തിരുവനന്തപുരം:കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പായിരുന്നിട്ടും അപ്രതീക്ഷിതമായി ചിലർ തോറ്റ വാർഡുകളിൽ സി.പി.എം ജില്ലാകമ്മിറ്റി പ്രത്യേക പരിശോധനയ്ക്ക് ഒരുങ്ങുന്നു. നെടുങ്കാട്,പൊന്നുമംഗലം, ശാസ്തമംഗലം,ചെല്ലമംഗലം,കരിക്കകം തുടങ്ങിയ വാർഡുകളിൽ വോട്ടു നഷ്ടമുണ്ടായോയെന്ന് വിലയിരുത്തുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി വി.ശിവൻകുട്ടിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. 25ഓളം വാർഡുകളിൽ യു.‌ഡി.എഫിന്റെയും ബി.ജെ.പിയുടെയും വോട്ടുകച്ചവടത്തെ അതിജീവിച്ചാണ് ഇക്കുറി വ്യക്തമായ ഭൂരിപക്ഷം നേടിയത്. നെടുങ്കാട് വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് 74 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.10 ബൂത്തുകളുള്ള വാർഡിൽ യു.ഡി.എഫിന് ഒരു വോട്ട് മാത്രം ലഭിച്ച സ്ഥലങ്ങളുണ്ട്. ഇത് വോട്ട് കച്ചവടത്തിന് ഉദാഹരണമാണ്. പി.ടി.പി നഗറിൽ സി.പി.ഐയിലെ ഹാപ്പികുമാറിനെ പരാജയപ്പെടുത്താനും സമാനമായ ഇടപെടലുണ്ടായി. അതേസമയം കാലടി വാർഡിലെ തോൽവിക്ക് കാരണം കേരളകോൺഗ്രസ് ജോസ് കെ.മാണി വിഭാഗം സ്ഥാനാർത്ഥിയെ പ്രവർത്തകർ ഉൾക്കൊള്ളാത്തതിനാലാണ്. സി.പി.എം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആദ്യഘട്ട പ്രചാരണത്തിന് ശേഷം മുന്നണി ധാരണയ്ക്ക് അനുസരിച്ചാണ് വാർഡ് വിട്ടുകൊടുക്കേണ്ടിവന്നത്.ഇത് പ്രവർത്തകർ ഉൾക്കൊള്ളാൻ തയ്യാറായില്ല. തോൽവിയുടെ കാരണം അംഗീകരിക്കുന്നു.ജോസ് കെ.മാണിയുടെ സ്ഥാനാർത്ഥി തോറ്റത് കാരണം അവരുടെ പാർട്ടിക്ക് ജനപിന്തുണയില്ലെന്ന് കരുതുന്നില്ലെന്നും നേതാക്കൾ വ്യക്തമാക്കി.നെട്ടയത്ത് പാർട്ടിക്കെതിരെ വിമതൻ മത്സരിച്ചതാണ് തോൽവിയ്ക്ക് കാരണം.വിമതനെ നേരത്തെ പാർട്ടിയിൽ നിന്നു പുറത്താക്കിയതോടെ പ്രാദേശിക പ്രശ്നം പരിഹരിച്ചു.

വിവിധ വാർഡുകളിൽ സി.പി.എമ്മിനെ പരാജയപ്പെടുത്താൻ വോട്ടുകച്ചവടത്തിന് ഇടനില നിന്നത് കോൺഗ്രസാണ്.എന്നാൽ ജനങ്ങൾ അതിനെ തള്ളികളഞ്ഞു.ബി.ജെ.പി പണം ഒഴുക്കിയാണ് വോട്ടു പിടിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരൻ ഇതിന് നേതൃത്വം നൽകി.പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമ്പോൾ എയർപോർട്ടിൽ സ്വീകരിക്കാൻ തങ്ങളുടെ മേയർ വേണമെന്നായിരുന്നു ബി.ജെ.പിക്കാരുടെ സ്വപ്നം. എന്നാൽ ഏത് പ്രധാനമന്ത്രി വന്നാലും സ്വീകരിക്കാൻ ഇടതുപക്ഷത്തിന്റെ മേയർ മതിയെന്ന് ജനങ്ങൾ തീരുമാനിച്ചെന്ന് വി.ശിവൻകുട്ടി പറഞ്ഞു.