maternity-care

ആധുനിക കാലത്ത് ആയുർവേദ രീതിയിലുള്ള പ്രസവരക്ഷ അത്യാവശ്യമുള്ള കാര്യമൊന്നുമല്ലെന്നാണ് പലരും കരുതുന്നത്. എന്നാൽ പണ്ട് അങ്ങനെയായിരുന്നില്ല. പ്രസവമുണ്ടെങ്കിൽ പ്രസവരക്ഷയുമുണ്ടാകും,​ അതും ആയുർവേദവിധിപ്രകാരം.

പ്രസവങ്ങളെല്ലാം ആശുപത്രികളിലേക്ക് മാറിയപ്പോൾ അലോപ്പതി മേഖലയിലെ ചിലർ ആയുർവേദത്തിന്റെ പ്രാധാന്യം കുറയ്ക്കാനായി ചില ഇടപെടലുകൾ നടത്തിയിരുന്നു. പഴയ വയറ്റാട്ടികളുടെ പുതിയ കോലങ്ങൾ ആയുർവേദത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന കുഴപ്പങ്ങൾ കൂടിയായപ്പോൾ കുറേപേരെങ്കിലും അത് വിശ്വസിച്ചു. എന്നാൽ, ആയുർവേദ ചികിത്സ വേണ്ടെന്നുവച്ച പലരും ഇപ്പോൾ പ്രസവ രക്ഷയ്ക്കായി ആയുർവേദ ചികിത്സ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഗർഭധാരണം മുതൽ പ്രസവം വരെയുള്ള ചികിത്സകൾ ആയുർവേദത്തിൽ പ്രത്യേകം അനുശാസിക്കുന്നുണ്ട്. ഗർഭിണീചര്യ എന്നാണ് ഇതിനെ പറയുന്നത്. പ്രസവശേഷം അമ്മയ്ക്കുണ്ടാകുന്ന ക്ഷീണവും തകരാറുകളും പരിഹരിക്കുന്നതിനും ദഹനശേഷിയും ആരോഗ്യവും വീണ്ടെടുക്കുന്നതിനും നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് ആയുർവേദ വിധിപ്രകാരമുള്ള പ്രസവരക്ഷ.

പലസ്ഥലത്തും പലതരത്തിലുള്ള ചികിത്സകളും മരുന്നുകളുമാണ് പ്രചാരത്തിലുള്ളത്. കേരളത്തിൽ തന്നെ തെക്കും വടക്കും ചെയ്യുന്ന ചികിത്സകൾക്ക് വ്യത്യാസമുണ്ട്. അതിൽത്തന്നെ മെലിഞ്ഞവർക്കും വണ്ണക്കൂടുതലുള്ളവർക്കും സിസേറിയൻ ചെയ്തവർക്കും അല്ലാത്തവർക്കും പ്രസവത്തെ തുടർന്ന് പ്രസവം നിർത്തുന്ന പി.പി.എസ് ചെയ്തവർക്കുമുള്ള ചികിത്സകൾ കുറേയൊക്കെ വ്യത്യാസപ്പെട്ടിരിക്കും.

വയറ്റാട്ടി അല്ലെങ്കിൽ പതിച്ചി എന്ന പേരിൽ പ്രസവമെടുക്കലും പ്രസവാനന്തരമുള്ള പരിചരണം ചെയ്തിരുന്നവരും ഉണ്ടായിരുന്നു. വളരെ വൈദഗ്ദ്ധ്യമുള്ള പലരും അക്കൂട്ടത്തിലുണ്ടായിരുന്നു. പ്രസവരക്ഷയ്ക്കുള്ള മരുന്നുകളും അവരിൽ പലരും നിർമ്മിച്ചു നൽകിയിരുന്നു. എന്നാൽ കാര്യമായ അറിവോ, ഔഷധ നിർമ്മാണ പരിചയമോ ഇല്ലാത്തവരും ഇന്ന് ഉപജീവനമാർഗ്ഗമെന്ന നിലയിൽ ഈ മേഖലയിൽ കടന്നുകൂടിയിട്ടുണ്ട്.

കേരളത്തിന് തെക്കുള്ളവർ വടക്കോട്ടും അവിടെയുള്ളവർ തെക്കോട്ടും ചിലരൊക്കെ വിദേശത്തും പോയി അവരവരുടേതായ രീതിയിൽ എന്തൊക്കെയോ ചെയ്യുന്നുണ്ട്. ഏജൻസികൾ വഴി ആളെ നൽകുന്നവർക്കും ഇത്തരം കാര്യങ്ങളിൽ യാതൊരുഗ്രാഹ്യവുമില്ല.

