
തലശ്ശേരി: തലശ്ശേരി ഗവ. ജനറൽ ആശുപത്രിക്കായി അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച തിയേറ്റർ കോംപ്ലക്സ് ഉദ്ഘാടനത്തിന് ഒരുങ്ങി. എ.എൻ. ഷംസീർ എം.എൽ.എയുടെ മണ്ഡല വികസന ഫണ്ടിൽ നിന്നും ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. അത്യാധുനിക സംവിധാനങ്ങളോടെ നാല് തിയേറ്ററുകൾ ഈ കെട്ടിട സമുച്ഛയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളിൽ ആഴ്ചയിൽ ഒരുദിവസം മാത്രം നടന്നിരുന്ന ശസ്ത്രക്രിയകൾ ഇനി എല്ലാ ദിവസവും നടത്താനാവും. ഇതിനാവശ്യമായ അനസ്തേഷ്യസ്റ്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ, ജീവനക്കാർ എന്നിവരെ പുതുതായി നിയമിക്കേണ്ടതുണ്ട്.
മുമ്പ് വിവിധ വിഭാഗങ്ങൾക്ക് ആഴ്ചയിൽ ഒരുദിവസം മാത്രമേ ശസ്ത്രക്രിയ നടന്നിരുന്നുള്ളു. ഇപ്പോൾ ഓരോ വിഭാഗത്തിനും, പ്രത്യേകം പ്രത്യേകം തിയറ്ററുകൾ അനുവദിക്കാനാവും. രോഗികൾക്ക് ഒരാഴ്ച വരെ കാത്തിരിക്കാതെ ഉടൻ ശസ്ത്രക്രിയക്ക് വിധേയനാകാം.
യൂറോളജി, ഓർത്തോ, ജനറൽ സർജറി, സെപ്റ്റിക് ഓപ്പറേഷൻ തിയേറ്റർ എന്നിവ ഉൾക്കൊള്ളുന്നതാണ് തിയറ്റർ കോംപ്ലക്സ്. ലാമിന ഫ്ളോ വിത്ത് ഹെപ ഫിൽറ്റർ ഉപയോഗിച്ചതിനാൽ തീർത്തും അണുവിമുക്തമായിരിക്കും. എൻ.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയരുകയും ചെയ്യും. 14 കിടക്കകളോടു കൂടിയ സർജിക്കൽ ഐ.സി.യുവുമുണ്ട്. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് ഇതോടൊപ്പം നവീകരിച്ച് എയർകണ്ടീഷൻ ചെയ്യും. ഇതിന് പുറമെ ആശുപത്രി വികസന സമിതി 15 ലക്ഷം രൂപ ചെലവഴിച്ച് കൂട്ടിരിപ്പുകാർക്കുള്ള കാത്തിരിപ്പ് കേന്ദ്രവും നിർമ്മിച്ചിട്ടുണ്ട്.
ലക്ഷ്യപദ്ധതിയിൽ ഉൾപ്പെടുത്തി ലാബിന്റെ നവീകരണവും പൂർത്തിയാക്കി. ഇതോടൊപ്പം നൂതനമായ ലേബർ റൂമിന്റെ നിർമ്മാണവും നടക്കുന്നുണ്ട്. 98 ലക്ഷം രൂപയാണ് ഇതിന് രണ്ടിനുമായി ചിലവഴിക്കുന്നത്. 20 ലക്ഷം രൂപ ചെലവിൽ കുട്ടികളുടെ ഐ.സി.യുവിന്റെ പണിയും പൂർത്തിയായിട്ടുണ്ട്. ശിശു പരിചരണ വിഭാഗത്തിൽ 12 ബെഡും സജ്ജീകരിക്കും. 18 ഒ.പി. മുറികളോടുകൂടിയ ഒ.പി. കോംപ്ലക്സ് ഒരു കോടിയോളം രൂപ ചിലവിൽ നിർമ്മിതി കേന്ദ്രമാണ് സജ്ജമാക്കിയത്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് യാഥാർത്ഥ്യമാക്കിയത്. നേരത്തെ ഏഴ് ബെഡുകളുള്ള ഐ.സി.യുവിന് പകരം പുതുതായി 10 ബെഡ്ഡുകളുള്ള ഒരു ഐ.സി.യുകൂടി ആരംഭിക്കാനായി.
തീരദേശ നിയമവും പൈതൃക സംരക്ഷണ നിയമവും നിലനിൽക്കുന്നതിനാൽ ഭൗതിക വികസനം നടത്താൻ കടമ്പകളേറെയാണെങ്കിലും അടുത്ത കാലത്ത് കൈവരിച്ച നേട്ടങ്ങൾ അഭിമാനകരമാണെന്ന് ആശുപത്രി സൂപ്രണ്ട് പീയുഷ് എം. നമ്പൂതിരിപ്പാട് പറഞ്ഞു. പ്രസവ വാർഡ് ശീതികരിച്ച് ഡയാലിസിസ് സെന്റർ തുടങ്ങി. പോസ്റ്റ്മോർട്ടം കെട്ടിടം നവീകരിച്ചു. കാന്റീൻ പുതുക്കി. ആശുപത്രിക്കകത്ത് റോഡുകൾ നവീകരിച്ചു. ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു. യൂറോളജിക്ക് പ്രത്യേക വിഭാഗം സ്ഥാപിച്ചു. പുതിയ ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. കേരളത്തിലെ സ്വകാര്യ ആശുപത്രികളെ പോലും വെല്ലുന്ന സംവിധാനങ്ങളാണ് ഭരണകൂടത്തിന്റേയും ജനകീയ പങ്കാളിത്തത്തിന്റെയും പിൻബലത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് ആർ.എം.ഒ. ഡോ. വി.എസ്. ജിതിൻ പറഞ്ഞു.