h

തിരുവനന്തപുരം:ജില്ലയിലെ സർക്കാർ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഹരിത ഓഫീസുകളാകുന്നതിന്റെ പ്രഖ്യാപനവും ഗ്രീൻ സർട്ടിഫിക്കേഷൻ വിതരണവും ജനുവരി 26ന് നടക്കും. ദൈനംദിന പ്രവർത്തനങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഡിസ്‌പോസിബിൾ വസ്തുക്കൾ ഒഴിവാക്കി പുനരുപയോഗിക്കാനും പുനരുപയോഗം നടത്തുന്നതിനും സാദ്ധ്യമായ വസ്തുക്കൾ ഉപയോഗിക്കുന്ന ഓഫീസുകളെയാണ് ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നത്. ഇത്തരം ഓഫീസുകളെ കണ്ടെത്തുന്നതിനുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചതായി ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡി. ഹുമയൂൺ അറിയിച്ചു. ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഡിസ്‌പോസിബിൾ വസ്തുക്കളുടെ നിരോധനം, പ്രകൃതി സൗഹൃദ പാത്രങ്ങൾ സജ്ജീകരിക്കൽ, ഉപയോഗ ശൂന്യമായ ഫർണിച്ചറുകളും ഇ-മാലിന്യങ്ങളും നീക്കം ചെയ്യൽ, ജൈവ, അജൈവ മാലിന്യ സംസ്‌കരണ ഉപാധികൾ സ്ഥാപിക്കൽ, ലഭ്യമായ സ്ഥലത്ത് ജൈവ പച്ചക്കറി തോട്ടവും പൂന്തോട്ടവും സജ്ജീകരിക്കൽ, കാന്റീനും ഭക്ഷണമുറിയും ഹരിതാഭമാക്കൽ, ജലം മിതമായി ഉപയോഗിക്കുന്നതിനുള്ള സംവിധാനം, വൈദ്യുതി ലാഭിക്കൽ, പൊടിരഹിത ഓഫീസ്,ശുചിമുറി സൗഹൃദമായ ഓഫീസ് സംവിധാനം തുടങ്ങിയ ക്രമീകരണങ്ങൾ ഹരിത ഓഫീസുകളിലുണ്ടാകും. അതത് ഓഫീസുകൾ സമർപ്പിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഗ്രീൻ ഓഡിറ്റ് പരിശോധകസമിതി ഓഫീസുകൾ നേരിട്ട് സന്ദർശിച്ച് സംവിധാനങ്ങൾ വിലയിരുത്തിയ ശേഷമാകും ഇവയെ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുക.