ldf

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർ ഭരണമുറപ്പാക്കാനുള്ള തയാറെടുപ്പുകളാരംഭിക്കാൻ ഇന്നലെ ചേർന്ന ഇടതുമുന്നണിയോഗം തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനത്തിനായി വിളിച്ച യോഗം വിജയാഹ്ലാദം പങ്കിടലിനുള്ള വേദിയായി . കേരള കോൺഗ്രസ് നേതാവ് സ്കറിയ തോമസ് കൊണ്ടുവന്ന കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ .

മുഖ്യമന്ത്രി എല്ലാ ജില്ലകളിലുമെത്തി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുമായി ആശയവിനിമയം നടത്താൻ തീരുമാനിച്ചത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായാണെന്ന് കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.രാവിലെ സി.പി.എം സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ച പര്യടന ഷെഡ്യൂളിൽ മുന്നണിയോഗത്തിലെ ചർച്ചയുടെ അടിസ്ഥാനത്തിൽ ചെറിയ ക്രമീകരണങ്ങൾ വരുത്തി. 23ന് രാവിലെ ഇടുക്കിയിൽ നടത്താനിരുന്ന പര്യടനം, അന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് തിരഞ്ഞെടുപ്പിനായി നിയമസഭയിലെ ഹിന്ദു അംഗങ്ങളുടെ വോട്ടെടുപ്പ് നടക്കുന്നതിനാൽ മാറ്റിവച്ചു. മറ്റ് ജില്ലകളിലെ പര്യടനത്തിനുള്ള ഷെഡ്യൂൾ അംഗീകരിച്ചു.

ജനുവരിയിലെ നിയമസഭാസമ്മേളനം അവസാനിച്ചാലുടൻ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളിലേക്ക് കടക്കാൻ യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതടക്കമുള്ള നടപടികൾ ഉടനാരംഭിക്കണം. എൽ.ഡി.എഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ യു.ഡി.എഫും ബി.ജെ.പിയും ചേർന്ന് നടത്തിയ ശ്രമങ്ങളെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഒരു വർഷം മുമ്പ് സ്വകാര്യ ചാനൽ സർവ്വേ നടത്തി തുടർഭരണം പ്രവചിച്ചപ്പോൾ മുതൽ ഗൂഢാലോചനയാരംഭിച്ചെന്ന് ചൂണ്ടിക്കാട്ടി. സ്വർണ്ണക്കടത്ത് അന്വേഷിക്കാനെത്തിയ ഏജൻസികൾ സ്വർണം എവിടെ നിന്നെത്തിയെന്നോ എങ്ങോട്ട് പോയെന്നോ മാത്രം ഇതുവരെ കണ്ടെത്തിയില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തുകളിലെ ഫലം രാഷ്ട്രീയവിലയിരുത്തലാകുമെന്ന് യു.ഡി.എഫാണ് പറഞ്ഞത്. ഇപ്പോൾ എല്ലാ ഫലവും ഇടതിനനുകൂലമായി. ലൈഫ് പദ്ധതി നിറുത്തലാക്കുമെന്നൊക്കെയുള്ള അവരുടെ നേതാക്കളുടെ പ്രതികരണങ്ങൾ, വീട് ലഭിക്കുന്ന ഭവനരഹിതരായ പാവങ്ങളുടെ ഹൃദയത്തിലേല്പിച്ച മുറിവ് വലുതായിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

. തങ്ങളുടെ മുന്നണിമാറ്റവും തിരഞ്ഞെടുപ്പും ഒന്നിച്ചെത്തിയതിനാൽ, ഈ ജനവിധി തങ്ങളുടെ രാഷ്ട്രീയവിജയമാണെന്ന് ജോസ് കെ.മാണി പറഞ്ഞു.തദ്ദേശസ്ഥാപനങ്ങളിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ചെറു കക്ഷികൾക്കും വിട്ടുകിട്ടണണമെന്ന ആവശ്യം എൽ.ജെ.ഡി ഉന്നയിച്ചപ്പോൾ ,ജെ.ഡി.എസ് അടക്കമുള്ള കക്ഷികൾ പിന്തുണച്ചു.ജില്ലാതലങ്ങളിൽ ആദ്യം ചർച്ച ചെയ്യട്ടെയെന്ന് കോടിയേരി ബാലകൃഷ്ണൻ നിർദ്ദേശിച്ചു. പിന്നീട് ആവശ്യമെങ്കിൽ സംസ്ഥാനതലത്തിലും ചർച്ച ചെയ്യാം.