ele

തിരുവനന്തപുരം : അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി പടർന്നു കിടക്കുന്ന കോർപ്പറേഷനിലെ 100 വാർഡുകളിലെ ഫലം യു.ഡി.എഫിന് ഏൽപ്പിക്കുന്നത് കനത്ത പ്രഹരം.യു.ഡി.എഫ് കോട്ടകളായിരുന്ന പല കേന്ദ്രങ്ങളിലും എൽ.ഡി.എഫും ബി.ജെ.പിയും കടന്നുകയറുകയായിരുന്നു. യു.ഡി.എഫിന്റെ ശക്തികേന്ദ്രവും വി.എസ്.ശിവകുമാറിന്റെ മണ്ഡലവുമായ തിരുവനന്തപുരത്ത് 17 വാർഡുകളിൽ ഇടതുപക്ഷം വിജയം നേടി. അതേസമയം നാല് നിയോജക മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ പ്രകടനവും യു.ഡി.എഫിന് കനത്ത വെല്ലുവിളിയുയർത്തുന്നു. നഗരഹൃദയമായ തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് മിന്നും പ്രകടനമാണ് നടത്തിയത്. 28 വാർഡുകളിൽ 17വാർഡുകളും ഇടതിനൊപ്പം നിന്നു. കഴിഞ്ഞ തവണ 12വാർഡുകൾ മാത്രമാണ് ഇടത് മുന്നണിക്ക് ലഭിച്ചിരുന്നത്. ബി.ജെ.പി ഒമ്പതിൽ നിന്ന് ഏഴിലേക്കും യു.ഡി.എഫ് ആറിൽ നിന്ന് മൂന്നിലേക്കും ചുരുങ്ങി

വഞ്ചിയൂർ,ചാക്ക,മാണിക്യവിളാകം,വഴുതക്കാട്,ആറന്നൂർ,തൈക്കാട്,പുത്തൻപള്ളി,മുട്ടത്തറ,പാളയം,തമ്പാനൂർ, വള്ളക്കടവ് വാർഡുകൾ നിലനിറുത്തിയപ്പോൾ യു.ഡി.എഫിൽ നിന്ന് വെട്ടുകാട്, പേട്ട,വലിയതുറ,ബീമാപ്പള്ളി ഈസ്റ്റ് വാർഡുകളും ബി.ജെ.പിയിൽ നിന്ന് വലിയശാല,ശ്രീവരാഹം വാർഡുകളാണ് ഇടതുപക്ഷം പിടിച്ചെടുത്തത്. അതേസമയം ബി.ജെ.പിയുടെ പെരുന്താന്നിയും സി.പി.ഐയുടെ ശംഖുംമുഖവും പിടിച്ചെടുക്കാൻ കഴിഞ്ഞതാണ് യു.ഡി.എഫിനുള്ള ആശ്വാസം. ബീമാപ്പള്ളി നിലനിറുത്തുകയും ചെയ്തു. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ പൂന്തുറയിൽ സ്വതന്ത്രസ്ഥാനാർത്ഥി മേരി ജിപ്‌സിയാണ് ജയിച്ചത്. സിറ്റിംഗ് വാർഡുകളായ ജഗതി,ചാല,മണക്കാട്, ശ്രീകണ്‌ഠേശ്വരം,പാൽക്കുളങ്ങര, കുര്യാത്തിയും സ്വതന്ത്രനിലൂടെ ഫോർട്ടും നിലനിറുത്തായതാണ് ബി.ജെ.പിക്ക് ആശ്വാസം.


വട്ടിയൂർക്കാവിലും ഇടത് നേട്ടം

വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫാണ് മുന്നേറിയത്. 24 വാർഡുകളിൽ 12 വാർഡിലും വിജയം നേടി. കഴിഞ്ഞതവണ 10വാർഡുകളായിരുന്നു. ബി.ജെ.പി കഴിഞ്ഞ തവണ ഒമ്പതിൽ നിന്ന് താഴേക്ക് പോയില്ല. അഞ്ചിൽ നിന്നും യു.ഡി.എഫ് മൂന്നിലേക്ക് ചുരുങ്ങി. കുറവൻകോണവും കവടിയാറും നിലനിറുത്തിയ യു.ഡി.എഫിന് കുന്നുകുഴി എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തു. കുടപ്പനകുന്ന്,കേശവദാസപുരം, കിണവൂർ വാർഡുകൾ യു.ഡി.എഫിൽ നിന്നും ബി.ജെ.പിയിൽ നിന്ന് വട്ടിയൂർക്കാവ്, പട്ടം, പാതിരപ്പള്ളിയും എൽ.ഡി.എഫ് പിടിച്ചെടുത്തു. പേരൂർക്കട, വാഴോട്ടുകോണം, നന്തൻകോട്,മുട്ടട,കണ്ണമ്മൂല,കാച്ചാണി വാർഡുകൾ കൈവിട്ടുമില്ല. നഷ്ടമായ മൂന്ന് വാർഡുകൾക്ക് പകരം എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ ശാസ്തമംഗലവും കാഞ്ഞിരംപാറയും നെട്ടയയും ബി.ജെ.പി പിടിച്ചു. തുരുത്തുംമൂല, ചെട്ടിവിളാകം കൊടുങ്ങാനൂർ,പാങ്ങോട്,വലിയവിള,പി.ടി.പി നഗർ വാർഡുകളാണ് നിലനിറുത്തിയത്.


