ss

വക്കം: വക്കത്ത് സമഗ്ര മത്സ്യകൃഷി പദ്ധതി നടപ്പിലാക്കുന്നു. നടപ്പ് സാമ്പത്തിക വർഷം തന്നെ ചെറുതും - വലുതുമായ 26 പദ്ധതികൾ ഇതിനകം തന്നെ നടപ്പിലാക്കിക്കഴിഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സംസ്ഥാന ഫിഷറീസ് ഡിപ്പാർട്ട്മെന്റും, തുടർന്ന് സുഭിക്ഷ കേരളം പദ്ധതിയും സംയുക്തമായി പദ്ധതി നടപ്പിലാക്കി വരുന്നത്.

ആദ്യ ഘട്ടത്തിൽ 5 കൂട് കൃഷിയാണ് നടപ്പിലാക്കിയത്. പദ്ധതി വിജയമായതോടെ ഇതിനകം തന്നെ 8 കൂട് കൃഷി കൂടി ആരംഭിച്ചു. ഇതിനിടെ നാല് വട്ടങ്ങൾ കൂടി ഏറ്റെടുത്ത് സമഗ്ര മത്സ്യകൃഷി ആരംഭിക്കുകയായിരുന്നു. മത്സ്യകൃഷി ലാഭകരമായതോടെ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിച്ച് വരുന്നു.

കായൽ തീരങ്ങളിൽ കൂട് മത്സ്യകൃഷിയാണ് ലാഭകരം. പുറം കായലുകളും, വട്ടങ്ങൾ കേന്ദ്രീകരിച്ചുള്ള മത്സ്യ കൃഷിയും നടപ്പിലാക്കാവുന്നതാണ്. വീടുകൾ കേന്ദ്രീകരിച്ചാണെങ്കിൽ പടുത കൃഷിയും, ടാങ്കുകളിൽ മത്സ്യകൃഷിയും നടത്താം. കൂട് മത്സ്യകൃഷിക്ക് ഫിഷറീസ് സബ്സിഡിയും നൽകി പ്രോത്സാഹിപ്പിക്കുന്നു. അകത്ത് മുറിക്കടവ് കേന്ദ്രീകരിച്ചാണ് വനമി കൊഞ്ച് കൃഷി ആരംഭിക്കുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ വിഷ രഹിത മത്സ്യോത്പാദനം വർദ്ധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.