
തിരുവനന്തപുരം: കൊവിഡ് വ്യാപനം ചെറിയ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ശക്തമാകുന്നുവെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പരിപാടികളിൽ പങ്കെടുത്തവരും അവരുമായി ഇടപഴകിയവരും വരുന്ന ഒരാഴ്ചക്കാലം ശ്രദ്ധിക്കണം. പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ ഏത് രോഗ ലക്ഷണങ്ങളുണ്ടെങ്കിലും നിസാരമായി കാണരുത്. ഇ-സഞ്ജീവനിയുടേയോ ദിശ 1056ന്റേയോ സേവനം തേടേണ്ടതാണ്. ആരോഗ്യ പ്രവർത്തകരുടെ നിർദേശമനുസരിച്ച് കൊവിഡ് ടെസ്റ്റ് നടത്തി രോഗമുക്തരാണെന്ന് ഉറപ്പാക്കണം. ടെലി മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തിയതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
മറ്റു രോഗങ്ങൾക്ക് പുറമേ ക്വാറന്റൈനിൽ കഴിയുന്നവർക്കും കൊവിഡ് സംശയിക്കുന്നവർക്കും ഇ-സഞ്ജീവനിയെ ചികിത്സയ്ക്കും നിർദേശങ്ങൾക്കും ആശ്രയിക്കാം. സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ കൂടാതെ കൊവിഡ് ക്ലിനിക്കുകളുടെ സേവനവും ലഭ്യമാണ്. സൈക്യാട്രി, ശിശുരോഗവിഭാഗം, ഹൃദ്രോഗവിഭാഗം, ഗൈനക്കോളജി തുടങ്ങിയ സ്‌പെഷ്യാലിറ്റി ഒ.പി സേവനങ്ങൾ ജില്ലകളിൽ ലഭ്യമാണ്. മലബാർ കാൻസർ സെന്റർ ആർ.സി.സി കൊച്ചിൻ കാൻസർ സെന്റർ, ഇംഹാൻസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്‌സ് തുടങ്ങിയ ആരോഗ്യകേന്ദ്രങ്ങളിലും
ഇ-സഞ്ജീവനി ഒ.പി ലഭ്യമാണ്.
വീട്ടിലിരുന്ന് ഡോക്ടറെ കാണാം
1.https://esanjeevaniopd.in/ എന്ന ഓൺലൈൻ സൈറ്റ് സന്ദർശിക്കുകയോ,ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യണം.
2.ഉപയോഗിക്കുന്ന മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യണം.
3. ലഭിക്കുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.
4.വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് സംസാരിക്കാം.
5. മരുന്ന്, പരിശോധനാ കുറിപ്പടി ഉടൻ ഡൗൺലോഡ് ചെയ്ത് എടുക്കാം.
6.കുറിപ്പടി ഉപയോഗിച്ച് മരുന്നു വാങ്ങാം, പരിശോധനകൾ നടത്താം