തിരുവനന്തപുരം: നഗരസഭ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച ബി.ജെ.പി സ്ഥാനാർത്ഥികളെ കേന്ദ്രമന്ത്രി വി. മുരളീധരൻ അഭിനന്ദിച്ചു. ഇന്നലെ വൈകിട്ട് കൊച്ചുള്ളൂരിലെ തന്റെ വസതിയിലെത്തിയ കൗൺസിലർമാരെയാണ് കേന്ദ്രമന്ത്രി മധുരം നൽകി അഭിനന്ദിച്ചത്. ഒമാനിലെ ഔദ്യോഗിക സന്ദർശനത്തിന് ശേഷം നേരെ ഉള്ളൂരിലെത്തിയ അദ്ദേഹം വൈകിട്ട് ആറോടെയാണ് ഇവരുമായി കൂടിക്കാഴ്ച നടത്തിയത്. കരിക്കകത്ത് മേയർ കെ. ശ്രീകുമാറിനെ പരാജയപ്പെടുത്തിയ ഡി.ജി. കുമാരനെ അദ്ദേഹം പ്രത്യേകമായി അഭിനന്ദിച്ചു. ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള സി.പി.എം - യു.ഡി.എഫ് കൂട്ടുക്കെട്ടിന് ജനങ്ങൾ നൽകിയ മറുപടിയാണ് ഈ വിജയമെന്ന് വി. മുരളീധരൻ വ്യക്തമാക്കി. ചടങ്ങിൽ ബി.ജെ.പി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആർ.എസ്. രാജീവ്, ജനറൽ സെക്രട്ടറി ബാലു ജി.നായർ, വിജയം കൈവരിച്ച സ്ഥാനാർത്ഥികളായ പി. രാജേന്ദ്രൻ, ബി. മോഹനൻ നായർ, കെ.കെ. സുരേഷ്, പി.അശോക് കുമാർ, സിമി ജ്യോതിഷ്, ഷീജ മധു, പി.വി. മഞ്ജു, എസ്. ജാനകി അമ്മാൾ, എസ്.കെ. ബിന്ദു, അർച്ചന മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.