
തിരുവനന്തപുരം:മൂന്ന് മാസം മാത്രം അകലെയുള്ള നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന കോൺഗ്രസിന്റെ രോഗാവസ്ഥ ഭേദപ്പെടുത്താൻ, പാർട്ടിയെ നയിക്കുന്ന മൂവർ നേതൃസംഘത്തിന് 'ശൈലീമാറ്റ' ചികിത്സ നിർദ്ദേശിച്ച് രാഷ്ട്രീയകാര്യസമിതി.
മൂന്ന് നേതാക്കൾ കൂടിയിരുന്ന് ആലോചിച്ച് തീരുമാനമെടുക്കേണ്ടതില്ലെന്നതാണ് പ്രധാന വാദഗതി. രാഷ്ട്രീയകാര്യ സമിതിയിൽ കൂടിയാലോചിച്ചശേഷം മതി , നിയമസഭാ സ്ഥാനാർത്ഥി നിർണയമടക്കം എല്ലാം. രണ്ട് ഗ്രൂപ്പ് നേതാക്കളും അവർക്ക് നടുവിൽ വഴങ്ങിനിൽക്കുന്ന കെ.പി.സി.സി പ്രസിഡന്റും എന്നതാണ് പ്രവർത്തകരുടെ മുമ്പാകെയുള്ള പൊതുചിത്രം. ഗ്രൂപ്പ് താല്പര്യം മാത്രം നോക്കി രണ്ട് നേതാക്കൾ ചെലുത്തുന്ന സമ്മർദ്ദത്തിന് പ്രസിഡന്റ് വഴങ്ങുമ്പോൾ, ഒത്തുതീർപ്പെന്ന നിലയിൽ പ്രസിഡന്റിന്റെ ചില താല്പര്യങ്ങൾ അവരും അനുവദിച്ചു കൊടുക്കും. കെ.പി.സി.സി പുന:സംഘടനയിലും , തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിലും ഇതാണുണ്ടായെന്നാണ് പാർട്ടിയിലെ പൊതു വികാരം. ഇതവസാനിപ്പിച്ചേ മതിയാവൂ എന്ന ശാഠ്യം കഴിഞ്ഞ ദിവസം രാത്രിയോളം നീണ്ടുനിന്ന രാഷ്ട്രീയകാര്യസമിതി യോഗത്തിലുയർന്നു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർക്കെതിരെ നിർദ്ദാക്ഷിണ്യം ആക്രമണമഴിച്ചുവിടാൻ അംഗങ്ങൾ മത്സരിച്ചു.. പാർട്ടി നേതൃത്വത്തെ പുറത്ത് പരസ്യമായി നിമർശിച്ച കെ. മുരളീധരനും ,കെ. സുധാകരനും ആ കാഠിന്യം സമിതി യോഗത്തിൽ പ്രകടമാക്കിയില്ലെങ്കിലും, പരസ്യ പ്രതികരണത്തിന് മുതിരാതിരുന്ന വി.എം. സുധീരൻ, പി.സി. ചാക്കോ, വി.ഡി. സതീശൻ, ഷാനിമോൾ ഉസ്മാൻ, പി.സി. വിഷ്ണുനാഥ് എന്നിവർ അതിനിശിതമായാണ് കടന്നാക്രമിച്ചത്.
കാലഹരണപ്പെട്ട നേതൃത്വമെന്ന പ്രയോഗം സതീശനിൽ നിന്നുണ്ടായത്, നിരന്തരം വാർത്താസമ്മേളനങ്ങളും പ്രസ്താവനകളുമിറക്കി കാലം കഴിക്കുന്ന ശൈലിയെ ലാക്കാക്കിയാണ്. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഉമ്മൻ ചാണ്ടി ഒരു ഗ്രൂപ്പിന്റെ നേതാവായി ചുരുങ്ങാമോയെന്ന ചോദ്യം സുധീരനുയർത്തി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കാമായിരുന്നിട്ടും ഗ്രൂപ്പ് താല്പര്യം സംരക്ഷിക്കപ്പെട്ടതിനാൽ മാത്രം, കൈവിട്ട് പോയ പത്ത് സീറ്റുകൾ സ്ഥാനാർത്ഥികളുടെ പേരെടുത്തു പറഞ്ഞ് അദ്ദേഹം വിവരിച്ചു. കോട്ടയത്ത് സി.പി.എം നേതാവ് വി.എൻ.വാസവനുമായി ജോസ് കെ.മാണി കൂടിയാലോചനകൾ നടത്തുന്നത് മനസിലാക്കിയിട്ടും താലത്തിൽ അദ്ദേഹത്തിന് രാജ്യസഭാംഗത്വം വച്ചുനീട്ടിയ നേതൃത്വത്തിന്റെ ശൈലി ചില സ്ഥാപിതതാല്പര്യത്തിന്റെ പുറത്താണോയെന്ന സംശയം പി.സി. ചാക്കോയിൽ നിന്നുണ്ടായി. എല്ലാം കേട്ടിരുന്ന മൂന്ന് മേതാക്കളും വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്ന പ്രതീതിയുണർത്തിയതായാണ് വിലയിരുത്തൽ.
ഡി.സി.സികളിൽ ശുദ്ധികലശം ?
തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രകടനം അതിദയനീയമായ തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും ഡി.സി.സി തലപ്പത്ത് അഴിച്ചുപണിയുണ്ടാകുമോയെന്ന ചോദ്യമുയരുന്നു. ഡി.സി.സി അദ്ധ്യക്ഷന്മാർ ദുർബലരെന്ന പ്രതീതിയാണ് ഈ ജില്ലകളിൽ. പുറമേ, എം.എൽ.എയായ ടി.ജെ. വിനോദ് എറണാകുളത്തും ഐ.സി. ബാലകൃഷ്ണൻ വയനാട്ടിലും എം.പിയായ വി.കെ. ശ്രീകണ്ഠൻ പാലക്കാട്ടും മാറാനാഗ്രഹിക്കുന്നു. 23, 24 തീയതികളിലായി, ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽസെക്രട്ടറിമാരുടെ യോഗം സ്ഥിതിഗതികൾ വിലയിരുത്തും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പെന്നോണം നിയോജകമണ്ഡലങ്ങളുടെ ചുമതല കെ.പി.സി.സി സെക്രട്ടറിമാർക്ക് നൽകാനായി ഇന്ന് അവരുടെ യോഗം ഇന്ദിരാഭവനിൽ
ചേരും.