studentts

പുതുവർഷാരംഭത്തിൽ പത്തും പന്ത്രണ്ടും ക്ളാസുകളും കലാലയങ്ങളിലെ ഉയർന്ന ക്ളാസുകളും ആരംഭിക്കാനുള്ള സർക്കാർ തീരുമാനം കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെയധികം സന്തോഷം പകരുന്ന വാർത്തയാണ്. കഴിഞ്ഞ മാർച്ച് മുതൽ വീടുകളിൽ അടച്ചിരിക്കുന്ന കുട്ടികൾ ഇക്കാലമത്രയും ഏറെ സമ്മർദ്ദത്തിലായിരുന്നു. കൊവിഡ് മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വം ഏറെ ബാധിച്ചത് വിദ്യാഭ്യാസ മേഖലയെയാണെന്നു പറയാം. രോഗവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂളുകളും കോളേജുകളും കൂട്ടത്തോടെ തുറന്നാൽ സംഭവിക്കുന്ന അപകടത്തെക്കുറിച്ച് അറിയാവുന്നതു കൊണ്ടാണ് സ്ഥിതി മെച്ചപ്പെടുന്ന സമയം നോക്കി സർക്കാർ കാത്തിരുന്നത്. ഇതിനിടെ ഇക്കഴിഞ്ഞ രണ്ടുമാസങ്ങൾക്കിടയിൽ ചില സംസ്ഥാനങ്ങൾ അദ്ധ്യയനം പുനരാരംഭിക്കാൻ നടപടിയെടുക്കുകയുണ്ടായി. എന്നാൽ രോഗഭീഷണി തല ഉയർത്തിയതിനാൽ തീരുമാനം മാറ്റേണ്ടിവന്ന അനുഭവവും മുന്നിലുണ്ട്. സംസ്ഥാനത്ത് കൊവിഡ് ഭീഷണി പൂർണമായും വിട്ടൊഴിഞ്ഞെന്നു പറയാറായിട്ടില്ല. കഴിഞ്ഞ ദിവസവും അയ്യായിരത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഏഴു ലക്ഷത്തോളം പേരെ ഇതിനകം രോഗം പിടികൂടിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. അവരിൽ ബഹുഭൂരിപക്ഷവും രോഗമുക്തരുമായി.

അദ്ധ്യയന വർഷം പുനരാരംഭിക്കുന്നതോടെ പത്തും പന്ത്രണ്ടും ക്ളാസുകളിലെ വർഷാവസാന പരീക്ഷാ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 17 മുതൽ 30 വരെയുള്ള ദിവസങ്ങൾക്കിടയിൽ പരീക്ഷ പൂർത്തിയാക്കാനാണ് തീരുമാനം. ഇതുവരെ ഓൺലൈൻ വഴി നടന്ന ക്ളാസുകളുടെ റിവിഷനും പ്രാക്ടിക്കലുകളും സ്കൂളുകൾ തുറക്കുന്നതു മുതൽ നടത്താനുള്ള ക്രമീകരണങ്ങളാണു ചെയ്യുന്നത്. ഡിജിറ്റൽ പഠനം എത്രത്തോളം സഹായകരമായിട്ടുണ്ടെന്നുള്ള വിലയിരുത്തലിനുള്ള അവസരം കൂടിയാകും ഇത്. ഉപരിപഠനത്തിനുള്ള പ്രവേശന വാതിലായ പ്ളസ് ടു പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന കുട്ടികൾക്ക് കഷ്ടിച്ച് രണ്ടര മാസമാണ് സ്കൂളിൽ പാഠഭാഗങ്ങളുമായി ഇടപഴകാൻ സൗകര്യം ലഭിക്കുന്നത്. അത് പരമാവധി ഉപയോഗപ്രദമാക്കാനുള്ള സാഹചര്യം ഒരുക്കാൻ അദ്ധ്യാപകർക്കു കഴിയണം. ഓൺലൈൻ പഠനം പൊതുവേ ഉപകാരപ്പെട്ടിട്ടുണ്ടെങ്കിലും കുട്ടികളിൽ ഒരു വിഭാഗത്തിന് കൂടുതൽ പിന്തുണയും സഹായവും വേണ്ടിവരും. നേരിട്ടുള്ള ക്ളാസുകൾ ഈ കുറവ് പരിഹരിക്കാൻ വേണ്ടിയുള്ളതാകണം. ഇതിനൊപ്പം സിലബസ് കുറയ്ക്കലും അനിവാര്യമായിട്ടുണ്ട്. നേരത്തേ തന്നെ തീരുമാനമെടുക്കേണ്ട കാര്യമായിരുന്നു ഇത്. ഇനിയും വൈകിയാൽ കുട്ടികളിൽ പരീക്ഷാ സമ്മർദ്ദം അധികരിക്കുമെന്നതു മറക്കരുത്. വിദ്യാഭ്യാസ വിദഗ്ദ്ധരും ബന്ധപ്പെട്ട സമിതിയും ചേർന്ന് എളുപ്പം തീരുമാനിക്കാവുന്ന വിഷയമാണിത്. ശാസ്ത്രവിഷയങ്ങളിൽ വരെ സി.ബി.എസ്.ഇ 35 ശതമാനം പാഠഭാഗങ്ങൾ ഉപേക്ഷിച്ചിരുന്നു. ഇവിടെയും സാഹചര്യങ്ങൾക്കനുസൃതമായി പാഠഭാഗങ്ങൾ കുറയ്ക്കാവുന്നതാണ്.

