
കടുവയെ, പ്രത്യേകിച്ച് നരഭോജിയായ കടുവയെ, നടന്നുകൊണ്ടോ ഒരിടത്ത് നിന്നുകൊണ്ടോ വേട്ടയാടുന്നത് ഒരു വേട്ടക്കാരനും ഇഷ്ടപ്പെടുന്ന വിനോദമല്ല. മുറിവേറ്റ കടുവയെ കാൽനടയായി പിന്തുടരാനും ആളുകൾ ഭയപ്പെട്ടെന്നിരിക്കും. ഇത് പറഞ്ഞിട്ടുള്ളത് പരിസ്ഥിതിപ്രവർത്തകനും വേട്ടക്കാരനുമായ ജിം കോർബെറ്റ് ആണ്.
പക്ഷേ മാനുകളുടെ കഥ മറിച്ചാണ്. ആനിമൽ പ്ലാനറ്റ് ചാനൽ കാണുന്ന പേടമാനുകളുടെ കാര്യമാണെങ്കിൽ അതിലും കഷ്ടമാണ്. ആ ചാനലിൽ തന്റെ അതേവർഗക്കാരെയാണ് ദുഷ്ടമൃഗങ്ങൾ പിന്തുടർന്ന് വേട്ടയാടുന്ന രംഗങ്ങൾ ചില പേടമാനുകൾ ശ്വാസമടക്കിപ്പിടിച്ച് കാണാറുള്ളത്. വേട്ടക്കാർ ഒരുപക്ഷേ മാനിനെ പിന്തുടർന്ന് വേട്ടയാടിയില്ലെങ്കിൽ പോലും ദുഷ്ടമൃഗങ്ങൾ മാനിനെ പിന്തുടർന്ന് വേട്ടയാടുന്ന കാഴ്ച ആരുടെയും കരളലയിപ്പിക്കും. ചെന്നായ്ക്കളുടെ ഇടയിലകപ്പെട്ട പേടമാനിന്റെ മാനസികാവസ്ഥയെപ്പറ്റി, വേട്ടയാടുന്ന നേരത്ത് ഏതെങ്കിലും ചെന്നായ ആലോചിക്കാറോ ചിന്തിക്കാറോ ഇല്ല.
അങ്ങനെയുള്ള, സ്വന്തം വർഗക്കാരെ ദുഷ്ടമൃഗങ്ങൾ വേട്ടയാടിപ്പിടിക്കുന്ന രംഗങ്ങൾ ആനിമൽ പ്ലാനറ്റിൽ ശ്വാസമടക്കിപ്പിടിച്ച് കാണാറുള്ള, സാദാ പേടമാൻ ആയിപ്പോയി നമ്മുടെ ചോമ്പാൽ ഗാന്ധി മുല്ലപ്പള്ളിജി. ഒരു നാൾ തന്റെയും ഊഴം ഇതുപോലെ വന്നെത്തുമല്ലോയെന്ന ചിന്ത അത് കാണുന്ന രാത്രികളിൽ അദ്ദേഹത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തുമായിരുന്നു.
ശരിക്കും പറഞ്ഞാൽ നമ്മുടെ നാട്ടിലെ കടലാസുകാരെല്ലാം ( സഖാവ് നായനാരോട് കടപ്പാട്) ഏതാണ്ട് ആനിമൽ പ്ലാനറ്റിന് സമമാണ്. ആ 'ആനിമൽ പ്ലാനറ്റ് കടലാസു'കളിലെല്ലാം പേടമാനായ മുല്ലപ്പള്ളിജിക്ക് പിന്നാലെ പായുന്ന ദുഷ്ടമൃഗങ്ങളെ മാത്രമാണ് സമീപദിവസങ്ങളിൽ കണ്ടുവരുന്നത്. പിണറായി സഖാവ് അവരെയെല്ലാം മാദ്ധ്യമ സിൻഡിക്കേറ്റ് എന്ന ഓമനപ്പേരിട്ട് വിളിക്കാറുണ്ടെങ്കിലും മുല്ലപ്പള്ളിജിക്ക് അങ്ങനെ വിളിക്കാനുള്ള ത്രാണിയൊന്നുമില്ല.
ഒരുപക്ഷേ, ജീവിക്കാൻ വേണ്ടി വന്നാൽ നരഭോജിയും ആകേണ്ടി വരുമെന്ന് പോലും ചിന്തിച്ചുപോയ നിമിഷങ്ങൾ ചോമ്പാൽ ഗാന്ധിക്കുണ്ടായിട്ടുണ്ട് എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?