കേട്ടാൽ തന്നെ ഭയം തോന്നുന്ന രീതിയിലുള്ള ആവിപിടിക്കൽ, വായിൽ വയ്ക്കാൻ പറ്റാത്ത രീതിയിലുള്ള ലേഹ്യം, പേറ്റ് മരുന്ന് എന്ന പേരിൽ അരച്ചുരുട്ടിക്കൊടുക്കുന്ന തൊണ്ട തൊടാതെ വിഴുങ്ങേണ്ടുന്ന ചില സാധനങ്ങൾ, വയറ് കൂടുമെന്ന് പറഞ്ഞ് വെള്ളം പോലും കുടിക്കാൻ കൊടുക്കാതെ മൂത്രത്തിൽ അണുബാധയുണ്ടാക്കൽ എന്നിങ്ങനെ പ്രശ്നങ്ങളുണ്ടാക്കുന്നവർ ഒട്ടും തന്നെ കുറവല്ല. ആയുർവേദവുമായി യാതൊരു ബന്ധവുമില്ലാത്തവരാണെങ്കിലും ഇവരൊക്കെയും ആയുർവേദത്തിന് പേരുദോഷമുണ്ടാക്കുന്നു എന്നാണ് സത്യം. ആയുർവേദ പ്രസവരക്ഷ ചെയ്തവരിൽ ഇത്തരം ദുരനുഭവങ്ങൾ കാരണം 'ആയുർവേദമെന്ന് കേൾക്കുമ്പോൾ തന്നെ ഓടിപ്പോകാൻ തോന്നും' എന്ന് പറയുന്നവർ ധാരാമാണ്.

അമ്മയേയും കുഞ്ഞിനേയും പരിചരിക്കാൻ ബന്ധുവായ ഒരാളുണ്ടെങ്കിൽ ആയുർവേദ ചികിത്സ പ്രയാസമുള്ള കാര്യമല്ല. കാരണം ഇത്തരം മരുന്നുകളൊക്കെയും അംഗീകൃത വൈദ്യശാലകളിൽ നിന്നോ, സൗജന്യമായി എല്ലാ പഞ്ചായത്തിലുമുള്ള സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ നിന്നോ വാങ്ങി ഉപയോഗിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ അവിടെയുള്ള ഡോക്ടറിൽ നിന്ന് ലഭിക്കുന്നതിനും ഇപ്പോൾ സംവിധാനമുണ്ട്.

വളരെ വിരളമായി മാത്രമേ മരുന്നുകളുടെ പേരുകൾ ലേഖനങ്ങളിൽ ഞാൻ പറയാറുള്ളൂ. എന്നാൽ പ്രസവ രക്ഷയ്ക്കായി എന്തെങ്കിലുമൊക്കെ മരുന്നുകൾ വാങ്ങി ഉപയോഗിക്കുന്നവരെ കാണാറുണ്ട്. അതുകൊണ്ട്, പ്രയോജനം ലഭിക്കുന്ന മരുന്നുകൾ മാത്രമേ ഉപയോഗിച്ചിട്ട് കാര്യമുള്ളൂ എന്നതിനാലാണ് ചില മരുന്നുകളുടെ പേരുകൾ ഇവിടെ കുറിക്കുന്നത്. എന്നാൽ പ്രസവിച്ചയാൾക്ക് ഏറ്റവും ഫലപ്രദമായൊരു മരുന്ന് നിർദ്ദേശിക്കാൻ ഒരു ഡോക്ടർ മറ്റു കാര്യങ്ങൾ കൂടി അന്വേഷിച്ച് വിലയിരുത്തേണ്ടതുണ്ട് എന്ന് മനസ്സിലാക്കണം.

പേറ്റ് മരുന്നെന്ന പേരിൽ ചില ഔഷധങ്ങൾ ചേർത്ത് മൂന്ന് നേരമോ,മൂന്ന് ദിവസമോയായി കൊടുക്കുന്നവരുണ്ട്. അതുകഴിഞ്ഞ് അരിഷ്ടം നൽകുക എന്നതാണ് ചെയ്തു വരുന്നത്. ഗർഭാശയ ശുദ്ധി, മുറിവുണക്കൽ,വേദന കുറയ്ക്കുക എന്നിവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ആശുപത്രിയിൽ പ്രസവിക്കുന്നവർക്ക് ഇപ്പോൾ ഇതുകൂടി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകില്ല. മാത്രമല്ല അവർ അവിടെ നിന്ന് നൽകുന്ന ആൻറിബയോട്ടിക് മരുന്നുകളുടെ ഉപയോഗത്തിൽ ആയിരിക്കുകയും ചെയ്യും. അവ തീരുന്ന മുറയ്ക്ക് രക്തക്കുറവ് പരിഹരിക്കുന്നതിനും പോഷണം ഉണ്ടാക്കുന്നതിനുമുള്ള സിറപ്പുകൾ നൽകുന്നവരുണ്ട്. ഈ മരുന്നുകൾ തീരുന്നത് വരെ മറ്റു യാതൊന്നും ഉപയോഗിക്കരുതെന്ന് പറയുന്ന ചിലരുണ്ടെങ്കിലും അതിൽ പ്രത്യേകിച്ച് കഴമ്പൊന്നുമില്ല.മറ്റുള്ള മരുന്നുകളുമായി ഒരു മണിക്കൂർ വ്യത്യാസത്തിൽ ആയുർവേദ മരുന്നുകൾ ഉപയോഗിക്കാവുന്നതാണ്.

