
 പുതിയ പാർട്ടിക്ക് ജോർജ് തോമസ്
തിരുവനന്തപുരം: സി.കെ.നാണുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ജനതാദൾ-എസ് സംസ്ഥാന ഘടകത്തെ ദേശീയാദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ നേരത്തേ പിരിച്ചുവിട്ടപ്പോൾ കലാപവുമായി രംഗത്തെത്തിയ ഒരു വിഭാഗം നേതാക്കൾ പാർട്ടിയിൽ പിളർപ്പിന് വഴിയൊരുക്കുന്നു. പാർട്ടി സെക്രട്ടറി ജനറലായിരുന്ന ജോർജ് തോമസിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിച്ച് പുറത്ത് പോകാനുള്ള നീക്കമാണ് നടത്തുന്നത്. ജെ.ഡി.എസ് ദേശീയ നേതൃത്വവുമായി ബന്ധം ഉപേക്ഷിക്കുകയാണെന്ന് ജോർജ് തോമസ് പ്രഖ്യാപിച്ചു.
ഇതിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്ത് ഇവർ യോഗം വിളിച്ചു. ദേശീയ നേതൃത്വവുമായി നീരസത്തിലായ സി.കെ. നാണുവിന്റെ പേരിലുള്ള വിഭാഗം എന്നാണ് പ്രചാരണമെങ്കിലും, ഇന്നത്തെ യോഗത്തിൽ നാണു പങ്കെടുക്കുമോയെന്ന് ഉറപ്പില്ല. എം.എൽ.എ ആയതിനാൽ വിമതയോഗത്തിൽ പങ്കെടുത്താൽ അയോഗ്യതാ പ്രശ്നമടക്കം വരാനിടയുണ്ട്.
അച്ചടക്കലംഘനങ്ങൾ ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന് പരാതി പോയതിനെ തുടർന്നാണ്, പരിശോധന നടത്തി നാണു അദ്ധ്യക്ഷനായുള്ള പാർട്ടി ഘടകത്തെ ദേവഗൗഡ പിരിച്ചുവിട്ടത്. തുടർന്ന് മാത്യു ടി. തോമസിനെ അദ്ധ്യക്ഷനാക്കി അഡ്ഹോക് കമ്മിറ്റിയും രൂപീകരിച്ചു. ഔദ്യോഗികമായി ഇപ്പോൾ ഈ സമിതിക്കാണ് പാർട്ടി സംസ്ഥാന ഘടകത്തിന്റെ ചുമതല. അതുകൊണ്ടുതന്നെ ഇതിനെ ധിക്കരിച്ച് ഇന്ന് യോഗം ചേരുന്നതോടെ സ്വാഭാവികമായും വിമതർ പാർട്ടിക്ക് പുറത്താകും.
ഇടഞ്ഞു നിൽക്കുകയാണെങ്കിലും മാത്യു ടി. തോമസ് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞതവണ അദ്ദേഹം വിളിച്ചുചേർത്ത നേതൃയോഗത്തിൽ നാണു പങ്കെടുത്തിരുന്നു. അതുകൊണ്ടുതന്നെ നാണു വിമത പ്രവർത്തനത്തിന് നിൽക്കില്ലെന്നാണ് ഔദ്യോഗിക വിഭാഗം വിശ്വസിക്കുന്നത്. ഇന്നത്തെ യോഗവുമായി ജനതാദൾ-എസിന് ബന്ധമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് അറിയിച്ചു.