
തിരുവനന്തപുരം: പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങിയപ്പോൾ, സംസ്ഥാനത്തെ സ്ത്രീസുരക്ഷാ പദ്ധതികളുടെ ഏകോപന ചുമതലയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥ എസ്കോർട്ടും ഗൺമാനുമില്ലാതെ തലസ്ഥാന നഗരത്തിൽ പ്രഭാത സവാരിക്കിറങ്ങിയപ്പോൾ ലഭിച്ചത് ആരെയും ഞെട്ടിപ്പിക്കുന്ന ദുരനുഭവം. കേരളത്തിലെ സ്ത്രീസുരക്ഷാ പദ്ധതികളുടെ നേർക്കാഴ്ചയാണിത്. കോവളം കാണാനെത്തിയ ലാറ്റ്‌വിയൻ യുവതിക്ക് ചതുപ്പിൽ ജീവൻ നഷ്ടമായിരുന്നു. വാളയാറിൽ പട്ടികജാതിക്കാരായ സഹോദരിമാർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതടക്കം എത്രയോ കേസുകൾ പൊലീസ് ഒതുക്കുന്നു.
2020 സ്ത്രീസുരക്ഷാ വർഷമായി പൊലീസ് ആഘോഷിക്കുമ്പോഴും അതിക്രമങ്ങൾ ആവർത്തിക്കുകയാണ്. സ്ത്രീസുരക്ഷയ്ക്ക് കോടികളുടെ കേന്ദ്ര - സംസ്ഥാന ഫണ്ടുണ്ട്. വർഷത്തിലൊരിക്കൽ രാത്രിനടത്തം സംഘടിപ്പിച്ചും വല്ലപ്പോഴും സെമിനാർ നടത്തിയും മൊബൈൽ ആപ്ലിക്കേഷനുകളിറക്കിയും ഈ കോടികൾ ചെലവഴിക്കുന്നുണ്ടെങ്കിലും വേറൊന്നും നടക്കുന്നില്ല.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളുടെ കണക്കുകളുദ്ധരിച്ച് പ്രതിപക്ഷം നിയമസഭയിൽ ആരോപണമുന്നയിച്ചപ്പോൾ, നല്ല ബോധവത്കരണം നടക്കുന്നതിനാലാണ് പരാതി കൂടുന്നതെന്നായിരുന്നു മുഖ്യമന്ത്റിയുടെ മറുപടി. സ്ത്രീസുരക്ഷ ഉറപ്പാക്കേണ്ട പൊലീസിനും പലപ്പോഴും വേട്ടക്കാരുടെ വേഷമാണ്. വാളയാറിലെ മൂത്ത പെൺകുട്ടി മരിച്ച് 51ദിവസം കഴിഞ്ഞാണ് ഇളയ കുട്ടി മരിച്ചത്. ഇത്രയും ദിവസത്തിനിടെ ഇളയ കുട്ടിയുടെ മൊഴിയെടുക്കാതെ കേസൊതുക്കാനാണ് ശ്രമിച്ചത്. പ്രതികളിൽ രണ്ടു പേർ മൂത്ത മകളെ പീഡിപ്പിച്ചത് കണ്ടെന്ന് അമ്മ പറഞ്ഞെങ്കിലും മൊഴി രേഖപ്പെടുത്തിയില്ല. പ്രതി മൊബൈൽ ഫോണിൽ നഗ്നചിത്രമെടുക്കാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടെന്ന് സാക്ഷി കോടതിയിൽ പറഞ്ഞെങ്കിലും ഇത് പൊലീസ് രേഖപ്പെടുത്തിയ മൊഴിയിലില്ല. കേസന്വേഷിച്ച പൊലീസുദ്യോഗസ്ഥനെ ഭാവിയിൽ ഒരന്വേഷണത്തിനും നിയോഗിക്കരുതെന്ന നിർദ്ദേശത്തിലൊതുങ്ങി നടപടികൾ.
'സുരക്ഷിത" എന്ന സ്ത്രീ സുരക്ഷാ പദ്ധതി പരീക്ഷിക്കുന്ന കൊല്ലത്തെ ചവറ പൊലീസ് സ്റ്റേഷനിൽ രാത്രിയിൽ അഭയം നൽകാൻ കൂട്ടിക്കൊണ്ടുവന്ന മനോനില തെറ്റിയ സ്ത്രീയേയും പിങ്ക് പൊലീസുകാരെയും ജി.ഡി ചാർജും മറ്റൊരു പൊലീസുകാരനും ചേർന്ന് പുറത്താക്കി ഗ്രില്ല് പൂട്ടി. തുടർന്ന് വനിതാ പൊലീസുകാരുടെ കണ്ണിൽ മണ്ണെറിഞ്ഞ് ദേശീയപാതയിലൂടെ ഓടിയ സ്ത്രീയെ നൈറ്റ് പട്രോൾ സംഘം പിടികൂടി തിരിച്ചുകൊണ്ടുവന്നെങ്കിലും സ്റ്റേഷനിൽ കയറ്റിയില്ല. സംഭവം ആരുമറിയാതെ ഒതുക്കി.
