
തിരുവനന്തപുരം: നഴ്‌സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിലിന്റെ 2014 - 2019 കാലത്തെ പ്രവർത്തനങ്ങളിൽ ക്രമക്കേടുകൾ നടന്നതായി സംസ്ഥാന ഓഡിറ്ര് വകുപ്പിന്റെ റിപ്പോർട്ട്.
മാനദണ്ഡങ്ങൾ പാലിക്കാത്ത നഴ്‌സിംഗ് സ്ഥാപനങ്ങൾക്ക് അംഗീകാരവും ഗ്രാന്റും നൽകി, 2015-19 കാലത്തെ സ്ഥിരനിക്ഷേപ പലിശ അഞ്ചു കോടിയാണെങ്കിലും ആറുകോടി വരെ ബഡ്ജറ്റിൽ വരവായി ഉൾപ്പെടുത്തി, കേന്ദ്രം നൽകിയ ഒരു കോടി രൂപയുടെ കണക്ക് സൂക്ഷിച്ചില്ല തുടങ്ങിയ വിമർശനങ്ങളാണ് റിപ്പോർട്ടിലുള്ളത്.
തിരഞ്ഞെടുപ്പ് ചെലവിനായി കൗൺസിലിന് നിയന്ത്രണമില്ലാത്ത വ്യക്തിയുടെ അക്കൗണ്ടിലേക്ക് 1.9കോടി രൂപ കൈമാറി, സുപ്രീംകോടതിയിലെ കേസിൽ സർക്കാർ അനുമതി ഇല്ലാതെ കക്ഷി ചേർന്ന് തുക ചെലവഴിച്ചു, കൗൺസിലിന്റെ സ്റ്റാഫ് പാറ്റേൺ 14ൽ നിന്ന് 34 ആക്കി തുടങ്ങിയ വിമർശനങ്ങളും ഉണ്ട്.
ചട്ടപ്രകാരമല്ലാതെ രജിസ്ട്രാർക്ക് സിറ്റിംഗ് ഫീസ് നൽകി 1,41,750 രൂപ നഷ്ടമുണ്ടാക്കിയെന്നും 2017- 18ൽ സർക്കാരിന്റെ അനുമതി വാങ്ങാതെ രജിസ്ട്രാർ വിമാനയാത്ര നടത്തിയെന്നും ജെ.പി.എച്ച്.എൻ പരിശീലന കേന്ദ്രങ്ങളിൽ എ.എൻ.എം കോഴ്‌സിനായി അംഗീകരിച്ചിട്ടുള്ള സീറ്റുകൾ 25 ആയിരിക്കെ 45 പേരെ പ്രവേശിപ്പിച്ചതായും കണ്ടെത്തി.