manoharan

ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്ത് ഗാന്ധിസ്‌മാരകം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി ബി. മനോഹരന് എഴാം വരവിലും വിജയം. കഴിഞ്ഞ 32 വർഷമായി കോൺഗ്രസ് അംഗമായിരുന്ന ബി. മനോഹരന് ഇക്കുറി പാർട്ടി സീറ്റ് നൽകിയിരുന്നില്ല. ആപ്പിൾ ചിഹ്നത്തിൽ മത്സരിച്ച മനോഹരൻ 102 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഏഴ് തവണയായി വാർഡുകൾ മാറി മാറി മത്സരിച്ചെങ്കിലും ഇതുവരെയും തോൽവി അറിഞ്ഞിട്ടില്ല. 2010ൽ പോത്തകോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി വിജയിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടുകാലത്തെ അനുഭവ സമ്പത്തും ജനങ്ങളുമായുള്ള അടുപ്പവുമാണ് തനിക്ക് ഇക്കുറിയും വിജയിക്കാൻ സഹായമായതെന്നാണ് മനോഹരൻ പറയുന്നത്. അഴൂർ ക്ഷീരസംഘം പ്രസിഡന്റ്, പെരുങ്ങുഴി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.