'ആപ്പിലായ സുരക്ഷ"
'രക്ഷ"
ഒറ്റയ്‌ക്ക് പുറത്തിറങ്ങുമ്പോഴും രാത്രി സഞ്ചരിക്കുമ്പോഴും സ്ത്രീകൾക്ക് തുണയാവാൻ രൂപീകരിച്ചതാണ് 'രക്ഷ" മൊബൈൽ ആപ്പ്. എസ്.എച്ച്.ഒമാർ മുതൽ ഡി.ജി.പി വരെയുള്ളവരുടെ ഫോൺ നമ്പർ ഇതിലുണ്ട്. യാത്ര ചെയ്യുന്ന വാഹനത്തിന്റെ ചിത്രം, രജിസ്‌ട്രേഷൻ നമ്പർ മുതലായവ കൺട്രോൾ റൂമിലേക്ക് അയയ്‌ക്കാം. അപകടസാഹചര്യങ്ങളിൽ നമ്പർ ഡയൽ ചെയ്യാതെ പാനിക് ബട്ടൺ അമർത്തിയാൽ അടിയന്തര സന്ദേശം കൺട്രോൾ റൂമിലെത്തും.
പൊലീസ് @യുവർ കോൾ
അത്യാവശ്യ സാഹചര്യങ്ങളിൽ പൊലീസിന്റെ സഹായം ആവശ്യമായി തോന്നിയാൽ പൊലീസ് സ്റ്റേഷൻ വേഗത്തിൽ കണ്ടെത്തുന്നതിനു സഹായിക്കുന്ന ആപ്ലിക്കേഷനാണിത് സ്റ്റേഷനിലേക്ക് എത്തുന്നതിനുള്ള വഴിയുൾപ്പെടെ ആപ്പിലുണ്ട്. സ്റ്റേഷനിലെയും കൺട്രോൾ റൂമിലെയും മൊബൈൽ നമ്പരുകളും ലഭിക്കും.
കെയർലൈഫ്
ശബ്ദമുപയോഗിച്ച് അപായ സൂചന നൽകാൻ കഴിയുന്ന മൊബൈൽ ആപ്ലിക്കേഷനാണ് കെയർലൈഫ്. 2 തവണ 'ഹെൽപ്" എന്നു പറഞ്ഞാൽ പ്രവർത്തിക്കും. ഇന്റർനെറ്റ് സഹായമില്ലാതെയും പ്രവർത്തിക്കും
പാഴായിപ്പോയ പ്രഖ്യാപനങ്ങൾ
രണ്ട് വനിതാ പൊലീസുകാരുൾപ്പെട്ട സംഘം ബസ് സ്റ്റോപ്പ്, സ്‌കൂൾകോളേജ് പരിസരം, പൊതുസ്ഥലം എന്നിവിടങ്ങളിൽ റോന്തുചുറ്റും
പെൺകുട്ടികൾ നേരിടുന്ന അതിക്രമങ്ങളും സുരക്ഷാഭീഷണികളും ചോദിച്ചറിയാൻ പ്രത്യേക പരിശീലനം
വനിതാ പൊലീസ് ഉദ്യോഗസ്ഥർ പഞ്ചായത്തുകൾ സന്ദർശിച്ച് പരാതികൾ സ്വീകരിക്കും. ക്രൈംഡ്രൈവ് ആപ്പ് മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ട് നിരീക്ഷിക്കും.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഗുരുതര കേസുകൾ റെയ്ഞ്ച് ഡി.ഐ.ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കും.
ഇക്കൊല്ലം അവസാനത്തോടെ വലിയ ജില്ലകളിൽ അഞ്ചു ലക്ഷം സ്ത്രീകൾക്കും ചെറിയ ജില്ലകളിൽ രണ്ടു ലക്ഷം വനിതകൾക്കും പരിശീലനം നൽകും.
വനിതകളുടെ രാത്രിയാത്ര സുരക്ഷിതമാക്കാൻ കൊല്ലത്തെ 'സുരക്ഷിത" പരിപാടി വ്യാപിപ്പിക്കും.
വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും.