
തിരുവനന്തപുരം: റീബിൽഡ് കേരള ഇനിഷ്യേറ്റീവിനു ജർമ്മൻ ബാങ്കായ കെ .എഫ്.ഡബ്ല്യുവിന്റെ രണ്ടാംഘട്ട സഹായത്തിന്റെ വായ്പാകരാർ 22ന് കേന്ദ്ര സർക്കാരും ജർമ്മൻ പ്രതിനിധികളും തമ്മിൽ ഒപ്പിടും. ഇന്നലെയാണ് തീയതി നിശ്ചയിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റുകയായിരുന്നു.
വായ്‌പാ കരാർ ഒപ്പിട്ട ശേഷം അടുത്ത ആഴ്ച സംസ്ഥാന സർക്കാരും കെ.എഫ്.ഡബ്ല്യുവും പ്രോജക്ട് കരാർ ഒപ്പുവയ്ക്കും. ജനുവരി 31നു മുൻപ് പണം സംസ്ഥാനത്തിനു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജലവിതരണം, ശുചീകരണം, കാലാവസ്ഥാബന്ധിത നഗര വികസനം, ദുരന്തനിവാരണ ഇൻഷ്വറൻസും ഫിനാൻസിംഗും എന്നിവയ്ക്കാണ് ജർമ്മൻ ബാങ്കിന്റെ സഹായം ലഭിക്കുക. ആദ്യഘട്ട സഹായമായി ലോകബാങ്ക് 1779.58 കോടി രൂപയാണ് റീബിൽഡ് കേരളയ്ക്ക് നൽകിയത്. ജർമ്മൻ ബാങ്ക് 170 ദശലക്ഷം യൂറോയും ( 1530 കോടി രൂപ ) നൽകി.