
ലീഗ് മതതീവ്രവാദ രാഷ്ട്രീയത്തിലേക്ക് മാറി
തിരുവനന്തപുരം: സാമുദായിക, വർഗീയ ധ്രുവീകരണങ്ങളെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായി എൽ.ഡി.എഫ് യോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ച കൺവീനർ എ. വിജയരാഘവൻ പറഞ്ഞു.
ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയ ധ്രുവീകരണങ്ങൾക്കുള്ള ശ്രമങ്ങളാണുണ്ടായത്. ബി.ജെ.പി ഭൂരിപക്ഷവർഗീയതയെ മുതലെടുക്കാൻ ശ്രമിച്ചു. രണ്ട് വർഗീയ കൂട്ടായ്മകൾക്കുമൊപ്പം നിന്ന് നേട്ടമുണ്ടാക്കാൻ ശ്രമിച്ച യു.ഡി.എഫിനും തിരിച്ചടിയുണ്ടായി.
പ്രാദേശിക തിരഞ്ഞെടുപ്പിൽ 1990ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന മുന്നണിക്ക് അനുകൂലമായ വിധിയുണ്ടാകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് വരുമ്പോൾ കേരളത്തിൽ പൊതുവെ ഭരണവിരുദ്ധവികാരം പ്രവർത്തിക്കാറുണ്ട്. വിജയത്തുടർച്ചകളും തദ്ദേശ തിരഞ്ഞെടുപ്പുകളിൽ കുറവാണ്. ഈ സ്ഥിതിക്ക് ഭരിക്കുന്ന സർക്കാരിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ഈ ഫലം. തിരഞ്ഞെടുപ്പ് കമ്മിഷന് പറ്റിയ പിഴവ് തിരുത്തപ്പെട്ടതോടെ നഗരസഭകളിലടക്കം ഇപ്പോൾ ഇടതുമുന്നണിയാണ് മുന്നിലെന്ന് വ്യക്തമാക്കപ്പെട്ടു.
മതതീവ്രവാദ രാഷ്ട്രീയത്തിലേക്ക് മുസ്ലിംലീഗ് പരിവർത്തനം ചെയ്യപ്പെടുന്നതാണ് ജമാഅത്തെ ഇസ്ലാമിയുമായുള്ള അവരുടെ ബന്ധം വ്യക്തമാക്കുന്നത്. ആ കൂട്ടുകെട്ടില്ലായിരുന്നുവെങ്കിൽ ലീഗിന് വലിയ തിരിച്ചടിയുണ്ടായേനെ. വർഗീയ കക്ഷികളുമായി കൂട്ടുകൂടിയാൽ സ്വന്തം അടിത്തറ പോലുമില്ലാതാകുമെന്ന് മനസ്സിലാക്കാനാവാത്ത കെ.പി.സി.സിയാണുള്ളത്. ലീഗിന്റെ നിലപാട് മാറ്റം തിരിച്ചറിയാനും അവർക്കായിട്ടില്ല.
എ.ഐ.സി.സി അദ്ധ്യക്ഷയുൾപ്പെടെ ബി.ജെ.പിയെയും കേന്ദ്ര ഏജൻസികളെയും കുറ്റപ്പെടുത്തുമ്പോൾ ഇവിടെ അവരുടെ വഴിവിട്ട പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് പിന്തുണ നൽകുന്നു. അതാണ് തിരിച്ചടിയായത്.
ഇടതുമുന്നണി ഒറ്റക്കെട്ടായാണ് പോകുന്നത്. ഘടകകക്ഷികളെല്ലാം സംതൃപ്തരാണ്. അവരെ അസംതൃപ്തിയിലേക്ക് നയിക്കാൻ ശ്രമിക്കേണ്ട. ബി.ജെ.പി ശക്തിപ്പെടാതിരിക്കുകയെന്ന നിലപാടാണ് ഇടതുമുന്നണി എക്കാലവും സ്വീകരിച്ചത്. തിരുവനന്തപുരത്ത് ബി.ജെ.പി ജയിച്ച വാർഡുകളിൽ കോൺഗ്രസ് വോട്ടുകൾ കൈമാറിയിട്ടുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.
കർഷക സമര ഐക്യദാർഢ്യം
ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യമർപ്പിച്ച് 23ന് രാവിലെ 10.30ന് പാളയം രക്തസാക്ഷിമണ്ഡപത്തിൽ ഇടതുമുന്നണി സംഘടിപ്പിക്കുന്ന കൂട്ടായ്മ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.