ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്തിൽ രണ്ട് മുന്നണികളെയും ഞെട്ടിച്ച് കൂടുതൽ അംഗബലമുള്ള കക്ഷിയായി ബി.ജെ.പി മാറിയെങ്കിലും ഭരണം ലഭിക്കുമോ എന്നത് കണ്ടറിയണം. 20 അംഗ ഭരണസമിതിയിൽ ബി.ജെ.പിക്ക് എഴും എൽ.ഡി.എഫിന് ആറും യു.ഡി.എഫിന് അഞ്ച് സീറ്റുമാണുള്ളത്. ഇവിടെ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും റിബലായി മത്സരിച്ച സ്വതന്ത്രരെ പാട്ടിലാക്കാൻ എൽ.ഡി.എഫ് ശ്രമം നടത്തിയെന്നാണ് വിവരം. എൽ.ഡി.എഫ് അനുഭാവിയായ സ്വതന്ത്ര അവർക്കൊപ്പം പോകാൻ സാദ്ധ്യത തെളിയുന്നുണ്ട്. അങ്ങനെയായാൽ ബി.ജി.പിക്കും എൽ.ഡി.എഫിനും ഏഴ് അംഗങ്ങൾ വീതമാകും. കോൺഗ്രസ് റെബൽ ആരെ പിന്തുണയ്ക്കുമെന്നത് അനുസരിച്ചാവും ഭരണം നിശ്ചയിക്കുന്നത്. പുതുമുഖങ്ങളായ സ്വതന്ത്രർക്ക് അർഹമായ സ്ഥാനം നൽകാനാണ് എൽ.ഡി.എഫിന്റെ നീക്കം. കഴിഞ്ഞ തവണ യു.ഡി.എഫിന് 11 സീറ്റും എൽ.ഡി.എഫിന് ഏഴ് സീറ്റുമാണ് ഉണ്ടായിരുന്നത്. രണ്ട് സീറ്റുകളിൽ മാത്രം വിജയിച്ച ബി.ജെ.പിയാണ് ഇത്തവണ നേട്ടം കൊയ്‌തത്. വാസുദേവപുരം വാർഡിൽ 422 വോട്ടിന് വിജയിച്ച അനിൽകുമാറിനാണ് മുദാക്കൽ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം. ഒരു വോട്ടിന് ചെമ്പൂര് വാർഡിൽ വിജയിച്ച എൽ.ഡി.എഫ് മെമ്പർ ചന്ദ്രബാബുവിനാണ് ഏറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ചത്. കഴിഞ്ഞ തവണ പ്രസിഡന്റായിരുന്ന ആർ.എസ്. വിജയകുമാരി 89 വോട്ടിന് പാറയടി വാർഡിൽ പരാജയപ്പെട്ടതും യു.ഡി.എഫിന് തിരിച്ചടിയായി. എൽ.ഡി.എഫ് ഭരണത്തിലെത്തിയാൽ സി.പി.എമ്മിലെ ചന്ദ്രബാബു പ്രസിഡന്റാകുമെന്നാണ് വിവരം. സി.പി.എം റിബലിന് വൈസ് പ്രസിഡന്റ് സ്ഥാനവും യു.ഡി.എഫ് റെബലിനെ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും പരിഗണിക്കുമെന്നാണ് സൂചന.