അങ്ങനെയും ഉണ്ടായിട്ടുണ്ട്. ചെന്നിത്തലഗാന്ധിയും ഓ.സി ഗാന്ധിയും അപ്പുറവുമിപ്പുറവും നിന്ന് കൈയുംകാലും പിടിച്ച് വലിച്ചപ്പോൾ കെ.പി.സി.സി പുന:സംഘടന ഒരുവിധം നടത്തിയെടുക്കാൻ പെട്ടപാട് ചില്ലറയായിരുന്നില്ല. ആ വേളയിലാണ് പലപ്പോഴും ചോമ്പാൽഗാന്ധിയിൽ മേല്പറഞ്ഞ നരഭോജി ചിന്താധാര ഉടലെടുത്തിട്ടുണ്ടായിരുന്നത്.
ഇത്തരത്തിലുള്ള പിടിവലികൾക്കൊടുവിലാണ് രാഷ്ട്രീയകാര്യ സമിതിയെന്ന മറ്റൊരു ആനിമൽ പ്ലാനറ്റ് മുമ്പാകെ മുല്ലപ്പള്ളിജിയെ എടുത്തെറിഞ്ഞ് കൊടുക്കുന്ന ക്രൂരവിനോദത്തിനും ചെന്നിത്തല- ഓ.സിയാദി ഗാന്ധിമാർ തുനിയാറ്. ഏതാനും ആഴ്ചകൾക്ക് മുമ്പൊരു രാഷ്ട്രീയകാര്യ സമിതിയിലുണ്ടായ ക്രൂരവേട്ട, മാദ്ധ്യമ ആനിമൽപ്ലാനറ്റുകാർ ആഘോഷമാക്കിയപ്പോൾ മുല്ലപ്പള്ളിജി, ഈ സമിതി തന്നെ പിരിച്ചുവിട്ടാലോ എന്നാലോചിക്കുകയുണ്ടായി. എന്നാൽ, പോട്ടെ, പാവം ചെന്നായ്ക്കളല്ലേയെന്ന വീണ്ടുവിചാരം ഉടനെയുണ്ടാവുകയും പിരിച്ചുവിടൽ നീക്കം ഉപേക്ഷിക്കുകയുമായിരുന്നു. മാത്രവുമല്ല, അങ്ങനെ സംഭവിച്ചാൽ കെ.പി.സി.സിയിൽ ഒരുകൂട്ടം ആനിമൽ പ്ലാനറ്റുകാർ വഴിയാധാരമായിപ്പോകുമെന്ന കടുത്ത പ്രതിസന്ധിയും ഉടലെടുക്കുമായിരുന്നു.
പാർട്ടി പദവികളില്ലാത്തതിനാൽ രാഷ്ട്രീയകാര്യസമിതിയിലൂടെയാണല്ലോ പലരും ജീവിച്ച് പോകുന്നത്. അത് കൂടി പോയാൽ തീർന്നു! അങ്ങനെയുള്ള പ്രതിസന്ധികൾ ഒഴിവാക്കി പല ദേഹങ്ങളെയും രക്ഷിക്കണമെന്ന വിശാല മനസ്കതയും മുല്ലപ്പള്ളിജിയിലുണ്ടെന്ന കാര്യം ആരും ഓർക്കുന്നുപോലുമില്ല.
അതുകൊണ്ടാണ്, തദ്ദേശതിരഞ്ഞെടുപ്പിൽ തോൽവി പിണഞ്ഞപ്പോൾ എല്ലാവരും കൂടി വീണ്ടും മുല്ലപ്പള്ളിജിക്ക് മേൽ ചാടി വീണുകൊണ്ടിരിക്കുന്നത്. 'വിക്ടറി ഹാസ് സോ മെനി ഫാദേഴ്സ്, ബട്ട് ഫെയ്ല്വർ ഇസ് ഓർഫൻ...' എന്ന് മുല്ലപ്പള്ളിജി കഴിഞ്ഞ ദിവസം പറഞ്ഞത് ഈ ആക്രമണം കണ്ടിട്ടായിരുന്നു. മുല്ലപ്പള്ളിജി ഇന്ദിരാഭവനിലേക്ക് വലതുകാൽ വച്ച് കയറിയതിന് തൊട്ടുപിന്നാലെ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റും നേടി ജയിച്ചപ്പോൾ, അതിന് പല അച്ഛൻമാർ ഉണ്ടായിയെന്നാണ് മുല്ലപ്പള്ളി പറയാതെ പറയുന്നത്. ഇപ്പോൾ തദ്ദേശതിരഞ്ഞെടുപ്പിൽ സകലമാന പഞ്ചായത്തും അരിച്ചുപെറുക്കിയെടുത്ത് പിണറായി സഖാവ് കൊണ്ടുപോയപ്പോൾ അനാഥനായത് മുല്ലപ്പള്ളിജി. ശരിക്കു പറഞ്ഞാൽ ചെന്നിത്തല-ഓ.സിയാദി ഗാന്ധിമാരുടെ അദൃശ്യകരങ്ങൾ പ്രവർത്തിച്ചതാണ് പലേടത്തും വിനയായത് എന്നാണ് പറയപ്പെടുന്നത്. ജയിക്കുന്ന സ്ഥാനാർത്ഥിയെ കിട്ടിയാലും അവിടെ എ അല്ലെങ്കിൽ ഐ മതിയെന്ന് വന്നാൽ, ഇനിയും ഇതുപോലെ അനാഥത്വം പേറാൻ മുല്ലപ്പള്ളിജി മാത്രമേ ഉണ്ടാവൂ.
