te

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ പള്ളിവേട്ട നടന്നു. ഇന്ന് വൈകിട്ട് പദ്മതീർത്ഥത്തിൽ നടക്കുന്ന ആറാട്ടോടു കൂടി ഉത്സവം സമാപിക്കും.കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ പൈങ്കുനി ഉത്സവത്തിന് പള്ളിവേട്ട,ആറാട്ട് എന്നിവ നടത്തുന്ന സ്ഥലം, ഭക്തർക്കുള്ള പങ്കാളിത്തം എന്നിവയിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിൽ നടത്തേണ്ട പള്ളിവേട്ട പടിഞ്ഞാറെ നടയിൽ മതിലകം ഓഫീസിന് മുന്നിലും ശംഖുംമുഖം കടലിൽ നടത്തേണ്ട ആറാട്ട് പദ്മതീർത്ഥക്കുളത്തിലുമായി മാറ്റി നിശ്ചയിച്ചിരുന്നു. ഇക്കുറിയും അത് ആവർത്തിക്കുകയായിരുന്നു.
ഇന്നലെ രാത്രി ഉത്സവ ശീവേലിക്ക് ശേഷം ഗരുഡവാഹനങ്ങളിലാണ് വിഗ്രഹങ്ങൾ പടിഞ്ഞാറെനട വഴി പുറത്തെഴുന്നള്ളിച്ചത്.റവന്യൂ വകുപ്പ് താത്കാലികമായി വേട്ടക്കളം തയ്യാറാക്കിയിരുന്നു. ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമയാണ് കരിക്കിൽ പ്രതീകാത്മകമായി അമ്പെയ്ത് വേട്ട നടത്തിയത്. ചടങ്ങുകൾക്ക് ശേഷം വിഗ്രഹങ്ങൾ അകത്തേക്ക് എഴുന്നള്ളിച്ചു. അഭിശ്രവണ മണ്ഡപത്തിൽ വിഗ്രഹങ്ങളെ പള്ളിക്കുറുപ്പിനായി ഇറക്കി പൂജിച്ചു. ഇന്ന് രാവിലെ പശുവിനെ എത്തിച്ച് പള്ളിക്കുറുപ്പ് ദർശനത്തിന് ശേഷം പൂജകൾ ആരംഭിക്കും.

 ആറാട്ട് ദർശിക്കാം
വൈകിട്ട് 6.30ന് ആറാട്ടിനായി വിഗ്രഹങ്ങൾ കിഴക്കേനട വഴി പുറത്തെഴുന്നള്ളിക്കും. ക്ഷേത്രം സ്ഥാനി, രാജകുടുംബാംഗങ്ങൾ, യോഗത്തിൽ പോറ്റിമാർ, ദേവസ്വം ഉദ്യോഗസ്ഥർ തുടങ്ങിയവർ അകമ്പടി സേവിക്കും. നവരാത്രി മണ്ഡപത്തിന് മുന്നിലെ കടവിലാണ് ശ്രീപദ്മനാഭസ്വാമി,നരസിംഹമൂർത്തി, തിരുവാമ്പാടി കൃഷ്ണൻ എന്നീ വിഗ്രഹങ്ങൾക്ക് ആറാട്ട് നടത്തുന്നത്. ഇതിനൊപ്പം തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണു ക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം,ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള വിഗ്രഹങ്ങൾക്ക് കൂടിയാറാട്ടും നടത്തും. ഇവയ്ക്ക് കുളത്തിന്റെ കിഴക്കു ഭാഗം വരെ വശങ്ങളിലുള്ള മണ്ഡപങ്ങളിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. ഭക്തർക്ക് മറുഭാഗത്തു നിന്ന് ആറാട്ടിന്റെ ചടങ്ങുകൾ കാണാനാകും.