ldf

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായത് ചരിത്ര വിജയമെന്നും യു.ഡി.എഫും ബി.ജെ.പിയും ഉയർത്തിയ വിവാദങ്ങളെ തള്ളി സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളെ ജനം അംഗീകരിച്ചെന്നും സി.പി.എമ്മിന്റെയും സി.പി.ഐയുടെയും വിലയിരുത്തൽ. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നതിന് തെളിവാണിതെന്നും ഇരു പാർട്ടികളും കരുതുന്നു.

സർക്കാരിന്റെ പ്രവർത്തന മികവിനും ശരിയായ രാഷ്ട്രീയ നിലപാടിനും അംഗീകാരം കിട്ടിയെന്ന് ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമാക്കാനും തുടർഭരണ സാദ്ധ്യത ഉറപ്പാക്കാനുള്ള പ്രവൃത്തികളിലേർപ്പെടാനും തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക തയ്യാറാക്കുന്നതിന് അഭിപ്രായ, നിർദ്ദേശങ്ങൾ സ്വരൂപിക്കാൻ മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനത്തിന്റെ സമയക്രമവും യോഗം അംഗീകരിച്ചു.

പന്തളം മുനിസിപ്പാലിറ്റിയിലുൾപ്പെടെ എൽ.ഡി.എഫിന് തിരിച്ചടിയുണ്ടായതിന് സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകളും കാരണമായിട്ടുണ്ട്. ഇവ പാർട്ടി പ്രാദേശികമായി പരിശോധിക്കും. മറ്റ് ചിലയിടങ്ങളിലും സംഘടനാ ദൗർബല്യങ്ങളുണ്ടായി. ഇവയും വിശദമായി പരിശോധിക്കാനാണ് തീരുമാനം.

21 മുതൽ തുടർച്ചയായി ജില്ലാ കമ്മിറ്റികൾ ചേർന്ന് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. സംസ്ഥാന സെക്രട്ടേറിയറ്റംഗത്തിന്റെ സാന്നിദ്ധ്യത്തിലായിരിക്കും യോഗങ്ങൾ. ജനുവരി ഒന്നിന് സംസ്ഥാന സെക്രട്ടേറിയറ്റും 2, 3 തീയതികളിൽ സംസ്ഥാന കമ്മിറ്റിയും ചേരും. തുടർന്ന് ജില്ലാകമ്മിറ്റികൾ വീണ്ടും ചേർന്ന് തെറ്റുതിരുത്തൽ പ്രക്രിയയിലേക്ക് കടക്കും.

സർക്കാരിനെതിരായ ആക്ഷേപങ്ങളൊന്നും ജനങ്ങൾ ഗൗരവമായെടുത്തില്ലെന്നാണ് ഇന്നലെ രാവിലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തിയത്. ഇന്ന് മുതൽ തുടർച്ചയായുള്ള ദിവസങ്ങളിൽ ജില്ലാ എക്സിക്യൂട്ടീവുകൾ ചേർന്ന് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. 26ന് വീണ്ടും സംസ്ഥാന എക്സിക്യൂട്ടീവ് ചേരും.

സൗജന്യ ഭക്ഷ്യക്കിറ്റ് തുടരും

 ക്ഷേമ പെൻഷനും കൊവിഡ്കാല ക്ഷേമപ്രവർത്തനങ്ങളും ഗുണമായെന്ന് സി.പി.എം സെക്രട്ടേറിയറ്റ്

 കൊവിഡ് പ്രതിസന്ധി അകലുംവരെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരും, ക്ഷേമ പെൻഷൻ മുടക്കില്ല

 രാഷ്ട്രീയോദ്ദേശ്യമാണ് കേന്ദ്ര ഏജൻസികൾക്കെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനായി

 ഒരു വിഭാഗം മാദ്ധ്യമങ്ങളും ആക്ഷേപങ്ങളുയർത്താൻ ഒപ്പം ചേർന്നെങ്കിലും ജനം തള്ളി

 യു.ഡി.എഫിന്റെ തകർച്ച വ്യക്തമാക്കപ്പെട്ടു. അതിൽ നിന്ന് ബി.ജെ.പി നേട്ടമുണ്ടാക്കി

 ജോസ് കെ.മാണിയുടെയും ലോക് താന്ത്രിക് ജനതാദളിന്റെയും വരവ് മുന്നണിക്ക് ഗുണമായി