
തിരുവനന്തപുരം: പ്ളസ് ടു പരീക്ഷ മാർച്ച് 17 മുതൽ രാവിലെയും എസ്.എസ്.എൽ.സി ഉച്ചയ്ക്കും നടത്താൻ ക്യൂ.എെ.പി (ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം) യോഗം സർക്കാരിനോട് ശുപാർശ ചെയ്തു. പരീക്ഷയുടെ കരട് ടൈംടേബിൾ തയ്യാറാക്കി. രാവിലെ 9.45നും ഉച്ചയ്ക്ക് 1.45 നും പരീക്ഷ തുടങ്ങും.
23ന് വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം കരട് ടൈംടേബിളിന് അന്തിമ രൂപം നൽകും. 30 ശതമാനം പാഠഭാഗം കുറയ്‌ക്കണമെന്ന് അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു. കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ചോദ്യം തയ്യാറാക്കണം. ഇതിന് എസ്.സി.ഇ.ആർ.ടി ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, പരീക്ഷാ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.
ക്ളാസുകൾ ക്രമീകരിക്കണം
ജനുവരി ഒന്നുമുതൽ പത്താം ക്ളാസിലെയും പ്ളസ് ടുവിലെയും കുട്ടികൾ ഒരുമിച്ചെത്തുന്നത് പ്രയാേഗികമാണോ എന്ന് യോഗം വിലയിരുത്തി. രാവിലെയും ഉച്ചയ്ക്കുമായി ക്ളാസുകൾ ക്രമീകരിക്കണമെന്നും അതല്ലെങ്കിൽ ഒന്നിടവിട്ട് കുട്ടികൾ വരുന്ന രീതിയാക്കണമെന്നും ഒമ്പതുവരെയുള്ള ക്ളാസിലെ കുട്ടികൾക്കും സ്കൂളിൽ വരുന്നതിനുള്ള അവസരമൊരുക്കണമെന്നും അദ്ധ്യാപകർ ചൂണ്ടിക്കാട്ടി.
പ്രോജക്ട് വർക്ക്, സെമിനാർ എന്നിവയ്ക്കുള്ള 20 മാർക്ക് നൽകുന്നത് എങ്ങനെയായിരിക്കണമെന്ന് കണ്ടെത്താൻ എസ്.സി.ഇ.ആർ.ടി ഡയറക്ടറെ ചുമതലപ്പെടുത്തി. മേളകൾക്ക് നൽകിയിരുന്ന ഗ്രേസ് മാർക്ക് നൽകണമെന്നും നിർദ്ദേശമുയർന്നു.
മറ്റ് നിർദ്ദേശങ്ങൾ
സ്കൂളുകൾ അണുവികുക്തമാക്കണം. പരിസരം വൃത്തിയാക്കണം
മേശയും കേസരയും വൃത്തിയായിരിക്കണം. ടോയ്ലറ്റ് വേണം
ദൂരെ നിന്നുള്ള അദ്ധ്യാപകരെ ഒഴിവാക്കണം
പ്രൈമറി അദ്ധ്യാപകർ സ്കൂളിൽ വരുന്നത് തടയരുത്.
സാഹചര്യങ്ങൾക്കനുസരിച്ച് അദ്ധ്യാപകരുടെ ജോലി ക്രമീകരിക്കണം.
ഒഴിവുകൾ നികത്തും
പ്രൈമറി സ്കൂളുകളിലെ ഹെഡ്മാസ്റ്റർ ഒഴിവ് ഒരാഴ്ചക്കകം നികത്തുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ പറഞ്ഞു. 50 വയസ് കഴിഞ്ഞവരെ പരിഗണിക്കും. ഒഴിവുള്ള അദ്ധ്യാപക തസ്തികയിൽ അദ്ധ്യാപകെര നിയമിക്കും. എയ്ഡഡ് സ്കൂളുകളിൽ ഒഴിവുള്ള തസ്തികകളിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കാം.
പൊതുവിഭ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ.ബാബു, കെ.സി. ഹരികൃഷ്ണ.ൻ, എം. സലാഹുദ്ദീൻ, എം. ശ്രീകുമാർ, അബ്ദുള്ള വാവൂർ തുടങ്ങിയവർ പങ്കെടുത്തു.