2

നെയ്യാറ്റിൻകര: പ്രദേശത്തെ ജനങ്ങൾ ഏറെ കാത്തിരുന്ന നെയ്യാറ്റിൻകര റസ്റ്റ് ഹൗസിന്റെ നിർമ്മാണം ത്രിശങ്കുവിലെന്ന് നാട്ടുകാർ. കോൺട്രാക്ടർക്ക് അനുവദിച്ച തുക തീർന്നെന്ന കാരണത്താൽ നിർമ്മാണം നിലച്ചിട്ട് 4മാസം കഴിഞ്ഞു. എന്നിട്ടും തുടർനിർമ്മാണത്തിനുള്ള തുക അനുവദിക്കുന്നത് വൈകുന്നതിൽ പ്രതിഷേധം ഉയരുന്നുണ്ട്. പഴയ റസ്റ്റ്ഹൗസ് കാലപ്പഴക്കം ചെന്നപ്പോഴാണ് പുതിയത് നിർമ്മിക്കണമെന്ന ആവശ്യം ഉയർന്നത്. ഇതോടെ പഴയ റസ്റ്റ് ഹൗസിന്റെ നവീകരണത്തിനും പുതിയ റസ്റ്റ് ഹൗസ് ഇലക്ട്രിക്കൽ പണിഉൾപ്പടെയുള്ള പ്രവർത്തനത്തിനും തുക സർക്കാർ അനുവദിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് റസ്റ്റ് ഹൗസ് നവീകരണം ആരംഭിച്ചത്. സർക്കാർ അനുവദിച്ച തുകയ്ക്ക് ഈ നിർമ്മാണം പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് ഇപ്പോൾ കരാറുകാരൻ പറയുന്നത്. കൂടാതെ കോൺട്രാക്ടർ നിലവിൽ ചെയ്ത പണികൾക്ക് ഇനിയും 55 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നും തുക കിട്ടാതായതോടെയാണ് നിർമ്മാണം പൂർണമായും നിറുത്തിവച്ചതെന്ന് കരാറുകാരൻ പറയുന്നു.

 തുക ഇനിയും വേണം

ഗേറ്റ് ഉൾപ്പടെയുള്ള പണികൾക്ക് ഇനിയും 20 ലക്ഷത്തോളം രൂപ ഇനിയും വേണം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ ഇതിനുവേണ്ടിയുളള എസ്റ്റിമേറ്റ് കരാറുകാരൻ അധികൃതർക്ക് കൈമാറിയിട്ടുണ്ടായിരുന്നു. എന്നാൽ തുക അനുവദിക്കുന്നത് മാത്രം നടന്നില്ല. തുക അനുവദിച്ചാൽ എത്രയും പെട്ടെന്ന് തന്നെ പണി പൂർത്തീകരിക്കാമെന്നാണ് കരാറുകാരന്റെ വാദം.

 നിർമ്മാണം ഇനിയും ബാക്കി

നവീകരണം നടത്തിയ പഴയ മന്ദിരത്തിൽ ഇപ്പോഴും മഴക്കാലമായാൽ ചോർന്നൊലിക്കുന്നത് പതിവാണ്. ഒപ്പം ആവശ്യത്തിന് ഫർണിച്ചറുകളും ഇവിടെയില്ല. പെയിന്റിംഗ് ജോലികൾ നടത്തി ടൈൽസ് പാകി, എ.സിയും പിടിപ്പിച്ചു. എന്നാൽ പഴയ ഓടാണ് മേൽമൂടിയായി സ്ഥാപിച്ചിട്ടുളളത്. ഇതാണ് ചോർച്ച ഉണ്ടാകുന്നതിനുളള കാരണം. ഇത് പൂർണമായും ഇളക്കി മാറ്റി പുതിയ ഓടുകൾ സ്ഥാപിച്ചാലെ ചോർച്ച തടയാൻ കഴിയുകയുളളു. ചോർച്ച പരിഹരിച്ച് മുറ്റവും പരിസരവും വൃത്തിയാക്കിയാൽ മാത്രമേ ഉദ്ഘാടനം നടത്തി മുറികൾ വാടകയ്ക്ക് കൊടുക്കാൻ സാധിക്കുകയുളളു. പൊതുജനങ്ങൾക്ക് ദിവസേന 400 രൂപയും ഉദ്ദ്യോഗസ്ഥർക്ക് ശമ്പളത്തിന് ആനുപാതികമായുളള പി.ഡ്ബ്ല്യൂ.ഡി തുകയുമാണ് വാടകയായി ഈടാക്കുന്നത്. ഉദ്ധ്യോഗസ്ഥർക്ക് വളരെ കുറഞ്ഞ നിരക്കിലാണ് വാടക ഈടാക്കുന്നത്. റസ്റ്റ് ഹൗസിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചാൽ മാത്രമേ ടെൻഡർ ഉൾപ്പെടെയുളള നടപടികൾ പുനരാരംഭിക്കാനാകു. എങ്കിൽ മാത്രമേ ഹാളും മുറികളും വാടകയ്ക്ക് കൊടുത്ത് സർക്കാരിന് വരുമാനലാഭമുണ്ടാക്കാനും കഴിയുകയുമുളളു.

പഴയ റസ്റ്റ് ഹൗസിന്റെ നവീകരണത്തിന് 20 ലക്ഷം

പുതിയ റസ്റ്റ് ഹൗസിന്റെ നിർമ്മാണത്തിന് 1 കോടി

 സജ്ജമാക്കുന്നത്.

1. 10 കിടക്കകളുള്ള ഡോർമെട്രി

2. 4 മുറികൾ

3. കോൺഫറൻസ് ഹാൾ

4. ഡൈനിംഗ് ഹാൾ