accident

തിരുവനന്തപുരം: കേരളത്തിലെ ഫാക്ടറികളിൽ നടക്കുന്ന അപകട മരണങ്ങളും മറ്റ് അപകടങ്ങളും സംബന്ധിച്ച മുഴുവൻ വിവരങ്ങളും വിവരാവകാശ പ്രവർത്തകനായ സാബു അലക്സിന് 15 ദിവസത്തിനുള്ളിൽ നൽകാൻ സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണർ ഉത്തരവിട്ടു. ഫാക്ടറി പരിശോധനകളും ഫാക്ടറികൾക്കെതിരെ നിയമനടപടികളും സ്വീകരിക്കുന്ന ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് അതുസംബന്ധമായ വിവരങ്ങൾ തങ്ങളുടെ പക്കിലില്ലെന്ന് വിവരാവകാശ പ്രകാരം നൽകിയ മറുപടിയിലാണ് കമ്മിഷൻ ഉത്തരവ്.

ഫാക്ടറികളിലെ അപകടങ്ങൾ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾ അറിയേണ്ടതാണെന്നും അതിനാൽ അതു സംബന്ധിച്ച വിവരങ്ങൾ കമ്പ്യൂട്ടർവത്കരിച്ചു സൂക്ഷിക്കേണ്ട ചുമതല ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിനുണ്ടെന്നും ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിലെത്ര അപകടമരണങ്ങൾ നടന്നു, അതിലെത്ര പ്രോസിക്യൂഷൻ ശുപാർശകൾ ഫാക്ടറി ഇൻസ്‌പെക്ടർമാരിൽ നിന്ന് ലഭിച്ചു, എത്ര കേസുകൾ കോടതികളിൽ ഫയൽ ചെയ്തു, ഫയൽ ചെയ്തതിൽ എത്രയെണ്ണം പിൻവലിച്ചു എന്നീ വിവരങ്ങൾ 15 ദിവസത്തിനകം അപേക്ഷകനെ അറിയിക്കണം.