1

ശ്രീകാര്യം: എസ്.എൻ ട്രസ്റ്റിന് കീഴിലെ ആദ്യ സ്‌കൂളായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം ഹയർസെക്കൻഡറി സ്‌കൂളിനെ മാതൃകാ വിദ്യാലയമാക്കി മാറ്റുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇന്നലെ സ്‌കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നവീകരണ പ്രവർത്തനങ്ങളുടെയും സ്‌കൂളിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരുടെ യാത്രഅയപ്പ് സമ്മേളനത്തിന്റെയും ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ് മാനേജ്‌മെന്റ്‌ പ്രതിനിധി ഡി. പ്രേംരാജ് നിർവഹിച്ചു. എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടിവ് അംഗം മേലാംകോട് സുധാകരൻ അദ്ധ്യക്ഷനായ ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദർശനൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം ചെമ്പഴന്തി ശശി, ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജയാബിനി, സ്‌കൂൾ എച്ച്.എം സീന തുടങ്ങിയവർ സംസാരിച്ചു. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാഭ്യാസ മേഖലയിൽ എല്ലാ വർഷവും മികച്ച വിജയം നേടുന്ന പ്രദേശത്തെ പ്രധാന സ്‌കൂളായ ഇവിടെ ആധുനിക രീതിയിൽ സൗകര്യങ്ങൾ ഒരുക്കിയും ക്ലാസ് റൂമുകൾ ഹൈടെക്ക് ആക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആരംഭിക്കുന്നത്.