
കെ.എം. ലാജി ചെയർമാനായേക്കും
വർക്കല: ബി.ജെ.പി വലിയ മുന്നേറ്റം നടത്തിയ നഗരസഭയിൽ സ്വതന്ത്രന്മാരുടെ സഹായത്തോടെ ഭരണത്തുടർച്ചയ്‌ക്കുള്ള തീവ്രശ്രമമാണ് എൽ.ഡി.എഫ് നടത്തുന്നത്. ചർച്ചകൾ പൂർത്തിയായപ്പോൾ എൽ.ഡി.എഫിന് രണ്ട് സ്വതന്ത്രന്മാരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. 33 വാർഡുകളുള്ള നഗരസഭയിൽ എൽ.ഡി.എഫ് -12, എൻ.ഡി.എ -11, യു.ഡി.എഫ് - 7, സ്വതന്ത്രർ - 3 എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രരായി വിജയിച്ച സുദർശിനി, ആമിനാ അലിയാർ എന്നിവരാണ് പിന്തുണ ഉറപ്പുനൽകിയത്. സുദർശിനി കോൺഗ്രസ് വിമതയായി പുത്തൻചന്ത വാർഡിൽ നിന്നും എൽ.ഡി.എഫ് വിമത ആമിന രാമന്തളി വാർഡിൽ നിന്നുമാണ് വിജയിച്ചത്. നിലവിലെ കൗൺസിലറും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന ടി. ജയന്തിയെ പരാജയപ്പെടുത്തിയാണ് ആമിനയുടെ വിജയം. 2015ൽ സി.പി.എം സ്ഥാനാർത്ഥിയായി ആമിന മത്സരിച്ചിരുന്നു. ഇത്തവണ സീറ്റ് നൽകാത്തതിനെത്തുടർന്നാണ് സ്വതന്ത്രയായി മത്സരിച്ചത്. പുത്തൻചന്ത വാർഡിൽ യു.ഡി.എഫിലെ സിന്ധുവിനെയും എൽ.ഡി.എഫിലെ ബിന്ദു ജയപ്രകാശിനെയും പരാജയപ്പെടുത്തിയാണ് സുദർശിനിയുടെ അട്ടിമറി വിജയം. ബി.ജെ.പി സീറ്റ് നൽകാത്തതിനെ തുടർന്ന് പെരുംകുളം വാർഡിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച ശ്രേയസാണ് വിജയിച്ച മറ്റൊരു സ്വതന്ത്രൻ. ഇയാൾ ബി.ജെ.പിക്ക് പിന്തുണ നൽകുമെന്നാണ് വിവരം. 14 പേരുടെ ലിസ്റ്റാണ് എൽ.ഡി.എഫ് വരണാധികാരി മുമ്പാകെ സമർപ്പിക്കുക. സി.പി.എം ഏരിയാ സെന്റർ അംഗവും വർക്കല കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റും മുൻ ബ്ലോക്ക് പ്രസിഡന്റുമായിരുന്ന കെ.എം. ലാജി ചെയർമാനായി അധികാരമേൽക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ജില്ല, ഏരിയ നേതൃത്വങ്ങളുടെ പൂർണ പിന്തുണയും ലാജിക്കാണ്. വർക്കല നഗരസഭയിൽ എൽ.ഡി.എഫ് ഭരണം തുടരുമെന്ന് വി. ജോയി എം.എൽ.എ പറഞ്ഞു. കൂട്ടുകച്ചവടത്തിനോ കുതിരക്കച്ചവടത്തിനോ മുതിരില്ലെന്നും ജനകീയ പ്രതിപക്ഷമായി ബി.ജെ.പി നഗരസഭയിൽ പ്രവർത്തിക്കുമെന്നും സംസ്ഥാന കമ്മിറ്റി അംഗം ആലംകോട് ദാനശീലൻ പറഞ്ഞു.