pster

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ കലാപം. ഇന്നലെ രാവിലെ കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ നേതാക്കളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വി.എസ്.ശിവകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, ടി. ശരത്ചന്ദ്ര പ്രസാദ് എന്നിവരുടെ പേര് പറഞ്ഞാണ് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

കെ.പി.സി.സി ആസ്ഥാനത്തിന് പുറമെ തിരുവനന്തപുരത്ത് പലയിടത്തും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് പോസ്റ്ററുകളുണ്ട്. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് നഗരത്തിലുടനീളം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് സീറ്റ് വിറ്റുവെന്നാണ് പോസ്റ്ററിൽ ആരോപണം. അതേസമയം കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് ഇന്നലെ നടത്താനിരുന്ന രാജ്ഭവൻ മാർച്ച് മാറ്റി. രാവിലെ പതിനൊന്ന് മണിക്കായിരുന്നു ഡി.സി.സി രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. നേതാക്കൾക്കെതിരെ പരസ്യവിമർശനം ഉയർന്നതോടെയാണ് മാർച്ച് മാറ്റിയത്. കനത്തപരാജയം വരുംദിവസങ്ങളിൽ യു.ഡി.എഫിനുള്ളിൽ രൂക്ഷമായ കലഹത്തിന് കാരണമാകും. ഗ്രൂപ്പുകൾക്കുള്ളിലെ ഗ്രൂപ്പുകളായി തിരിഞ്ഞ് സീറ്റ് ഇഷ്ടക്കാർക്ക് നൽകിയതും

ഘടകകക്ഷികൾക്ക് സീറ്റ് വിതം വയ്ക്കുന്നതിലെ പാളിച്ചയും യു.ഡി.എഫിന് തിരിച്ചടിയായി.

ഭരണം പിടിച്ചില്ലെങ്കിലും മുപ്പതോളം സീറ്റുകൾ കോർപ്പറേഷനിൽ നേടാനാകും എന്നായിരുന്നു മുന്നണി നേതാക്കളുടെ പ്രതീക്ഷ. എന്നാൽ നിർജീവമായ സംഘടനാ സംവിധാനവും പ്രചാരണത്തിലെ പിന്നാക്കാവസ്ഥയും പാരജയത്തിന് ആക്കം കൂട്ടി. പന്ത്രണ്ട് വാർഡുകളിൽ അഞ്ഞൂറിൽ താഴെയാണ് യു.ഡി.എഫിന് വോട്ട്. നെടുങ്കാട് 74 വോട്ടും വലിയതുറയിൽ 42 വോട്ടും മാത്രമാണ് യു.ഡി.എഫിന് നേടാനായത്.