
വിതുര: വിനോദസഞ്ചാരികളുടെ സ്വപ്‌നഭൂമിയായ പൊന്മുടിയിൽ ഉത്സവപ്രതീതി സൃഷ്ടിച്ച് ഇന്ന് രാവിലെ എട്ടുമണിക്ക് സഞ്ചാരികൾക്കായി തുറന്നുകൊടുക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് മാസം പകുതിയോടെയാണ് പൊന്മുടി അടച്ചത്. സംസ്ഥാനത്തെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങൾ കഴിഞ്ഞ മാസം തുറന്നെങ്കിലും പൊന്മുടിയെ ഒഴിവാക്കുകയായിരുന്നു. ആദിവാസി മേഖലകളിൽ കൊവിഡ് വ്യാപനം തടയാൻ പ്രവേശനം അനുവദിക്കരുതെന്ന് ആദിവാസി സംഘടനകൾ വനംവകുപ്പ് മന്ത്രിയെ അറിയിച്ചിരുന്നു. തുടർന്നാണ് പൊൻമുടി തുറക്കൽ വൈകിയത്.
മൂടൽമഞ്ഞ് നിറഞ്ഞൊഴുകുന്ന പൊന്മുടി സഞ്ചാരികൾക്ക് കൗതുകക്കാഴ്ച സമ്മാനിക്കും. മഞ്ഞിന്റെ ആധിക്യം മൂലം വാഹനങ്ങൾ സൂക്ഷിച്ച് ഓടിക്കേണ്ട അവസ്ഥയാണ്. ഉച്ചയോടെ വ്യാപിക്കുന്ന മഞ്ഞുവീഴ്ച 22 ഹെയർപിൻവളവുകൾ താണ്ടി കല്ലാർ വരെ പടരും. മിക്കദിവസങ്ങളിലും മഴയും കാറ്റും ഉണ്ടാകും.
പുത്തൻ കാഴ്ചകൾ
അടുത്തിടെയാണ് അപ്പർ സാനിറ്റോറിയത്തിൽ സഞ്ചാരികളുടെ സുരക്ഷയ്ക്കായി പുതിയ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം നടത്തിയത്. സഞ്ചാരികൾക്ക് കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പ് 2017ൽ ഭരണാനുമതി നൽകിയ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ മാസം നടന്നിരുന്നു. ലോവർ സാനിറ്റോറിയത്തിലാണ് 2.08 കോടി ചെലവിൽ സൗന്ദര്യവത്കരണം നടപ്പിലാക്കിയത്. കുട്ടികൾക്കുള്ള കളിക്കളം, ലാന്റ് സ്‌കേപ്പിംഗ്, ഇരിപ്പിടങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് സൗകര്യപ്രദമായി പാർക്ക് ചെയ്യുന്നതിനും ലോവർ സാനിറ്റോറിയം ഉപയോഗിക്കാം. നിലവിൽ ഇവിടെ വിനോദസഞ്ചാരികൾക്ക് താമസിക്കാൻ ഗവൺമെന്റ് ഗസ്റ്റ് ഹൗസ്, കെ.ടി.ഡി.സി കോട്ടേജുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. 4 കോടിയോളം രൂപ മുടക്കി അത്യാധുനിക സൗകര്യങ്ങളോടെ പുതിയൊരു ബ്ലോക്കും പൂർത്തിയായി വരുന്നു.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
തുറക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെയാണ് സന്ദർശന സമയം.
രണ്ട് മണിക്കൂറിൽ കൂടുതൽ അപ്പർ സാനിറ്റോറിയത്തിൽ നിൽക്കാൻ അനുവദിക്കില്ല. സഞ്ചാരികളെത്തുന്ന വാഹനങ്ങളിൽ സാനിറ്റൈസർ കരുതിയിരിക്കണം. മാസ്‌കും, സാമൂഹികഅകലവും നിർബന്ധമാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവരെ പിടികൂടി പിഴ ചുമത്തും. തിരക്ക് വർദ്ധിച്ചാൽ കല്ലാർ ചെക്ക് പോസ്റ്റിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. തിരക്ക് കുറഞ്ഞാൽ പൊന്മുടിയിലെ സന്ദർശന സമയം നീട്ടി നൽകും. ടൂറിസ്റ്റുകൾ വനംവകുപ്പിന്റെയും പൊലീസിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം
അജിത്കുമാർ (പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ)
എസ്. ശ്രീജിത്ത് (വിതുര സി.ഐ )