
പോത്തൻകോട് : തിരുവനന്തപുരം ജില്ലയിലെ പ്രധാന സ്പോർട്സ് ഹബ്ബ് സ്‌കൂളായി മാറുന്ന പോത്തൻകോട് ലക്ഷ്മി വിലാസം സ്‌കൂളിൽ ഇനി "പിക്കിൾ ബോൾ കളിയും' കളിക്കാം. അമേരിക്കൻ നാടുകളിൽ പ്രചാരം നേടിയതും ഇന്ത്യയിൽ അപൂർവമായി പ്രചാരത്തിലുള്ള പിക്കിൾ ബോൾ കളിയുടെ സാദ്ധ്യത തിരിച്ചറിഞ്ഞാണ് സംസ്ഥാനത്ത് ആദ്യമായി ആധുനിക കോർട്ടുകൾ ഒരുക്കി പൊതുജനങ്ങൾക്ക് ഉൾപ്പെടെ പരിശീലനം ലഭിക്കുന്ന തരത്തിൽ സ്‌കൂളിൽ പുതിയ കായിക വിനോദം ഒരുങ്ങുന്നത്. ആനന്ദത്തിനും ആരോഗ്യത്തിനും പിക്കിൾ ബോൾ എന്ന ആശയത്തിലൂന്നിയാണ് അന്താരാഷ്‌ട്ര തലത്തിൽ ഈ കായിക വിനോദം പ്രചരിക്കുന്നത്.
1965 ൽ അമേരിക്കയിലെ വാഷിംഗ്‌ടൺ പട്ടണത്തിന് സമീപമുള്ള ബ്രെയിൻ ബ്രിഡ്ജ് എന്ന കൊച്ചു ദ്വീപിലെ താമസക്കാരായിരുന്ന ജോയൽ പ്രിച്ചാർഡ്, ബിൽ ബെൽ, ബാർനി മക്കല്ലം എന്ന മൂവർസംഘമാണ് മക്കൾക്കും കുട്ടികൾക്കും വിനോദത്തിനായി പിക്കിൾ ബോൾ കളിക്ക് രൂപം നൽകുന്നത്. പേരിന്റെ ഉത്ഭവത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഇല്ലെങ്കിലും ഷട്ടിൽ ബാഡ്മിന്റൺ കോർട്ടിനു സമാനമായ കളിക്കളത്തിൽ ടെന്നീസിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പിക്കിൾ ബോൾ കളി ആവിഷ്കരിച്ചിരിക്കുന്നത്.
കഴിഞ്ഞ 20 വർഷത്തിനിടയിൽ അമേരിക്കയിലും കാനഡയിലും പിക്കിൾ ബോൾ കളിക്ക് ഏറെ പ്രചാരം സിദ്ധിച്ചു. അമേരിക്കൽ നാടുകളിൽ ഈ കായിക വിനോദം പ്രചരിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് അവിടത്തെ കമ്മ്യൂണിറ്റി സെന്ററുകൾ, ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസുകൾ, പബ്ലിക്ക് പാർക്കുകൾ, സ്വകാര്യ ഹെൽത്ത് ക്ലബ്ബുകൾ, വൈ.എം.സി.എ. തുടങ്ങിയവ സാമൂഹിക സ്ഥാപനങ്ങളിലൂടെയാണ്. 15 വർഷത്തിനുള്ളിൽ ലോകമെമ്പാടും പിക്കിൾ ബോൾ കളിക്ക് ഏറെ പ്രചാരം ലഭിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്‌ദ്ധരുടെ അഭിപ്രായം. ഇന്ത്യയിൽ പിക്കിൾ ബോൾ കായിക ഇനം എത്തിയിട്ട് 12 വർഷമായി. രാജ്യത്ത് മുംബൈയിലാണ് ആദ്യമായി പ്രചാരം നേടുന്നത്. ഇപ്പോൾ 18 സംസ്ഥാനങ്ങളിൽ പിക്കിൾ ബോൾ കളി പരിശീലിപ്പിക്കുന്നണ്ട്. അന്താരാഷ്ട്ര തലത്തിൽ കളിക്കാരുടെ എണ്ണത്തിൽ അമേരിക്കയും കാനഡയും കഴിഞ്ഞാൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
കുട്ടികൾക്കുള്ള ഒരു ബാക്ക് യാർഡ് ഗെയിം എന്ന നിലയിലാണ് ആവിഷ്കരിച്ചതെങ്കിലും പിന്നീട് എല്ലാ പ്രായത്തിലും പെട്ടവരുടെ ഇഷ്ട വിനോദമായി മാറുകയായിരുന്നു. വിവിധ രാജ്യങ്ങളിൽ പ്രായമായവരുടെ സെന്ററുകളിൽ അവരുടെ ഫിസിക്കൽ ആക്ടിവിറ്റികൾക്ക് പിക്കിൾ ബോൾ കളി ഒഴിച്ചുകൂടാനാവാത്ത കായിക ഇനമായി ഉപയോഗിച്ചിരുന്നു. ഇന്ന് 8 വയസ് മുതൽ 80 വയസുവരെയുള്ളവർക്ക് ഒരു പോലെ ആസ്വദിച്ച് കളിക്കാവുന്ന ഇനമായി ഇത് മാറിയിട്ടുണ്ട്. ലക്ഷ്മി വിലാസം സ്‌കൂളിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ.സുരേഷ് ഈ ഗെയിമിന്റെ ഉദ്ഘാടനം നിർവഹിച്ചു.