ബി.ജെ.പിയുടെ നേമം

21വാർഡുകളുള്ള മണ്ഡലത്തിൽ 14 വാർഡുകളും ബി.ജെ.പി നേടി. കഴിഞ്ഞ തവണ 11ആയിരുന്നു. എൽ.ഡി.എഫ് എട്ടിൽ നിന്ന് ഏഴിലേക്ക് ചുരുങ്ങിയപ്പോൾ യു.ഡി.എഫിനുണ്ടായിരുന്ന രണ്ട് സീറ്റുകളും നഷ്ടമായതോടെ സംപൂജ്യരായി. തൃക്കാണാപുരം, തിരുമല, മേലങ്കോട്, നേമം, കാലടി, പാപ്പനംകോട്, പൂജപ്പുര, വെള്ളാർ,കരമന വാർഡുകൾ നിലനിറുത്തിയപ്പോൾ എൽ.ഡി.എഫിന്റെ കൈയിൽ നിന്ന് നെടുങ്കാട്, പുന്നയ്ക്കാമുഗൾ, പൊന്നുമംഗലം,എസ്റ്റേറ്റ് വാർഡുകളും യു.ഡി.എഫിന്റെ കൈയിൽ നിന്ന് തിരുവല്ലവും പിടിച്ചെടുത്തു. യു.ഡി.എഫിന്റെ കൈയിൽ നിന്ന് പുഞ്ചക്കരിയും ബി.ജെ.പിയിൽ നിന്ന് കമലേശ്വരവും ആറ്റുകാലും പിടിച്ചെടുത്ത എൽ.ഡി.എഫ് കളിപ്പാൻകുളം അമ്പലത്തറ,മുടവൻമുകൾ, പൂങ്കുളം വാർഡുകൾ നിലനിറുത്തി.

കഴക്കൂട്ടത്തും ഇടത് നേട്ടം

കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ കഴിഞ്ഞ തവണ 12 വാർഡുകൾ നേടിയ എൽ.ഡി.എഫ് 14ആയി ഉയർത്തി. കഴക്കൂട്ടം,കാട്ടായിക്കോണം,കുളത്തൂർ,ഇടവക്കോട്,പൗണ്ട്കടവ്,കടകംപള്ളി,അണമുഖം,മെഡിക്കൽ കോളേജ് വാർഡുകൾ നിലനിറുത്തിയപ്പോൾ ബി.ജെ.പിയുടെ ആറ്റിപ്ര,ഞാണ്ടൂർക്കോണവും യു.ഡി.എഫിന്റെ ചന്തവിള, പള്ളിത്തുറ,ഉള്ളൂർ വാർഡുകളും കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാർത്ഥി വിജയിച്ച ശ്രീകാര്യവുമാണ് ഇടതുപക്ഷം നേടിയത്. 2015ൽ കഴക്കൂട്ടത്ത് നിന്ന് നാല് സീറ്റ് നേടിയ ബി.ജെ.പി അത് അഞ്ചാക്കി.കരിക്കകം,പൗഡിക്കോണം വാർഡുകൾ നിലനിറുത്തിയപ്പോൾ സി.പി.എമ്മിന്റെ ചെല്ലമംഗലത്തും,ചെമ്പഴന്തിയിലും യു.ഡി.എഫിന്റെ ചെറുവയ്ക്കലും ബി.ജെ.പി ജയം നേടി. ആറിൽ നിന്ന് യു.ഡി.എഫ് മൂന്നിലൊതുങ്ങി. നാലാഞ്ചിറയും ആക്കുളവും മാത്രമാണ് നിലനിറുത്താനായത്. മണ്ണന്തല സി.പി.എമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു.

കോവളത്ത് സ്വതന്ത്രരും

അഞ്ച് വാർഡുകളുള്ള കോവളത്ത് ഇത്തവണ രണ്ടു വാർഡുകളിൽ സ്വതന്ത്രരാണ് ജയിച്ചത്. യു.ഡി.എഫിന്റെ ഹാർബറും എൽ.ഡി.എഫിന്റെ കോട്ടപ്പുറവും സ്വതന്ത്രൻമാർ പിടിച്ചു.ബി.ജെ.പിയിൽ നിന്നു വെങ്ങാനൂർ എൽ.ഡി.എഫ് പിടിച്ചു. മുല്ലൂർ വാർഡ് കോൺഗ്രസ് നിലനിറുത്തി.