kpcc

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ നേതൃത്വത്തിന് രൂക്ഷവിമർശനം. തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായില്ലെന്ന് കണക്കുകൾ നിരത്തി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആമുഖമായി വിശദീകരിച്ചെങ്കിലും സംസാരിച്ചവരിൽ ഭൂരിപക്ഷം പേരും കടുത്ത വിമർശനം നടത്തി. തോൽവിയെ തോൽവിയായി അംഗീകരിക്കണമെന്നാണ് ഭൂരിഭാഗം പേരും പറഞ്ഞത്.

സംഘടനാപരമായ പാളിച്ചകൾ സൂക്ഷ്മമായി വിലയിരുത്തുന്നതിനും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ആത്മവീര്യത്തോടെ അണികളെ സജ്ജമാക്കാനും വിശദചർച്ച നടത്തും. ഇതിനായി ജനുവരി 7നും 8നും രാഷ്ട്രീയകാര്യസമിതിയംഗങ്ങൾ, എം.പിമാർ, എം.എൽ.എമാർ, കെ.പി.സി.സി ഭാരവാഹികൾ എന്നിവരുടെ സംയുക്തയോഗം ചേരും. ജില്ലകളുടെ ചുമതലകളുള്ള ജനറൽ സെക്രട്ടറിമാരോടും സെക്രട്ടറിമാരോടും വിശദ കണക്കുകളുമായി തലസ്ഥാനത്തെത്താനും നിർദ്ദേശിച്ചിട്ടുണ്ട്.

2010ൽ മാത്രമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ ലഭിച്ചതെന്ന് മുല്ലപ്പള്ളി വിശദീകരിച്ചു. പ്രതീക്ഷിച്ച വിജയമുണ്ടായില്ലെങ്കിലും പിടിച്ചുനിൽക്കാൻ പാർട്ടിക്കും മുന്നണിക്കുമായെന്നും അദ്ദേഹം വിശദീകരിച്ചു.

പാർട്ടിക്കുള്ളിൽ മതിയായ കൂടിയാലോചനകൾ ഒരു തലത്തിലും നടക്കുന്നില്ലെന്ന് സുധാകരനും കെ. മുരളീധരനും പി.സി. ചാക്കോയും പറഞ്ഞു.

വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം തിരിച്ചടിയായെന്നും വിമർശനമുയർന്നു. രാഷ്ട്രീയകാര്യസമിതി കൈക്കൊണ്ട നിലപാട് സംബന്ധിച്ച് കൃത്യമായ സന്ദേശം നൽകുന്നതിന് പകരം തർക്കത്തിന് അദ്ധ്യക്ഷൻ തന്നെ ഇറങ്ങുന്നതാണ് കണ്ടത്. പാർട്ടിയുടെയും മുന്നണിയുടെയും പരമ്പരാഗത വോട്ടുബാങ്കിൽ ചോർച്ചയുണ്ടായി.തോറ്റെന്ന് പറയാൻ തയാറാകാതെ അടിത്തറ ഭദ്രമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതിനെ വി.ഡി. സതീശൻ ചോദ്യം ചെയ്തു. ഗ്രൂപ്പ് നോക്കിയുള്ള സ്ഥാനാർത്ഥിനിർണയം തിരിച്ചടിക്ക് കാരണമായെന്ന് പി.ജെ. കുര്യനും കെ. മുരളീധരനും പറഞ്ഞു.

നേതാക്കൾക്കിടയിലുണ്ടായ തർക്കങ്ങളും സീറ്റ് നിർണയത്തിലെ പാളിച്ചയും ദോഷമായെന്ന് വി.എം. സുധീരൻ പറഞ്ഞു.

കെ. മുരളീധരന്റെ കഴിഞ്ഞ ദിവസത്തെ വിമർശനം പിണറായിയുടേതുപോലായെന്ന് എം.എം.ഹസൻ തമാശയായി പറഞ്ഞു.

മൂന്ന് മണിക്കാരംഭിച്ച യോഗം തീർന്നത് രാത്രി വൈകിയാണ്.