
തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷൻ എന്ന നിലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വികാരാധീനനായി.
'ഞാൻ അത്ര വലിയ തെറ്റ് ചെയ്‌തോ? പറയൂ, ഞാൻ ചെയ്ത തെറ്റെന്താണ് ?ഇപ്പോൾ തന്നെ തിരുത്താം.തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ വളഞ്ഞിട്ടാക്രമിച്ചത് ക്രൂരമായിപ്പോയി. ആനിമൽ പ്ളാനറ്റിൽ ഒരു മാനിനെ ചെന്നായ്ക്കൾ ആക്രമിക്കുംപോലെയാണ് നിങ്ങൾ എന്നെ ആക്രമിച്ചത്. എന്നെ മാത്രം ഒറ്റപ്പെടുത്തി ആക്രമിച്ചു.'
"വിജയത്തിന്റെ പിതൃത്വം അവകാശപ്പെടാൻ ഒരുപാട് പേരുണ്ടാകും. എന്നാൽ, പരാജയം അനാഥനാണ്. ഇരുപതിൽ 19 സീറ്റ് ലഭിച്ചിട്ട് വന്നപ്പോൾ ആരും പൂച്ചെണ്ട് തന്നില്ല."
മുതിർന്ന നേതാക്കൾ അഭിപ്രായം പറയുമ്പോൾ ആത്മസംയമനം പാലിക്കണം. പ്രതിസന്ധിഘട്ടത്തിൽ അപസ്വരമല്ല, ഐക്യമാണ് വേണ്ടത്. പ്രവർത്തകരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും.
വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിൽ യാതൊരു നൈരാശ്യവുമില്ല. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഒഴിച്ചാൽ ഒരു തദ്ദേശ തിരഞ്ഞെടുപ്പിലും വിജയം നേടാൻ സാധിച്ചില്ല എന്നതാണ് യാഥാർത്ഥ്യം.
നേതൃത്വം മാറണമെന്ന് സുധാകരൻ പറഞ്ഞിട്ടില്ല. അദ്ദേഹം നടത്തിയത് ക്രിയാത്മക വിമർശനമാണ്. അച്ചടക്കം നശിപ്പിക്കരുത് എന്ന് കരുതിയാണ് സംസാരിക്കാതിരിക്കുന്നത്. എല്ലാവരുമായും ആലോചിച്ചാണ് മുന്നോട്ട് പോയത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ കെ.പി.സി.സിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കാൻ ഏതെങ്കിലും നേതാവ് ദുഃസ്വാധീനം ചെലുത്തിയോയെന്ന് അന്വേഷിക്കും.
മദ്ധ്യകേരളത്തിൽ പരമ്പരാഗത വോട്ടുകളിൽ ചോർച്ചയുണ്ടായി. ജോസ് കെ.മാണിയുടെ വിട്ടുപോക്ക് മാത്രമല്ല നഷ്ടത്തിനു കാരണം.
ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ ശക്തമായ നിലപാടെടുത്തയാളാണെന്നും ഓർമകൾ ഉണ്ടായിരിക്കണമെന്നും അദ്ദേഹം ആർ.എം.പിയോട് പറഞ്ഞു.