്കാരിന്റെ ജനകീയ ഇടപെടലുകൾ ശക്തമാക്കാനുള്ള നടപടികൾ ചർച്ച ചെയ്യും. സംഘടനാ സംവിധാനം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഊർജ്ജസ്വലമാക്കും.

സർക്കാരിന്റെ ജനക്ഷേമ പരിപാടികൾക്ക് പരമാവധി പ്രചാരം നൽകുന്നതിനും പരമാവധി ജനങ്ങൾക്ക് പ്രയോജനമെത്തിയെന്ന് ഉറപ്പുവരുത്താനുമുള്ള ഇടപെടലാണ് സി.പി.എം നേരിട്ട് നടത്തുക.

ജില്ലാ,ബ്ലോക്ക് പഞ്ചായത്തുകളിൽ മുന്നേറ്റം ഉണ്ടായെങ്കിലും ഗ്രാമപഞ്ചായത്തുകളിൽ നേരിയ തോതിലെങ്കിലും സീറ്റുകൾ കുറയാനിടയായത് പാർട്ടിയും മുന്നണിയും ഗൗരവമായി പരിശോധിക്കും.

മുനിസിപ്പാലിറ്റികളിൽ പാലക്കാടിന് പുറമേ പന്തളം ബി.ജെ.പി പിടിച്ചെടുത്തതും വർക്കല, ചെങ്ങന്നൂർ, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റികളിൽ ബി.ജെ.പി കൂടുതൽ സീറ്റുകൾ നേടിയതും ആശങ്കയോടെയാണ് പാർട്ടി കാണുന്നത്. ഇക്കാര്യത്തിലും ഗൗരവമായ ചർച്ചകൾ നടത്തും.

കാൽനൂറ്റാണ്ടിന് ശേഷം പിടിച്ചെടുത്ത കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം കേരള കോൺഗ്രസ്- ജോസ് കെ.മാണിയുടെ മുന്നണിപ്രവേശത്തിന്റെ ഫലമാണെന്ന് സി.പി.എം വിലയിരുത്തുന്നു. മലബാർ മേഖലയിൽ എൽ.ജെ.ഡിയുടെ തിരിച്ചുവരവും സഹായകമായിട്ടുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്തിൽ ആദ്യ ടേമിൽ പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗത്തിന് നൽകാനാണ് സി.പി.എം നീക്കം. ജോസിന് പുറമേ സി.പി.എമ്മിനും സി.പി.ഐയ്ക്കും ഊഴം വച്ച് പ്രസിഡന്റ് സ്ഥാനം കൈമാറാനുള്ള നീക്കുപോക്കുകളാണ് അണിയറയിൽ. ഇത്തരം ധാരണകൾക്ക് ഇന്ന് സി.പി.എം പച്ചക്കൊടി കാട്ടിയേക്കും. പാലായിൽ മാണി സി.കാപ്പൻ ഉയർത്തുന്ന വിമതസ്വരങ്ങൾക്കെതിരെ മുന്നണിയോഗം കർശനനിർദ്ദേശം നൽകാനുമിടയുണ്ട്.