അപ്പോൾ രാഷ്ട്രീയകാര്യസമിതി വീണ്ടും ആനിമൽ പ്ലാനറ്റിലെ രംഗങ്ങൾ പോലെയാവും. മാദ്ധ്യമ സിൻഡിക്കേറ്റുകളും ആനിമൽ പ്ലാനറ്റുകളായി മാറും. എന്തിനേറെ പറയുന്നു, ആറെംപിയുടെ വേണു സഖാവ് പോലും കണ്ണിൽ ചോരയില്ലാതെയല്ലേ മുല്ലപ്പള്ളിജിയെ കടന്നാക്രമിക്കുന്നത് ! ആരോട് പറയും പരിഭവങ്ങൾ.
നിയമസഭാ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. അതുകൊണ്ട് പിണറായി സഖാവ് ഇനിയും എ.കെ.ജി സെന്ററിലിരുന്ന് കേക്ക് മുറിച്ച് പൊട്ടിച്ചിരിക്കുന്ന സ്ഥിതിയുണ്ടായാൽ ചെവിയിൽ ചെമ്പരത്തിപ്പൂവ് വയ്ക്കാൻ മുല്ലപ്പള്ളിജിയേക്കാൾ ചെന്നിത്തല ഗാന്ധിയാവും മുന്നിൽ നിൽക്കേണ്ടിവരിക എന്നെങ്കിലും പലരും ഓർക്കുന്നത് നന്നായിരിക്കും. ഓ.സി ഗാന്ധി അപ്പോൾ ചിലപ്പോൾ ഊറിച്ചിരിച്ചേക്കാം.
.................................
പശുവളർത്തലും ജൈവകൃഷിയുമായി ജീവിച്ച് പോരുകയായിരുന്ന പുറപ്പുഴ ഔസേപ്പച്ചനെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആരൊക്കെയോ ചേർന്ന് ചെണ്ടക്കാരനാക്കിയെന്ന് പറയുന്നു. സാഹചര്യങ്ങളുടെ സമ്മർദ്ദമെന്ന് വ്യാഖ്യാനിക്കാമെങ്കിലും ജോസ് മോനെന്നെ ചെണ്ടക്കാരനാക്കി എന്നാണ് ഔസേപ്പച്ചൻ പറയുന്നത്. അതെന്തുമായിക്കോട്ടെ.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഔസേപ്പച്ചന് വിചാരിച്ചത്ര സീറ്റ് കിട്ടിയില്ല എന്നതിന്റെ പേരിൽ പലരും ചെണ്ടപ്പുറത്ത് കൊട്ടുന്നത് പോലെ കൊട്ടിക്കൊണ്ട് നടക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കൊട്ട് ഏറ്റുവാങ്ങാൻ ചെണ്ടപ്പുറം, കാര്യലാഭം മറ്റുള്ളവർക്ക് എന്നതാണ് സ്ഥിതി. അല്ലെങ്കിൽ 'തട്ടും കൊട്ടും ചെണ്ടയ്ക്കത്രെ, കിട്ടും പണമത് മാരാർക്കും...' എന്ന മട്ട്. രണ്ടിലയും കൊണ്ടുപോയ ജോസ് മോൻ ഔസേപ്പച്ചനെ നോക്കി കൊലച്ചിരി ചിരിക്കുന്നതായി പലരും പറയുന്നുണ്ട്.
അതുകൊണ്ടൊന്നും തളരുന്ന പ്രകൃതക്കാരനല്ല തികഞ്ഞ ജൈവകർഷകനായ ഔസേപ്പച്ചൻ. വീണിടം വിദ്യയാക്കുന്ന പ്രകൃതം അദ്ദേഹത്തിന് നല്ലപോലെ അറിയാം. കിട്ടിയ ചെണ്ടയെ ഇനിയങ്ങോട്ട് ഔദ്യോഗിക ചിഹ്നമാക്കാൻ തന്നെയാണ് തീരുമാനം. നാട്ടിലാകെ ചെണ്ട പരിശീലനകേന്ദ്രങ്ങൾ തുടങ്ങാനും പറ്റുമെങ്കിൽ ചെണ്ട കൊട്ടി നടക്കുന്ന സിനിമാനടൻ ജയറാമിനെ പാർട്ടിയുടെ ബ്രാൻഡ് അംബാസഡറാക്കാനും അദ്ദേഹത്തിന് പരിപാടിയുണ്ട്. അതുകൊണ്ട് ജയറാം ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും!
ഇ-മെയിൽ: dronar.keralakaumudi@gmail.com