pinarayi

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദത്തിൽ നിൽക്കുന്ന സംസ്ഥാന സർക്കാർ കൂടുതൽ വികസന, ജനകീയ പദ്ധതികളുമായി പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രണ്ടാം നൂറുദിന കർമ്മ പദ്ധതി പുതുവത്സര സമ്മാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും.

മന്ത്രിമാരുടെ വകുപ്പുകളുടെ പദ്ധതിനിർദ്ദേശങ്ങളാണ് പ്രഖ്യാപനത്തിലുൾപ്പെടുക. നൂറു ദിവസത്തിനകം പൂർത്തിയാക്കി ഉദ്ഘാടനം നടത്തുന്നവ, പദ്ധതി പ്രഖ്യാപിക്കുന്നവ, ആദ്യഘട്ടം പൂർത്തിയാക്കാൻ കഴിയുന്നവ എന്നിങ്ങനെ മൂന്നായി തിരിച്ചാവും പ്രഖ്യാപനങ്ങൾ.

കൊച്ചി - ബംഗളുരു വ്യവസായ ഇടനാഴിയുടെ ആദ്യ ഘട്ടം വേഗത്തിലാക്കൽ, തൃശൂർ, പൊന്നാനി കോൾപാടം വികസനം, ദേശീയ ജലപാത വികസനം, കൂടുതൽ വില്ലേജ് ഓഫീസുകൾ സ്‌മാർട്ടാക്കൽ, ഇരുപതിനായിരം കുടുംബങ്ങൾക്ക് കൂടി പട്ടയം നൽകൽ തുടങ്ങിയവ രണ്ടാം നൂറുദിന കർമ്മപദ്ധതിയിൽ ഉണ്ടെന്നാണ് അറിയുന്നത്.

മലബാർ, കൊച്ചി മേഖലയുടെ വികസനം ലക്ഷ്യമിടുന്ന വ്യവസായ ഇടനാഴിയുടെ കൊച്ചി - പാലക്കാട് ആദ്യഘട്ടത്തിന്റെ വികസനത്തിനുള്ള പദ്ധതികൾ പ്രഖ്യാപനത്തിൽ ഉണ്ടാവും. ഇതിനായി നേരത്തേ എസ്.പി.വി രൂപീകരിച്ചിരുന്നു. തൃശൂർ - പൊന്നാനി കോൾപാടം വികസനത്തിന് 298 കോടിയുടെ പദ്ധതികളും പ്രഖ്യാപിച്ചേക്കും. നിർമ്മാണം പുരോഗമിക്കുന്ന 155 സ്മാർട്ട് വില്ലേജോഫീസുകൾ എത്രയും വേഗം തീർത്ത് പരമാവധി എണ്ണം ഉദ്ഘാടനം ചെയ്യാനാണൊരുങ്ങുന്നത്.

22ന് മുഖ്യമന്ത്രിയുടെ കേരളപര്യടനം ആരംഭിക്കുകയാണ്. 24ന് തിരുവനന്തപുരത്തുണ്ട്. അന്നോ ഈ മാസം അവസാനമോ പുതുവർഷ ദിനത്തിലോ ആകും പ്രഖ്യാപനം. ഇപ്പോഴത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ വരെ തുടരുന്നതും ആലോചനയിലാണ്. ഇതിന് വൻതുക ഖജനാവിൽ നിന്ന് ചെലവിടണം. ക്ഷേമപെൻഷനുകൾ കുടിശിക വരുത്തുന്നില്ലെന്ന് ഉറപ്പാക്കാനും വേണം വൻതുക. എത്ര വെല്ലുവിളി ഉണ്ടെങ്കിലും ഇവ മുന്നോട്ട് കൊണ്ടുപോകണമെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി.