
ആര്യനാട്: ആർക്കും വേണ്ടാതെ അനാധത്വത്തിന് നടുവിൽ കോട്ടയ്ക്കകം ഹൗസിംഗ് ബോർഡ് കോളനി. ഇവിടെ ജീവിക്കുന്നവരോട് യാതൊരു മാനുഷിക പരിഗണനയും അധികൃതർ കാണിക്കാതായതോടെ ഇവരുടെ ജീവിതം ദുരിതമയമാണ്. പന്ത്രണ്ടര ഏക്കറിലധികം ഭൂമിയുള്ള കോളനിയിൽ 200 വീടുകളാണ് നാല് ദശാബ്ദം മുൻപ് നിർമ്മിച്ചത്. എന്നാൽ നിലവിൽ60ൽ താഴെ വീടുകളിൽ മാത്രമാണ് താമസക്കാരുള്ളത്. ഇവിടെ താമസിക്കുന്ന 250ൽപ്പരം ജനങ്ങളുടെ അവസ്ഥ ആരുടെയും കണ്ണുനിറയ്ക്കും. എല്ലാം വീടുകൾക്കുമുന്നിലൂടെയും റോഡ്, ടോയ്‌ലെറ്റ് സംവിധാനം എന്നിവയെല്ലാം തുടക്കത്തിൽ അധികൃതർ ഉറപ്പുപറഞ്ഞതാണ്. ഇതെല്ലാം വാഗ്ദാനം മാത്രമായി ഒതുങ്ങിയതോടെയാണ് ജീവിതം ദുരിതമയമായത്.
തകർന്ന ഓട്, ഷീറ്റ്, ടാർപാളിൻ എന്നിവയാണ് മിക്ക വീടുകളുടെയും മുഖമുദ്ര. ഫക്സ് ബോർഡുകളും ഓലമേഞ്ഞ വീടുകളും ഇവിടെയുണ്ട്. സംസ്ഥാനത്ത് എല്ലായിടത്തും ലൈഫ് പദ്ധതി പ്രകാരം വീടുകൾ ലഭ്യമാക്കി എന്ന് അവകാശപ്പെടുമ്പോഴും ഇവിടത്തെ ജീവിത ദുരിതങ്ങൾ അവസാനിക്കുന്നില്ല.
കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മാത്രമാണ് നേതാക്കൾ കോളനി സന്ദർശിക്കുന്നത്. നവീകരണം ഉടനെയുണ്ടാകുമെന്ന് പ്രഖ്യാപിച്ച മടങ്ങുന്ന ഇവരെ പിന്നീട് കണികാണാൻ പോലും സാധിക്കില്ല.
അവസ്ഥ ഇങ്ങനെ...
വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ് ഇവിടുത്തെ വീടുകളിൽ അധികവും. കാലപ്പഴക്കം കാരണം ചുവരുകൾ ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്. മഴവെള്ളം മുറികളിലേക്ക് ഇറങ്ങാതെ പ്ളാസ്റ്റിക് കവറുകളും കമുകിൻപാളയും ഫ്ലക്സ് ബോഡുകളുമാണ് ജനങ്ങൾ ഉപയോഗിക്കുന്നത്. വാതിലുകളും ജനലുകളും പഴയ തുണികളും പായയും കൊണ്ടാണ് അടച്ചിരിക്കുന്നത്. താമസക്കാർക്ക് വായ്പ എടുക്കാനോ വസ്തു കൈമാറ്റം ചെയ്യാനോ അവകാശമില്ല. വസ്തുവിനെ സംബന്ധിക്കുന്ന കൈവശരേഖകൾ ഒന്നും തന്നെ കോളനിവാസികൾക്കില്ലെന്നതാണ് ഏറെ വിചിത്രമായ കാര്യം.
കോളനി സ്ഥാപിച്ചത് 1977ൽ
1977ലാണ് സംസ്ഥാന ഭവന നിർമ്മാണ ബോർഡ് തേക്കിൻ തോട്ടമായിരുന്ന ആര്യനാട് കോട്ടയ്ക്കകത്ത് 200 ഓടിട്ട വീടുകൾ നിർമ്മിച്ചത്. ലക്ഷം വീട് പദ്ധതി പ്രകാരം ഏഴ് പഞ്ചായത്തുകളിലെ ഭവനരഹിതരും ഭൂരഹിതരുമായവർക്ക് താമസിക്കാനായിരുന്നു നിർമ്മാണം.നാല് സെന്റ് വസ്തുവിൽ രണ്ട് മുറികൾ, വരാന്ത, ടോയ്‌ലെറ്റ് എന്നിവയടങ്ങുന്നതാണ് ഓരോ വീടും. മാസത്തവണ വ്യവസ്ഥയിൽ കരാറുണ്ടാക്കി വീടും വസ്തുവും ആവശ്യക്കാർക്കായി നൽകി. വായ്പാ തിരിച്ചടവ് പൂർത്തിയാകുമ്പോൾ ഉടമസ്ഥർക്ക് അവകാശരേഖ നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് 200 പേർ ബോർഡുമായി കരാറുണ്ടാക്കി ഇവിടെ താമസമാക്കി. വീട് നൽകിയതല്ലാതെ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ തൊഴിലവസരങ്ങളോ ഇവർക്ക് അന്യമായിരുന്നു. ഇതോടെ വായ്പ തിരിച്ചടക്കാൻ കഴിയാതെ താമസക്കാരിൽ ഭൂരിഭാഗവും തൊഴിൽ തേടി മറ്റിടങ്ങളിലേക്ക് പോയി. വീട് കൈമാറ്റം ചെയ്യാൻ പാടില്ലെന്ന വ്യവസ്ഥയുണ്ടായിട്ടും പലരും കിട്ടിയ വിലയ്ക്ക് ഇവ കൊടുത്ത് കൈയൊഴിയുകയും ചെയ്തു.
താമസിക്കുന്നവർ കൊടുംദാരിദ്രയത്തിൽ
കോളനിയിൽ ആകെയുണ്ടായിരുന്ന പൊതുകിണർ ഉപയോഗശൂന്യമാണ്.ചുരുക്കം ചില വീട്ടുകാർക്ക് സ്വന്തമായി കിണർ ഉണ്ടെങ്കിലും ഭൂരിഭാഗം പേരും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് വാട്ടർ അതോറിട്ടിയുടെ പൈപ്പിനെയാണ്. കുടിവെള്ള വിതരണത്തിനായി നിർമ്മിച്ച കിണറും ജലസംഭരണിയും നശിച്ച നിലയിലാണ്. അവകാശ രേഖയില്ലാത്തതിനാൽ കൈവശഭൂമിയിൽ ആർക്കും തന്നെ കരം അടയ്ക്കാനും കഴിയുന്നില്ല. ഇതാണ് ഇവർക്ക് വായ്പ ലഭിക്കാത്തതിനും കാരണം. വീടിന്റെ നവീകരണം പോലും സാധിക്കാത്തതിന് കാരണവും ഇതാണ്. താമസക്കാരിൽ പലർക്കും ഇപ്പോഴും മുന്നാക്ക വിഭാഗത്തിലുള്ള റേഷൻകാർഡാണുള്ളതെന്നതും ഏറെ വിചിത്രമായ കാര്യമാണ്.