1

തിരുവനന്തപുരം: ബസിനുള്ളിൽ തിങ്ങി നിറഞ്ഞ്,സീറ്റ് കിട്ടാതെ കമ്പിയിൽ തൂങ്ങി യാത്രക്കാർ ..ടിക്കറ്റ് നൽകാൻ ബുദ്ധിമുട്ടി കണ്ടക്ടർ..കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സർവീസുകൾ പുനരാരംഭിച്ച ശേഷം കഴിഞ്ഞ മൂന്നാഴ്ചയായുള്ള അവസ്ഥയാണിത്. രാവിലേയും വൈകിട്ടുമുള്ള കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിൽ മിക്കതിലും തിരക്കോട് തിരക്കാണ്.

ബസിൽ ആരേയും നിറുത്തിക്കൊണ്ടു പോകരുതെന്നും, അവസാന സർവീസുകളിൽ ഒൻപത് പേരെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കാമെന്നുമാണ് നിബന്ധന. എന്നാൽ,​ യാത്രക്കാരുടെ എണ്ണം കൂടിയിട്ടും അതിനനുസൃതമായി തിരക്കുള്ള സമയങ്ങളിൽ കൂടുൽ ബസ് സർവീസുകളില്ല. കൊവിഡ് മാനദണ്ഡം പാലിച്ച് സർവീസ് നടത്താനാണ് ജൂലായ് മൂന്നു മുതൽ ബസ് ചാർജ് 25% വർദ്ധിപ്പിച്ചത്.

ഇന്നലെ മുഴുവൻ സർവീസുകളും പുനരാരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചെങ്കിലും അതുമുണ്ടായില്ല.

സ്വകാര്യ ബസുകളും കിട്ടിയ അവസരം മുതലെടുക്കുന്നു. ആദ്യമൊക്കെ യാത്രക്കാർ കുറവായിരുന്നെങ്കിലും പിന്നീട് എണ്ണത്തിൽ വർദ്ധനവുണ്ടായി. സെപ്തംബറിൽ കെ.എസ്.ആർ.ടി.സി ബസിൽ ഒരു ദിവസം കയറിയ യാത്രക്കാരുടെ എണ്ണം 4.96 ലക്ഷമാണ്. ഈ മാസം അത് 9 ലക്ഷമായി വർദ്ധിച്ചിരുന്നു.

ഇന്നലെ ആകെ 2877 ഷെഡ്യൂൾ

ഇന്നലെ കെ.എസ്.ആർ.ടി.സി ഓപ്പറേറ്റ് ചെയ്തത് 2877 ഷെഡ്യൂളുകൾ മാത്രം. തമിഴ്നാട്ടിലേക്ക് സർവീസ് നടത്താൻ ഇതുവരെ അനുമതി ലഭിച്ചില്ല. പഴയതുപോലെ സർവീസ് തുടരാനാണ് ഇന്നലെ എടുത്ത തീരുമാനം.

വരുമാന വർദ്ധന

(മാസം, പ്രതിദിന സർവീസ്, വരുമാനം)

ആഗസ്റ്റ്- 1,200 - 21.65 കോടി

സെപ്തംബർ- 2,100 - 37.02 കോടി

ഒക്ടോബർ- 2,010 -- 47.47 കോടി

നവംബർ - 2,253 - 62.68 കോടി

ഡിസംബർ (16വരെ)- 2500--39.82 കോടി