
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ 2015 നേക്കാൾ നേട്ടം ഉണ്ടായെങ്കിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ലെന്ന് വ്യാഴാഴ്ച വൈകിട്ട് ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി വിലയിരുത്തി.
യു.ഡി.എഫ് ഉന്നയിച്ച പ്രശ്നങ്ങളൊന്നും സമൂഹത്തിൽ ചർച്ചയായില്ല. സർക്കാരിന്റെ പരാജയങ്ങൾ ഫലപ്രദമായി ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞില്ല. പ്രബുദ്ധ കേരളത്തിൽ ഒരിടത്തും രാഷ്ടീയം ചർച്ചയായില്ല എന്നത് ദൗർഭാഗ്യകരമാണ്. ജനങ്ങൾക്ക് തെറ്റിധാരണയുണ്ടാക്കുന്ന പ്രചാരണങ്ങളെ ഫലപ്രദമായി നേരിടാനും സാധിച്ചില്ല. കേന്ദ്രം ഭരിക്കുന്ന കക്ഷിയും സംസ്ഥാനം ഭരിക്കുന്നവരും പണം വാരിയെറിഞ്ഞപ്പോൾ സാമ്പത്തിക പ്രതിസന്ധി കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രവർത്തനത്തെ ബാധിച്ചെന്നും യോഗം വിലയിരുത്തി.
തദ്ദേശ തിരഞ്ഞടുപ്പിൽ 2010ൽ മാത്രമാണ് യു.ഡി.എഫ്.മേൽക്കൈ നേടിയത്. ഇക്കുറി അനുകൂലസാഹചര്യം ഉണ്ടായിട്ടും അതിനായില്ലെന്നത് ഗൗരവത്തോടെ കാണണം.നാലുമാസത്തിനുള്ളിൽ നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിനായി ശക്തമായ നടപടികളെടുക്കാനും ആറുമണിക്കൂർ നീണ്ട ചർച്ചയിൽ തീരുമാനമായെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം കോർപറേഷനിലെ ദയനീയതോൽവി, വെൽഫെയർ പാർട്ടി ബന്ധമുണ്ടാക്കിയ ആശയകുഴപ്പം, ജോസ് കെ. മാണി മുന്നണി വിട്ടുപോയത്. മദ്ധ്യകേരളത്തിലെ പരമ്പരാഗത വോട്ടുകളിലെ ചോർച്ച, സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ച, സാമ്പത്തിക പരിമിതി തുടങ്ങിയവയെല്ലാം ചർച്ചയായി.
തീരുമാനങ്ങൾ
ജനുവരി 6,7 - രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എം. പിമാർ, എം. എൽ. എമാർ, ഡി. സി. സി പ്രസിഡന്റുമാർ എന്നിവരുടെ യോഗം. ഇന്ന് ജില്ലകളുടെ ചുമതലയുള്ളവർ വിശദീകരണം നൽകും. കെ. പി. സി. സി സെക്രട്ടറിമാരുടെയും ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരുടെയും യോഗം ഇന്ദിരാഭവനിൽ രാവിലെ പത്തിന്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവർ പങ്കെടുക്കും. 21ന് നിയോജകമണ്ഡലങ്ങളുടെ ചുമതലയുള്ള കെ. പി. സി. സി ഭാരവാഹികൾ അതത് നിയോജക മണ്ഡലങ്ങളിൽ യോഗം വിളിക്കണം. കോൺഗ്രസ് എം.എൽ.എമാർ, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ, കെ.പി.സി.സി മെമ്പർമാർ, ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കും. 22ന് ബ്‌ളോക്ക് തലത്തിലും 23, 24, 26 തീയതികളിൽ ജില്ലതിരിച്ച് ഇന്ദിരാഭവനിലും അവലോകനയോഗം. 23ന് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്. 24ന്കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, 26ന് തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലാപ്രതിനിധികൾ ഇൗ യോഗങ്ങളിൽ എത്തും.