കിളിമാനൂർ: മാങ്ങ വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ യുവാവ് വഴിയോര കച്ചവടക്കാരനിൽ നിന്നും പണം തട്ടിയെടുത്ത് മുങ്ങി. കിളിമാനൂർ ചെങ്കിക്കുന്ന് സ്‌കൂളിന് സമീപം ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. മാങ്ങ വില്പന നടത്തുകയായിരുന്ന അജ്മലിന് മുന്നിൽ ബുള്ളറ്റ് ബൈക്കിലെത്തിയ യുവാവ് ഗർഭിണിയായ ഭാര്യയ്ക്ക് നൽകാനെന്ന് പറഞ്ഞ് മാങ്ങയുടെ വില ചോദിച്ചു. ആദ്യം നാല് കിലോ വേണമെന്ന് പറഞ്ഞ യുവാവ് തന്റെ കൈയിൽ 2000 രൂപയുടെ നോട്ടാണുള്ളതെന്നും അറിയിച്ചു. ചില്ലറയില്ലെന്ന് അജ്മൽ പറഞ്ഞപ്പോൾ എട്ട് കിലോ മാങ്ങയുടെ വില കഴിച്ച് ബാക്കി തുക തരാമോ എന്നായിരുന്നു യുവാവിന്റെ മറുപടി. ഇതനുസരിച്ച് തുക എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ പണം തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നെന്ന് അജ്മൽ പറഞ്ഞു. പൊലീസിൽ പരാതി നൽകി.