പോത്തൻകോട്: കന്യാകുളങ്ങരയിൽ കോൺഗ്രസ് - എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിൽ എസ് .എ.പി.ക്യാമ്പിലെ പൊലീസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് കന്യാകുളങ്ങര ജംഗ്ഷനിലായിരുന്നു സംഭവം. വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ലാദത്തിന്റെ ഭാഗമായി എസ്.ഡി.പി.ഐ പ്രവർത്തകർ ജംഗ്ഷനിൽ പായസം തയ്യാറാക്കുമ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകരുടെ ഇടയിലേക്ക് ഐ.എൻ.ടി.യു.സി പ്രവർത്തകനായ ഷാജി മദ്യപിച്ചെത്തി അസഭ്യം പറഞ്ഞിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ട് ജംഗ്ഷനിലെത്തിയ ഷാജിയെ എസ്.ഡി.പി.ഐ പ്രവർത്തകർ തടഞ്ഞുനിറുത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് സംഘർഷം. പരിക്കേറ്റവർ കന്യാകുളങ്ങര ആശുപത്രിയിൽ ചികിത്സ തേടി. സംഭവമറിഞ്ഞു ഇരുവിഭാഗത്തെയും കൂടുതൽ പ്രവർത്തകർ ആശുപത്രിയിൽ തടിച്ചുകൂടുകയും സംഘർഷം തുടരുകയും ചെയ്‌തു. തുടർന്ന് സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസ് ഇരുവിഭാഗത്തെയും പറഞ്ഞുവിട്ടു. എന്നാൽ പിരിഞ്ഞുപോയ പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി ജംഗ്ഷനിൽ പ്രകടനം നടത്തുകയും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇരുവിഭാഗത്തെയും വിരട്ടിയോടിക്കുന്നതിനിടയിലാണ് പൊലീസുകാരന്റെ കൈയ്‌ക്ക് പരിക്കേറ്റത്. പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. വെമ്പായം പഞ്ചായത്തിന്റെ ഭാഗമായ കന്യാകുളങ്ങര വാർഡിൽ എസ്.ഡി.പി.ഐ.സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഇരുവിഭാഗം പ്രവർത്തകർക്കെതിരെയും കേസെടുത്തതായി വട്ടപ്പാറ സി.ഐ അറിയിച്ചു.