
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സർക്കാരിന് ആശ്വസിക്കാൻ വകയില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്താൻ യു.ഡി.എഫിനെ കൂട്ടുപിടിച്ച് ആസൂത്രിതമായി തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടും സി.പി.എമ്മിന് സിറ്റിംഗ് സീറ്റുകൾ പോലും നിലനിറുത്താൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. എന്നാൽ ബി.ജെ.പിക്ക് സീറ്റുകളിൽ വർദ്ധനയുണ്ടാക്കാൻ കഴിഞ്ഞു. എൽ.ഡി.എഫിനും യു.ഡി.എഫിനും എതിരായിട്ടുള്ള ജനങ്ങളുടെ വിധിയെഴുത്താണ് ബി.ജെ.പിയുടെ വിജയം. ബി.ജെ.പിയുടെ വിജയം നരേന്ദ്രമോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് അനുകൂലമായ വിധിയെഴുത്താണെന്നും വി. മുരളീധരൻ പറഞ്ഞു.