
പൂവാർ: അരുമാനൂർ മുടുമ്പുനട പാലത്തിലെ വെള്ളക്കെട്ടിന് പരിഹാരം വേണമെന്ന ആവശ്യം ശക്തമാകുന്നു. നിർമ്മാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നെൽവയലുകൾ നികത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം.
മഴക്കാലമായാൽ പ്രദേശം മുഴുവനും വെള്ളത്തിനടിയിലാകും. പിന്നെ പാലത്തിലൂടെയുള്ള യാത്രയും ദുഃസഹമാണ്. റോഡിന് വീതി കൂട്ടിയപ്പോൾ പഴയ പാലത്തിന്റെ രണ്ട് വശത്തും സ്ലാബ് ഇട്ട് മൂടുകയായിരുന്നു. അതിനുള്ളിൽ കുടുങ്ങിപ്പോയ കരിങ്കല്ലും പഴയ സ്ലാബിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാതിരുന്നതാണ് വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്നത്. ഇത് നീക്കം ചെയ്യുണമെന്ന് നിരവധി തവണ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. മഴക്കാലത്ത് പനച്ചമൂട് കുളം, കാട്ടുകുളം, താമരക്കുളം തുടങ്ങിയ ജലാശയങ്ങളിലെ വെള്ളം ഇവിടേക്ക് ഒഴുകിയെത്തും. തോടിന് വീതി കുറവായതിനാൽ പലപ്പോഴും വെള്ളം കരകവിഞ്ഞൊഴുകിയാണ് എത്തുന്നത്. നെൽവയലുകളായിരുന്ന പ്രദേശം മറ്റുകൃഷി കളിലേക്ക് വഴിമാറിയതോടെ കൃഷി ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരും തിരിഞ്ഞുനോക്കാറില്ല.
നാട്ടുകാർ പറയുന്നു
ഒഴുക്കിനെ തടയുന്ന രീതിയിൽ മതിൽ നിർമ്മാണവും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും പ്രദേശത്ത് നടന്നിട്ടുണ്ട്. തോടിന്റെ വീതി കുറയാൻ കാരണം കൈയേറ്റമാണ്. നടപ്പാലം പുനർനിർമ്മിച്ചാൽ മാത്രമെ വെള്ളക്കെട്ടിന് പരിഹാരമാകൂ. ആയതിനാൽ മുട്ടുമ്പുനട പാലം പുനർനിർമ്മിച്ച് വെള്ളക്കെട്ടിന് പരിഹാരമൊരുക്കണം.