
മാഹി: പോണ്ടിച്ചേരി കോൺഗ്രസ് നേതാവും ആരോഗ്യമന്ത്രിയുമായ മല്ലാടി കൃഷ്ണ റാവു എൻ.ഡി.എ. സഖ്യ കക്ഷിയായ വൈ.എസ്.ആർ. കോൺഗ്രസിലേക്ക് പോകാൻ തയ്യാറെടുക്കുന്നതായി അറിയുന്നു. ആന്ധ്രയോട് ചേർന്ന് കിടക്കുന്ന യാനത്തു നിന്നും പുതച്ചേരി അസംബ്ലിയിലേക്ക് തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന എം.എൽ.എയാണ് മല്ലാടി. കഴിഞ്ഞ ദിവസം വൈ.എസ്.ആർ. ജഗ് മോഹൻ റെഡ്ഢിയുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹം പങ്കെടുത്ത പൊതുയോഗത്തിൽ മല്ലടി പ്രസംഗിക്കുകയും ചെയ്തിരുന്നു.
ജനുവരിയിൽ പാർട്ടി മാറ്റമുണ്ടാകുമെന്നറിയുന്നു. ആന്ധ്രയിൽ ഒഴിവുവരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലൊന്ന് മല്ലാടിക്ക് നൽകും. അത് വഴി കേന്ദ്ര മന്ത്രി പദത്തിലുമെത്തും. യാനത്ത് വൈ.എസ്.ആർ. കോൺഗ്രസ് രൂപീകരിച്ച് മല്ലാടിയുടെ നോമിനിയെ എം.എൽ.എ.യുമാക്കും. പോണ്ടിച്ചേരിയിൽ എൻ.ഡി.എ. സഖ്യത്തിനൊപ്പം നിൽക്കാനാണ് ആലോചന നടക്കുന്നത്. ഏപ്രിൽ മാസത്തോടെ അസംബ്ലി തിരഞ്ഞെടുപ്പുണ്ടാകും.
അതിനിടെ, കോൺഗ്രസ് എം.എൽ.എ ജാൻകുമാർ തന്റെ വസതിയിൽ കെട്ടിയ കോൺഗ്രസ് കൊടി അഴിച്ചു വെച്ചു. ജാൻകുമാർ കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ നേതാവ് നിർമ്മൽ കുമാറുമായി കൂടിക്കാഴ്ച്ച നടത്തിയതിനെതിരെ പി.സി.സി പ്രസിഡന്റ് പ്രതികരിക്കുകയും കേന്ദ്ര നേതൃത്വത്തിന് പരാതി നൽകുകയും ചെയ്തിരുന്നു.
അതേ സമയം കോൺഗ്രസിൽ നിന്നും നിയമസഭാംഗത്വത്തിൽ നിന്നും പുറത്താക്കപ്പെട്ട ധനവേലു എൻ. രംഗസാമിയുമായി കൂടിക്കാഴ്ച്ച നടത്തി. കഴിഞ്ഞ മാസം കേന്ദ്ര ഏജൻസികൾ നടത്തിയ രഹസ്യ സർവെയിൽ കോൺഗ്രസ് ഭരണത്തിന് പിന്തുടർച്ചയുണ്ടാകുമെന്ന റിപ്പോർട്ടുണ്ടായിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് എന്ന്.ആർ. കോൺഗ്രസിനെ മുൻനിർത്തി ബി.ജെ.പി.കേന്ദ്ര നേതൃത്വം തിരഞ്ഞെടുപ്പിന് മുമ്പുതന്നെ കതിരക്കച്ചവടം നടത്താൻ ശ്രമിക്കുകയാണ്. ഏത് മുന്നണി അധികാരത്തിൽ വന്നാലും സ്ഥാനമുറപ്പിക്കുകയെന്ന നിലപാട് മല്ലാടി മുമ്പും സ്വീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പോണ്ടിച്ചേരിയിൽ അയാറാം ഗയാറാന്മാർ അരങ്ങ് തകർക്കുകയാണ്.