കല്ലറ:കല്ലറ പഞ്ചായത്തിലെ 17 അംഗ ഭരണസമിതിയിൽ 11 സീറ്റ് ലഭിച്ചതോടെ അഞ്ച് വർഷവും തികച്ച് ഭരിക്കാം എന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. കഴിഞ്ഞ തവണ എൽ.ഡി.എഫ് 9, യു.ഡി.എഫ് 8 എന്ന നിലയിലായിരുന്നു സീറ്റ് നില. എന്നാൽ ഇത്തവണ ഉപതിരഞ്ഞെടുപ്പുണ്ടായാൽ പോലും ഭരണം നഷ്ടപ്പെടാത്ത തരത്തിൽ സീറ്റുകൾ ഉറപ്പിച്ചാണ് എൽ.ഡി.എഫ് വിജയം നേടിയത്. ഇത്തവണ പഞ്ചായത്തിൽ ആദ്യമായി ബി.ജെ.പി ഒരു സീറ്റു നേടി അക്കൗണ്ട് തുടർന്നു. യു.ഡി.എഫ് 5 സീറ്റും നേടി.കല്ലറ ,കല്ലറ ടൗൺ, വെള്ളം കുടി, താപസഗിരി, കുറുമ്പയം, പാൽ കുളം,ചെറുവാളം, പരപ്പിൽ,മുതുവിള,അരുവിപ്പുറം,കുറിഞ്ചിലക്കാട് വാർഡുകൾ എൽ.ഡി.എഫും,കെ.ടി കുന്ന്,തെങ്ങും കോട്,മിതൃമ്മല,മുളയിൽകോണം തുമ്പോട് വാർഡുകൾ യു.ഡി.എഫും ,കല്ലു വരമ്പു ബി.ജെ.പിയും നേടി.ഇത്തവണ അദ്ധ്യക്ഷ പദവി വനിതയ്ക്കാണ്. മുൻ പഞ്ചായത്തംഗങ്ങൾ കൂടിയായ കെ.ഷീല,ജി.ജെ.ലിസി എന്നിവരുടെ പേരുകളാണ് അദ്ധ്യക്ഷ പദവിയിലേക്ക് ഉയർന്നുവരുന്നത്.