
കൊച്ചി : നവജാത ശിശുക്കളിലെ കേൾവിത്തകരാർ നേരത്തേ കണ്ടെത്തി പരിഹരിക്കാൻ ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) നടപ്പാക്കിയ പദ്ധതിയിലൂടെ രാജ്യത്തെ ആദ്യ സമ്പൂർണ കേൾവിസൗഹൃദ സംസ്ഥനമായി കേരളം മാറിയതായി സംസ്ഥാന പ്രസിഡന്റ് ഡോ.എം നാരായണൻ, സെക്രട്ടറി ഡോ.ഡി ബാലചന്ദർ, പ്രൊജക്ട് കൺവീനർ ഡോ. എബ്രാഹം കെ. പോൾ എന്നിവർ അറിയിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ ജില്ലകളെകൂടി ശ്രവണ സൗഹൃദ ജില്ലകളായി പ്രഖ്യാപിച്ചതോടെയാണ് കേരളം രാജ്യത്തെ ആദ്യ സമ്പൂർണ ശ്രവണസൗഹൃദ സംസ്ഥാന പദവി കരസ്ഥമാക്കിയത്. മുഴുവൻ ആശുപത്രികളിലും ജനിക്കുന്ന കുട്ടികളുടെ കേൾവിശക്തി ആദ്യ ആഴ്ചയിൽ തന്നെ പരിശോധിച്ച് ഉറപ്പാക്കുന്നതാണ് പദ്ധതി. ഇതിലൂടെ കേൾവി തകരാറുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ ചികത്സിസിച്ചു ഭേദമാക്കാനും സാധിക്കും. ഓട്ടോ അക്കൗസ്റ്റിക് എമിഷൻ (ഒ.എ.ഇ) പരിശോധനയിലൂടെയാണ് നവജാത ശിശുക്കളിലെ കേൾവിത്തകരാർ കണ്ടെത്തുന്നത്. നവജാത ശിശുക്കളുടെ കേൾവി പരിശോധനയ്ക്ക് എറണാകുളം ജില്ലയിൽ ആരംഭിച്ച പദ്ധതി ലോകാരോഗ്യ സംഘടനയുടെ പ്രശംസ നേടുകയും ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ എറണാകുളം മാതൃക സ്വീകരിക്കപ്പെട്ടിരുന്നു. രാജ്യാന്തര പ്രോട്ടോക്കോൾ പ്രകാരമുള്ള കേൾവി പരിശോധന നവജാത ശിശുക്കൾക്ക് ലഭ്യമാകുമെന്ന്ൾഭാരവാഹികൾ പറഞ്ഞു.