കല്ലമ്പലം:നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ മുക്കുകടയിൽ വോട്ടെണ്ണിയതിൽ അപാകതയെന്ന് പരാതി.വാർഡിൽ ആകെ അഞ്ചു സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.സി.പി.എം സ്ഥാനാർത്ഥി എ.ഷജിനയും,കാർ ചിഹ്നത്തിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി എസ്.ജസീറയും 420 വോട്ടുകൾ നേടി തുല്യ സ്ഥാനത്ത് എത്തി.എന്നാൽ തുല്യ സ്ഥാനം വന്ന സാഹചര്യത്തിൽ ഒന്നാം ബൂത്തിൽ ചെയ്തിരുന്ന ഒരു ടെൻഡർ വോട്ട് പരിഗണിക്കണമെന്ന സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ആവശ്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. തുടർന്ന് നറുക്കെടുപ്പിലൂടെ സി.പി.എം സ്ഥാനാർത്ഥി വിജയിച്ചതായും പ്രഖ്യാപിച്ചു.ഇത് അംഗീകരിക്കാനാകില്ലന്ന നിലപാടിലാണ് സ്വതന്ത്ര സ്ഥാനാർത്ഥി. വോട്ടെണ്ണലിൽ കൃത്രിമം നടന്നുവെന്നാരോപിച്ച് കോടതിയെ സമീപിക്കുമെന്ന് എസ്.ജസീറ അറിയിച്ചു.യു.ഡി.എഫും എൽ.ഡി.എഫും എട്ട് സീറ്റുകൾ വീതം നേടിയപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയായ എസ് . ജസീറ ഭരണത്തിൽ നിർണ്ണായക ഘടകമായി. യു.ഡി.എഫിനും എൽ.ഡി.എഫിനും ഭരണത്തിലേറണമെങ്കിൽ സ്വതന്ത്രൻ കനിയണം പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടാൽ അതും നൽകേണ്ടി വരും.ഈ സാഹചര്യത്തിലാണ് സ്വതന്ത്രന്റെ അസാന്നിദ്ധ്യത്തിൽ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി വിജയിച്ചതായി പ്രഖ്യാപിച്ചതെന്ന് ജസീറ അഭിപ്രായപ്പെട്ടു.