കുറിഞ്ഞിക്കുഴമ്പ്,​ പുളിങ്കുഴമ്പ്,ചുവന്നുള്ളി ലേഹ്യം....

പ്രസവം മുതൽ 12 ദിവസം വരെ മത്സ്യമാംസാദികൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആയുർവേദം നിർദ്ദേശിക്കുന്നു. വേത് ഇടുന്നതിന് വേണ്ടി നാല്പാമരപ്പട്ടയാണ് സാധാരണ ഉപയോഗപ്പെടുത്തുന്നത്. പേരാൽ, അരയാൽ, അത്തി, ഇത്തി എന്നിവയാണ് നാല്പാമരം. എന്നാൽ ഇങ്ങനെ നാല് വകകൾ തന്നെയാണോ അങ്ങാടി കടകളിൽ നിന്ന് ലഭിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

ആൻറിബയോട്ടിക് മരുന്നുകളും അത് കാരണമുള്ള ഗ്യാസ്ട്രിക് പ്രശ്നങ്ങളും കൂടി അവസാനിച്ചാൽ പഞ്ചകോലാസവം എന്ന അരിഷ്ടം ഉപയോഗിക്കുന്നതാണ് നല്ലത്. 450 മില്ലിയുടെ ഒരു കുപ്പി മതിയാകും.15 മുതൽ 20 മില്ലിവരെ രണ്ടു നേരം ആഹാരശേഷമാണ് ഉപയോഗിക്കേണ്ടത്. കേരളത്തിൽ വളരെ സുപരിചിതമായ ദശമൂലാരിഷ്ടവും ജീരകാരിഷ്ടവും അതിനെ തുടർന്ന് ഇതേ അളവിൽ തന്നെ ഉപയോഗിക്കാം. ഇവ രണ്ടും കൂടി ഒരുമിച്ച് ദശമൂലജീരകാരിഷ്ടം എന്നപേരിലും വാങ്ങാൻ കിട്ടും. രണ്ടായിട്ടാണ് കിട്ടുന്നതെങ്കിൽ രണ്ടും കൂടി ചേർത്ത് 15 മുതൽ 20 മില്ലിവരെ മാത്രമേ ഉപയോഗിക്കാവൂ. മൂന്നുമാസംവരെ തുടർച്ചയായി ഉപയോഗിക്കുന്നവർ ധാരാളമുണ്ട്.

കേരളത്തിൽ തെക്കേയറ്റത്ത് കുറിഞ്ഞിക്കുഴമ്പും വടക്ക് അശ്വഗന്ധാദിലേഹ്യവും ചിലയിടങ്ങളിൽ പഞ്ചജീരകഗുഡം, പുളിങ്കുഴമ്പ്,ചുവന്നുള്ളി ലേഹ്യം എന്നിവയും ഉപയോഗിക്കാറുണ്ട്. പ്രസവിച്ചയാളിന്റെ നിലവിലുള്ള അസുഖങ്ങൾ, പ്രസവം കാരണമുണ്ടായ ബുദ്ധിമുട്ടുകൾ, ആരോഗ്യം എന്നിവ കൂടി പരിഗണിച്ചാണ് ഏത് ലേഹ്യം ഉപയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത്. 10 ഗ്രാം മുതൽ 15 ഗ്രാം വരെ രണ്ടു നേരം ഉപയോഗിച്ചാൽ മതിയാകും. ചൂടാക്കിയ വെള്ളം ലേഹ്യം കഴിച്ചതിന് പുറമേ കുടിക്കാം.

ഗ്യാസിന്റെ പ്രയാസമുള്ളവർക്ക് മഹാധാന്വന്തരം ഗുളികയോ, ധാന്വന്തരം ഗുളികയോ അലിയിച്ച് കഴിക്കുകയോ,വിഴുങ്ങി വെള്ളം കുടിക്കുകയോ ചെയ്യാം. പുറമേ പുരട്ടാനും തേച്ച് കുളിക്കുന്നതിനും സാധാരണയായി ധാന്വന്തരം കുഴമ്പാണ് ഉപയോഗിക്കുന്നത്. പ്രസവ രക്ഷക്കായി ആയുർവേദ ചികിത്സ ചെയ്യുന്നവർക്ക് ആരോഗ്യത്തോടെ ദീർഘനാൾ ജീവിക്കാൻ സാധിക്കും.