
നെടുമങ്ങാട്: നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുന്ന എൽ.ഡി.എഫിന് മലനാടിന്റെ ഉറച്ച പിന്തുണ. ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മേൽക്കൈ നേടിയ നെടുമങ്ങാട്, അരുവിക്കര, വാമനപുരം നിയോജക മണ്ഡലങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഇരുപത്തിനായിരത്തിനു മുകളിലാണ് എൽ.ഡി.എഫ് ആർജ്ജിച്ച ഭൂരിപക്ഷം. യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളായ ആനാടും അരുവിക്കരയും മാണിക്കലും പനവൂരും നെല്ലനാടും ഇടതിന് മൃഗീയ ഭൂരിപക്ഷമാണ് സമ്മാനിച്ചത്. സി.പി.എമ്മിന്റെ ഉരുക്കു കോട്ടകളായ നെടുമങ്ങാട് നഗരസഭയും കരകുളം ഗ്രാമപഞ്ചായത്തും ഭൂരിപക്ഷം വർദ്ധിപ്പിച്ച് ചുവന്നു തുടുത്തു. 39 ൽ 27 സീറ്റ് നഗരസഭയിലും 23 ൽ 20 സീറ്റ് കരകുളത്തും എൽ.ഡി.എഫ് സ്വന്തമാക്കി. ആകെയുള്ള 24 ഗ്രാമപഞ്ചായത്തുകളിൽ ഇരുപതും ഇടതുപക്ഷത്തേക്ക് വന്ന കാഴ്ച ശ്രദ്ധേയമാണ്. അരുവിക്കരയിൽ സീറ്റിന്റെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും വോട്ടിംഗ് നിലവാരത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫിനേക്കാൾ മുന്നിൽത്തന്നെയാണ്. പത്ത് വർഷമായി യു.ഡി.എഫ് വാണിരുന്ന ആനാട്ട് 19 ൽ 15 സീറ്റിന്റെ മേൽക്കൈ ഇടതുപക്ഷം കരസ്ഥമാക്കി. പൊതുവെ യു.ഡി.എഫിനോട് ആഭിമുഖ്യം പുലർത്തുന്ന വെമ്പായം, പോത്തൻകോട്, നന്ദിയോട്, പെരിങ്ങമ്മല, വെള്ളനാട്, തൊളിക്കോട്, ആര്യനാട്, വിതുര,ഉഴമലയ്ക്കൽ പഞ്ചായത്തുകൾ ലോക്സഭയിലും നിയമസഭയിലും കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് നൽകിയ ഭൂരിപക്ഷത്തിന്റെ ഇരട്ടിയാണ് ഇപ്പോൾ എൽ.ഡി.എഫിന് നൽകിയത്.
കോൺഗ്രസ് ഭൂരിപക്ഷം ഇടിഞ്ഞു
നെടുമങ്ങാട് നഗരസഭയിലെ സന്നഗർ വാർഡിൽ 489 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽ.ഡി.എഫ് നേടിയത്. കല്ലുവരമ്പ്, കുശർകോട്, ഉളിയൂർ, കൊല്ലങ്കാവ്, തറട്ട, കൊപ്പം, മണക്കോട്, ടൗൺ, കൊടിപ്പുറം, പുലിപ്പാറ, ടി.എച്ച്.എസ്, പൂവത്തൂർ വാർഡുകൾ അടക്കം പകുതിയിലേറെ സീറ്റിലും ഇടതുപക്ഷത്തിന് വമ്പിച്ച ഭൂരിപക്ഷം നൽകിയപ്പോൾ കോൺഗ്രസിനു ലഭിച്ച പുങ്കുമ്മൂട്, ഇടമല, മന്നൂർക്കോണം, ഇരിഞ്ചയം സീറ്റുകൾ ഒഴിച്ചാൽ മറ്റൊരിടത്തും ഭൂരിപക്ഷം രണ്ടക്കം കടന്നില്ല.കരകുളം പഞ്ചായത്തിൽ കോൺഗ്രസിന് ആകെ ലഭിച്ച മൂന്ന് സീറ്റിലും ഇതാണവസ്ഥ. ഇരുപത് ഗ്രാമപഞ്ചായത്തുകളിലായി 150 ലേറെ വാർഡുകൾ എൽ.ഡി.എഫ് പക്ഷത്ത് നിലയുറപ്പിച്ചതായാണ് ഒടുവിൽ പുറത്തു വരുന്ന കണക്കുകൾ നൽകുന്ന സൂചന.
ഭരണനേട്ടം ഉയർത്തിക്കാണിച്ച് എൽ.ഡി.എഫ്
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേട്ടം കൊയ്തത്, നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. തോട്ടം,കർഷക, ആദിവാസി മേഖലകളിലെ വോട്ടർമാർ നിർണായക ശക്തിയായ മലയോരത്ത് പെരിങ്ങമ്മല മാലിന്യ പ്ലാന്റ് സമരം ശക്തിയേറിയ ആയുധമാക്കിയിട്ടും യു.ഡി.എഫിനെ വോട്ടർമാർ തുണച്ചില്ല. വിവാദം പുകയുന്ന പ്രാദേശിക പ്രശ്‍നങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ യു.ഡി.എഫ് നടത്തിയ നീക്കങ്ങൾ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.