കോളേജ് ക്ളാസുകളും ഭാഗികമായി പുതുവർഷാരംഭത്തിൽ തുടങ്ങുകയാണ്. അവസാന വർഷ ബിരുദ ക്ളാസുകളാകും ആദ്യം തുടങ്ങുക. പ്രൊഫഷണൽ കോളേജുകളും ജനുവരി ഒന്നു മുതൽ തുറക്കും. ഇതിനൊപ്പം മറ്റു ക്ളാസുകാർക്ക് ഓൺലൈൻ വഴി പഠനം തുടരുകയും ചെയ്യും. മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂളുകളും കോളേജുകളും കർക്കശമായ നിയന്ത്രണങ്ങൾ പാലിച്ചുവേണം പ്രവർത്തിക്കാൻ. ഹൈസ്കൂൾ - ഹയർ സെക്കൻഡറി ക്ളാസുകൾ ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുന്നതിനെക്കുറിച്ചാണ് ആലോചന. ക്ളാസുകളിൽ കുട്ടികളുടെ ബാഹുല്യം കുറയ്ക്കേണ്ടത് ആവശ്യമാണ്. ശാരീരിക അകലവും കൂട്ടം ചേരലും പാടേ ഒഴിവാക്കേണ്ടതുണ്ട്. മാസങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ സ്വാഭാവികമായും കുട്ടികൾ നിയന്ത്രണങ്ങളൊക്കെ മറന്നു പെരുമാറാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അധികൃതർ പ്രത്യേകശ്രദ്ധ കാണിച്ചേ മതിയാവൂ. അദ്ധ്യാപകർക്കൊപ്പം രക്ഷിതാക്കളും കുട്ടികളെ സ്കൂളിലേക്ക് വിടുമ്പോഴും തിരികെ വീട്ടിലെത്തുമ്പോഴും പാലിക്കേണ്ട കൊവിഡ് ചിട്ടവട്ടങ്ങളെക്കുറിച്ച് കുട്ടികളെ സദാ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. പരീക്ഷകൾക്കൊപ്പം ഇപ്പോഴത്തെ പരീക്ഷണകാലവും വിജയകരമായി തരണം ചെയ്യാനായിരിക്കണം ശ്രമം നടത്തേണ്ടത്.

സ്കൂളുകളിൽ ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ളാസുകളിലെ വാർഷിക പരീക്ഷ സംബന്ധിച്ച് തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഇക്കാര്യത്തിലും സത്വരമായ തീരുമാനം ഉണ്ടാകണം. ലക്ഷക്കണക്കിനു കുട്ടികളെ പരീക്ഷയ്ക്കായി മാത്രം സ്കൂളുകളിലെത്തിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ വെല്ലുവിളി തന്നെയാകും. അതിനാൽ പ്രായോഗികമായ മാർഗം കണ്ടെത്തേണ്ടതുണ്ട്. മുൻപ് എട്ടാം ക്ളാസ് വരെ ഓൾ പ്രൊമോഷൻ സമ്പ്രദായം നിലനിന്നിരുന്നു. ഇപ്പോഴത്തെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് ഒൻപതാം ക്ളാസിലും ആ സമ്പ്രദായം സ്വീകരിക്കുന്നതുകൊണ്ട് അപകടമൊന്നും വരാൻ പോകുന്നില്ല. കുട്ടികളുടെ സുരക്ഷയാണല്ലോ പരമപ്രധാനം.

കൊവിഡിനെ പ്രതിരോധിക്കുന്ന വാക്സിൻ കണ്ടുപിടിത്തം ലോകത്തിന് വലിയ പ്രതീക്ഷ പകർന്നിട്ടുണ്ട്. ഇന്ത്യയിലും പുതുവർഷത്തോടെ വാക്സിൻ പ്രയോഗം തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ. വാക്സിൻ നൽകേണ്ടവരുടെ മുൻഗണനാ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിവരികയാണ്. ഏതായാലും അടുത്ത അദ്ധ്യയനവർഷം തുടങ്ങാറാകുമ്പോഴേക്കും സ്ഥിതി ഏറെ മെച്ചപ്പെടുമെന്നുവേണം കരുതാൻ. ജനങ്ങളുടെ കൂട്ടായ സഹകരണവും പിന്തുണയും ഉണ്ടെങ്കിൽ എത്ര വലിയ പ്രതിസന്ധിയെയും തരണം ചെയ്യാനാകുമെന്ന് തെളിയിച്ച പരീക്ഷണകാലമായിരുന്നു മഹാമാരിയുടെ നാളുകൾ. മനുഷ്യന്റെ നിശ്ചയദാർഢ്യത്തിനൊപ്പം ശാസ്ത്ര - സാങ്കേതിക രംഗത്തെ അത്ഭുതകരങ്ങളായ നേട്ടങ്ങൾ കൂടിയായപ്പോൾ കൊവിഡ് കാലവും അതിജീവിക്കാൻ സാധിക്കുന്നു. അനന്തമായ ഡിജിറ്റൽ സാദ്ധ്യതകളാണ് കുട്ടികളുടെ ഒരുവർഷത്തെ അദ്ധ്യയന ദിനങ്ങൾ സുഗമമാക്കിയത്. അദ്ധ്യയന രംഗത്തു മാത്രമല്ല സകല പ്രവർത്തന മേഖലകളിലും ഡിജിറ്റൽ പ്രഭാവം കടന്നെത്തിയെന്നതാണ് യാഥാർത്ഥ്യം.